വയല്ക്കിളികള്ക്കെതിരേയുളള കേസ് ജൂലൈയിലേക്ക് മാറ്റി
തളിപ്പറമ്പ്: കീഴാറ്റൂര്‍ ബൈപ്പാസിന് വേണ്ടി സ്ഥലം അളക്കാനെത്തിയ ദേശീയപാത അധികൃതരെ ആത്മഹത്യാ ഭീഷണി മുഴക്കി തടഞ്ഞ സംഭവത്തില്‍ വയല്ക്കിളികള്ക്കെതിരേയുളള കേസ് പരിഗണിക്കുന്നത് ജൂലൈ അഞ്ചിലേക്ക് മാറ്റി. കഴിഞ്ഞ മാര്‍ച്ച് 14ന് ഹൈവേ അതോറിറ്റി സര്വേക്കെത്തിയപ്പോഴാണ് വയല്‍ക്കിളികള്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ഭീഷണിമുഴക്കി അളവെടുപ്പിനെത്തിയ ഉദ്യോഗസ്ഥരെ തടസപ്പെടുത്തിയത്. സംഭവത്തില്‍ കീഴാറ്റൂര്‍ സമര നായകന് സുരേഷ് കീഴാറ്റൂര്‍ ഉള്‍പ്പെടെ 48 വയല്‍ക്കിളി പ്രവര്ത്തകര്ക്കതിരെയും ഐക്യദാര്‍ഢ്യ സമിതി കണ്‍വീനര്‍ നോബിള്‍ പൈകടക്കെതിരെയും കേസെടുത്തിരുന്നു.
ഉദ്യോഗസ്ഥരെ തടസപ്പെടുത്തിയതിനാണ് കേസ് എന്നാണ് പറയുന്നത്. എന്നാല്‍ കര്‍ഷകരുടെ കൃഷി ചെയ്യാനുള്ള അവകാശത്തിനെതിരാണ് പൊലിസ് കേസെടുത്തിരിക്കുന്നതെന്ന് വയല്‍ക്കിളി നേതാക്കള്‍ ആരോപിച്ചു. 23 വയോധികരായ സ്ത്രീകളെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്.
കര്‍ഷകരുടെ ഭൂമി കൃഷിഭൂമി നിര്‍ബന്ധമായി പിടിച്ചടക്കുന്നതിന് കേരളം ഭരിക്കുന്ന സിപിഎം പോലൊരു പാര്‍ട്ടിയുടെ ഒത്താശ ചെയ്തു കൊടുക്കുകയാണെന്നും ഐക്യദാര്‍ഢ്യ സമിതി കണ്‍വീനര്‍ നോബിള്‍ പൈകട പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."