പ്രതികാര നടപടി തുടരുന്നു ഗാന്ധി കുടുംബത്തിനു കീഴിലുള്ള മൂന്ന് ട്രസ്റ്റുകളെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രം
ന്യൂഡല്‍ഹി: ഗാന്ധി കുടുംബത്തെ വേട്ടയാടുന്ന കേന്ദ്ര നയത്തിന്റെ തുടര്‍ച്ചയായി ഗാന്ധി കുടുംബത്തിന്റെ കീഴിലുള്ള മൂന്ന് ട്രസ്റ്റുകളെക്കുറിച്ച് അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ മന്ത്രാലയതല സമിതിയെ നിയോഗിച്ചു. രാജീവ് ഗാന്ധി ഫൗണ്ടേഷന്, രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ്, ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ട്രസ്റ്റ് എന്നിവയ്ക്കെതിരേ അന്വേഷണം നടത്താനാണ് സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് ഈ മൂന്ന് ട്രസ്റ്റുകളെയും നയിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, മന്മോഹന് സിങ്, പി. ചിദംബരം തുടങ്ങിയവര്‍ ഈ ട്രസ്റ്റുകളിലെ അംഗങ്ങളാണ്. ചൈനീസ് എംബസിയില്‍നിന്ന് രാജീവ് ഗാന്ധി ഫൗണ്ടേഷന് പണം പറ്റിയെന്ന് ബി.ജെ.പി ആരോപിച്ചതിനു തൊട്ടുപിന്നാലെയാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുന്നത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ സ്പെഷല്‍ ഡയറക്ടറാണ് സമിതി അധ്യക്ഷന്‍. ആദായ നികുതി വകുപ്പ്, കേന്ദ്ര ധനകാര്യമന്ത്രാലയം, കേന്ദ്ര നഗരവികസന മന്ത്രാലയം, കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്നിവയുടെ പ്രതിനിധികള്‍ സമിതിയിലുണ്ടാകും.
ഈ ട്രസ്റ്റുകളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് സമിതി അന്വേഷിക്കുക. യഥാര്‍ഥ നിയന്ത്രണ രേഖയിലെ ചൈനീസ് കടന്നു കയറ്റവുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി തുടര്‍ച്ചയായി സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയതിനു പിന്നാലെ ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ രാഹുലിന് നല്കിയ മറുപടിയിലാണ് രാജീവ് ഗാന്ധി ട്രസ്റ്റിനെതിരേ ആരോപണം ഉന്നയിച്ചത്.
രാജീവ് ഗാന്ധി ഫൗണ്ടേഷന് അന്വേഷണത്തെ പേടിക്കേണ്ട കാര്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്വി മറുപടി നല്കി. വിവേകാനന്ദ ഫൗണ്ടേഷന്, ആര്.എസ്.എസ്, ബി.ജെ.പി തുടങ്ങിയവയ്ക്ക് ലഭിക്കുന്ന വിദേശഫണ്ടിനെക്കുറിച്ചും ചോദിക്കേണ്ടതാണെന്നും സിങ്വി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."