ആവാസ വ്യവസ്ഥിതിയെ താളം തെറ്റിച്ച് കാവുകള്‍ വിസ്മൃതിയിലേയ്ക്ക്
നെയ്യാറ്റിന്‍കര: ഒരുകാലത്ത് കേരളത്തിലെ മുക്കിലും മൂലകളിലും കണ്ട് വന്നിരുന്ന കാവുകള്‍ സംസ്‌കാരത്തിന്റെ ചുവട് പിടിച്ച് പടിയിറങ്ങുന്നു. പ്രകൃതിയുടെ ആവാസ വ്യവസ്ഥിതിയ്ക്ക് താളം തെറ്റാതെ സംരക്ഷിച്ചു വന്നിരുന്ന ഇത്തരം കാവുകള്‍ നാശത്തിന്റെ പടവുകളേറാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെയായി. പക്ഷികള്‍ക്കും പ്രാണികള്‍ക്കും തണലും സംരക്ഷണവും നല്‍കുന്നതിന് പുറമേ കാവുകള്‍ പ്രകൃതിയ്ക്ക് നല്‍കുന്ന സംഭാവനകള്‍ ഏറെയാണ്. ആഗോളതാപനം അകറ്റാന്‍ മനുഷ്യന്‍ നെട്ടോട്ടം ഓടുമ്പോള്‍ കാവുകള്‍ നല്‍കുന്ന സംഭാവന നാം വിസ്മരിക്കുന്നതാണ് പ്രധാനമായും കാവുകള്‍ പടിയിറങ്ങാന്‍ കാരണമാകുന്നത്.
പ്രകൃതി സ്‌നേഹികളും സസ്യജാലങ്ങളെ കാത്ത് സൂക്ഷിക്കുന്ന ചിലരെങ്കിലും പ്രകൃതിയുടെ ആവാസ വ്യവസ്ഥയുടെ താളം തെറ്റാതെ സംരക്ഷിക്കുന്നതായി നമുക്ക് ഇന്നും കാണാന്‍ സാധിക്കും. അന്തരീക്ഷ ഊഷ്മാവ് കുറയ്ക്കുന്ന കാര്യത്തില്‍ കാവുകള്‍ വഹിക്കുന്ന പങ്ക് ഏറെ വലുതാണ്. കേരളത്തില്‍ വംശനാശം സംഭവിക്കുന്നതും വെട്ടി നശിപ്പിക്കപ്പെടുകയും ചെയ്യുന്ന മരങ്ങളില്‍ ഏറെയും ഇപ്പോഴും കാണപ്പെടുന്നത് കാവുകളില്‍ തന്നെയാണ്. വിവിധ ഇനം ഔഷധ സസ്യങ്ങളുടെയും വള്ളിപ്പടര്‍പ്പുകളുടെയും അപൂര്‍വങ്ങളായ ദേശാടനപക്ഷികളുടെയും ആവാസ കേന്ദ്രങ്ങളും ഇത്തരം കാവുകള്‍ തന്നെയാണ്. ജില്ലയിലെ നേമത്തിന് സമീപം കരുമം-തിരുവല്ലം റോഡിന് വശത്തായി നില കൊള്ളുന്ന പടുകൂറ്റന്‍ കാവില്‍ രാജ്യത്തിന്റെ തന്നെ വിവിധ ഭാഗങ്ങളില്‍ നിന്നും വെള്ളായണി കായലില്‍ എത്തിച്ചേരുന്ന നൂറ് കണക്കിന് അപൂര്‍വങ്ങളായ ദേശാടന പക്ഷികള്‍ ചേക്കേറുന്ന കാഴ്ച കാണികളില്‍ കൗതുകമുയര്‍ത്തുകയാണ്. കാവുകാക്കല്‍ എന്നാല്‍ പ്രകൃതിയെ ആരാധിക്കലായിട്ടാണ് മുന്‍തലമുറക്കാര്‍ കണ്ട് വന്നിരുന്നത്.
സമീപത്തുള്ള നീരുറവകളെ സംരക്ഷിക്കുന്നതിനും അവയുടെ നിലനില്‍പ്പിനും കാവുകള്‍ ഗണ്യമായ പങ്ക് വഹിക്കുന്നു. മുന്‍ കാലങ്ങളില്‍ പഴമകാര്‍ കാവുകളെയും കുളങ്ങളെയും സംരക്ഷിക്കുന്ന കാര്യത്തില്‍ ഏറെ ശ്രദ്ധ ചെലുത്തിയിരുന്നു. എന്നാല്‍ ഇന്ന് നാം പുരോഗതിയുടെ പാതയിലേയ്ക്കുള്ള പ്രയാണത്തില്‍ കാവുകളെ ഏറെയും വെട്ടി നശിപ്പിച്ച് ബഹുനില കെട്ടിട സമുച്ചയങ്ങള്‍ പണിതുയര്‍ത്തുകയാണ്. കാവുകളുടെ കൂട്ടത്തില്‍ കണ്ടല്‍ കാടുകള്‍ മനുഷ്യ സമൂഹത്തിന് നല്‍കുന്ന ഗുണങ്ങളും ഏറെയാണ്. വെള്ളപ്പൊക്കം തടയുക, അന്തരീക്ഷത്തിലെ ഓക്‌സിജന്റെ അളവ് വര്‍ധിപ്പിക്കുക, സുനാമി പോലുള്ള പ്രകൃതി ദുരന്തങ്ങളെ ചെറുക്കുക തുടങ്ങിയവ ഇക്കൂട്ടത്തില്‍ പെടുന്നു.
കാവുകളുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ തലത്തില്‍ വനംവകുപ്പ് രംഗത്തെത്തിയത് പ്രകൃതി സ്‌നേഹികള്‍ക്കും സസ്യ സ്‌നേഹികള്‍ക്കും ഏറെ ആശ്വാസമാണ് നല്‍കുന്നത്. കാവുകളുടെ സംരക്ഷണത്തിന് പുറമേ കണ്ടല്‍കാടുകളുടെ സംരക്ഷണവും ഉള്‍പ്പെടും എന്നാണ് സൂചന. സര്‍ക്കാരിന്റെ പുതിയ കണക്കനുസരിച്ച് രണ്ടായിരത്തോളം കാവുകളാണ് വനംവകുപ്പിന്റെ സംരക്ഷണ ചുമതലയിലുളളത്.
പുതിയ പദ്ധതിയുടെ ആദ്യ പകുതിയില്‍ കാവുകളുടെ സംക്ഷണ ചുമതലയാണ് വനംവകുപ്പ് ഏറ്റെടുത്തിരിക്കുന്നത്. നിലവില്‍ കാവുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനോ മരങ്ങള്‍ നശിപ്പിക്കുവാനോ വനംവകുപ്പ് അനുവദിക്കുകയില്ല. കൂടുതല്‍ ഔഷധ സസ്യങ്ങള്‍ നട്ട് വളര്‍ത്തുന്നതിനൊപ്പം കാവ് നിലനില്‍ക്കുന്ന സ്ഥലത്തെ വിസ്തൃതി, കാവിലെ മരങ്ങള്‍, ജീവജാലങ്ങള്‍ എന്നിവയുടെ കണക്കുകളും വ്യക്തമായി രേഖപ്പെടുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."