വളര്‍ത്തു ദോഷങ്ങളുടെ അനുഭവ കഥകള്‍
അതെ. അക്ഷരാര്‍ത്ഥത്തില്‍ പട്ടി വളര്‍ത്തിയ കുട്ടിയായിരുന്നു കിഴക്കന്‍ യൂറോപ്പിലെ ഉക്രെയ്ന്‍ എന്ന രാജ്യത്തിലെ ഓക്‌സാന മലായ. നീണ്ട അഞ്ച് സംവല്‍സരങ്ങളാണ് അവള്‍ പട്ടികളുടെ കൂട്ടത്തില്‍ കഴിഞ്ഞു കൂടിയത്. പുല്‍മേടുകള്‍ക്കിടയിലൂടെ 'നാല്‍ക്കാലി'യായി അവള്‍ അനായാസം ഓടി നടന്നു. നാവ് പുറത്തേക്ക് നീട്ടി കിതച്ചു. മുന്‍കൈകള്‍ നിലത്ത് നിന്ന് അല്‍പ്പമുയര്‍ത്തി പൈപ്പില്‍ നിന്ന് വായ കൊണ്ട് വെള്ളം കുടിച്ചു; പട്ടിയെപ്പോലെ തന്നെ! അപ്പോള്‍ തലയുടെ മുകളിലേക്ക് കുറെയേറെ വെള്ളം ചിതറിയൊഴുകി.
കാട്ടില്‍ നിന്ന് തിരിച്ച് നാട്ടിലെത്തി ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം, തന്റെ പൂര്‍വ്വജന്മത്തിലെ അപൂര്‍വ്വ ജീവിതം മറ്റുള്ളവര്‍ക്ക് കാണിച്ചു കൊടുക്കുകയായിരുന്നു ആ പെണ്‍കുട്ടി.
എല്ലാം എത്ര കൃത്യം! ശരിക്കും വന്യം!! എങ്കിലും കണ്ട് നിന്ന ചിലര്‍ക്കെങ്കിലും ആലോചിക്കാം, ഇപ്പോള്‍ അവള്‍ പഴയ കാര്യങ്ങള്‍ അഭിനയിച്ചു കാണിക്കുകയല്ലേ എന്ന്.
പക്ഷെ അടുത്ത ഭാഗം കൂടി കാണുമ്പോള്‍ കാണികള്‍ ശരിക്കും ഞെട്ടിത്തെറിച്ചു. ശിരസ്സിലെയും ദേഹത്തെയും വെള്ളം അവള്‍ കുടഞ്ഞ് കളയുകയാണ്. വെള്ളത്തില്‍ നിന്ന് കയറി വന്ന പട്ടികള്‍ ദേഹമൊക്കെ കുടഞ്ഞ് വെള്ളത്തുള്ളികള്‍ തെറിപ്പിച്ച് കളയുന്ന അതേ രീതിയില്‍ത്തന്നെ! ടീ ഷര്‍ട്ടും ഷോര്‍ട്‌സും ധരിച്ച, ചുറുചുറുക്കുള്ള ഒരു യുവതിയില്‍ നിന്നാണ് പട്ടിയുടെ ആ ക്രൗര്യമാര്‍ന്ന ശബ്ദവും, വന്യവും ഭീതിജനകവുമായ പ്രവൃത്തികളും ഉണ്ടാവുന്നതെന്ന വസ്തുത വിശ്വസിക്കാന്‍ പ്രയാസപ്പെട്ട് കാണികള്‍ സ്തംഭിച്ചു. ശരിക്കും 'മൃഗീയം'!!മിമിക്രിക്കാര്‍ പട്ടിയുടെ ശബ്ദം അനുകരിച്ച് കേള്‍പ്പിക്കുമ്പോഴുള്ള വികാരം കേവലമായ കൗതുകം മാത്രം. പക്ഷെ ഓക്‌സാനയുടെ ശബ്ദം കേള്‍ക്കുമ്പോള്‍ അത്തരം ചിന്തയല്ല മനസ്സില്‍ രൂപപ്പെടുന്നത്.. ശരിക്കും പട്ടിയുടെ ശബ്ദം! ഭീതിയുടെ ഇടിമിന്നല്‍ കാണികളുടെ മനസ്സിലൂടെ പാഞ്ഞു പോയി.
ഉക്രയനിലെ നൊവായ ബ്ലഗോവെഷങ്ക എന്ന ഗ്രാമത്തിലെ ഒരു ഫാമില്‍ പട്ടിക്കൂട്ടങ്ങള്‍ക്കൊപ്പം ജീവിച്ച അഞ്ചു വര്‍ഷങ്ങളുടെ സ്വാധീനം അത്രയേറെയുണ്ടായിരുന്നു അവളില്‍. ഒരു സാധാരണ പെണ്‍കുട്ടിയോട് തോന്നുന്ന മൃദുല സ്‌നേഹ വികാരങ്ങളെല്ലാം അപ്പോള്‍ കാണികളില്‍ തണുത്തുറഞ്ഞ് അസ്തമിച്ച് പോയി.
കള്ള് കുടിച്ച് സ്ഥിരം പൂസാവുന്ന മാതാപിതാക്കളുടെ തികഞ്ഞ അശ്രദ്ധ കൊണ്ടാണ് മൂന്നാം വയസ്സില്‍ ഓക്‌സാന ഒരു നാള്‍ വീടിന് പുറത്ത് ഒറ്റപ്പെട്ട്‌പോവാനും, തുടര്‍ന്ന് പട്ടികളുടെ കൂട്ടത്തില്‍ വളരാനും ഇടയായതെന്നതാണ് ഏറ്റവും സങ്കടകരമായ വസ്തുത. പച്ച മാംസവും ഭക്ഷ്യാവശിഷ്ടങ്ങളുമൊക്കെക്കഴിച്ച് അവള്‍ ക്രമേണ അവരിലൊരാളായി മാറി. 1991 ല്‍ എട്ടാം വയസ്സില്‍ അയല്‍വാസിയായ ഒരു വ്യക്തിയാണ് പട്ടികള്‍ക്കൊപ്പം ഏതോ ഒരു മനുഷ്യപെണ്‍കുട്ടിയും കഴിയുന്നതായി കണ്ടെത്തുന്നത്. അപ്പോഴേക്കും അവള്‍ക്ക് മനുഷ്യരീതിയിലുള്ള സംസാര ശേഷി നഷ്ടപ്പെട്ടിരുന്നു. പകരം വെറുതെ ഒച്ചയുണ്ടാക്കാനാവും; പട്ടികളുടെ അതേ ശബ്ദങ്ങള്‍!!
പട്ടിയെപ്പോലെ മുരളുകയും കുരയക്കുകയും, പട്ടിയെപ്പോലെ ഭക്ഷണം കഴിക്കുകയും ചെയ്യുന്ന 'കൊച്ചുമനുഷ്യമൃഗ'ത്തിന്റെ കഥ നാടെങ്ങും പ്രചരിച്ചു.മനുഷ്യ ജീവികളുമായി ആ മൃഗകന്യക വീണ്ടും സമരസപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അഞ്ചു വര്‍ഷം കഴിഞ്ഞ് ഡിസ്‌കവറി ചാനല്‍ എത്തിയതോടെ പുറം ലോകത്തിന്റെ ശ്രദ്ധയിലും അവളെത്തി.
ലോകത്ത് ഇതേവരെ ഇത്തരത്തില്‍ നൂറോളം 'മൃഗമനുഷ്യര്‍' ഉണ്ടായതായാണ് റിപ്പോര്‍ട്ട്. വിവരവിനിമയ സമ്പ്രദായം വളര്‍ന്നിട്ടില്ലാത്ത പഴയ കാലങ്ങളില്‍ ജീവിച്ച പലരും ചരിത്രരേഖകളിലൊന്നും സ്ഥലം പിടിച്ച് കാണില്ല. കുറെയേറെപ്പേര്‍ പുറം ലോകത്ത് തിരിച്ചെത്തിച്ചേരാന്‍ സാദ്ധ്യമാവാതെ കാട്ടില്‍ത്തന്നെ ഒടുങ്ങിപ്പോയിരിക്കണം. വളര്‍ത്ത് ദോഷത്തിന്റെ ദയനീയ ദുരന്തങ്ങള്‍! ഇത്തരം 'മനുഷ്യ വന്യജീവി'കളെ ഫെറല്‍ ചൈല്‍ഡ് (Feral child) എന്ന് ഇംഗ്ലീഷില്‍ പറയും.
ബെല്‍ജിയന്‍ കാടുകളില്‍ വന്യജീവിതം നയിച്ച ജോണ്‍ (ജോണ്‍ ഓഫ് ലീജ്) ഇക്കൂട്ടത്തില്‍ രേഖപ്പെടുത്തപ്പെട്ട ഏറ്റവും പഴയ വ്യക്തികളിലൊരാളാണ്. 1644 ലേതാണ് ഈ റിപ്പോര്‍ട്ട്. ഒരു മത കലാപത്തില്‍ നിന്ന് രക്ഷ നേടാന്‍ കാടുകയറിയതായിരുന്നു ജോണിന്റെ കുടുംബം. സംഘര്‍ഷം അവസാനിച്ച് കുടുംബവും അയല്‍ക്കാരുമൊക്കെ തിരിച്ച് നാട് പിടിച്ചപ്പോള്‍, ഒളിത്താവളത്തില്‍ നിന്ന് ജോണ്‍ മാത്രം പേടിച്ച് പുറത്തിറങ്ങിയില്ല. അന്നവന് വെറും അഞ്ചു വയസ്സാണ് പ്രായം.
കായ്കനികള്‍ ഭക്ഷിച്ച് ജോണ്‍ കാട് വീടാക്കി. നീണ്ട 16 വര്‍ഷങ്ങളാണ് അങ്ങിനെ കടന്ന് പോയത്! ഒരിക്കല്‍ കാട്ടിനരികിലുള്ള ഒരു ഫാമില്‍ നിന്ന് ഭക്ഷണം എടുക്കാന്‍ ശ്രമിക്കുമ്പോഴാണ് ആ 'മോഷ്ടാവിനെ' പുറംലോകക്കാര്‍ കണ്ടെത്തുന്നതും പിടിച്ച് നാട്ടിനകത്താക്കുന്നതും അതിശയ ചരിത്രത്തിന്റെ ചുരുള്‍ ക്രമേണ അഴിയുന്നതും.ഭാഷയൊന്നുമില്ലാത്ത, നഗ്നനായ ഒരു മനുഷ്യസമാന ജീവിയായിരുന്നു ജോണ്‍ അപ്പോള്‍.
ഭക്ഷണത്തിന്റെ ഗന്ധം ഏത്ര ദൂരെ നിന്നും മണത്തറിയാന്‍ പട്ടികളുടേത് പോലെ കഴിവുണ്ടായിരുന്നു അന്നവന്ന്. നാട്ടിലെത്തി ക്രമേണ അവന്‍ ഭാഷ സ്വായത്തമാക്കി. ശരിക്കും മനുഷ്യനായി സംസാരിച്ചു തുടങ്ങി. എന്നാല്‍ വന്യതയില്‍ നിന്ന് ലഭിച്ച അസാമാന്യ ഘ്രാണ ശക്തിയും ഗ്രാഹ്യശക്തിയും സവിശേഷ കായിക ശേഷികളും ക്രമേണ അവന് നഷ്ടമാവുകയും ചെയ്തു!!
വളരുന്ന പരിതസ്ഥിതിയും വ്യക്തിത്വ വികസനവും തമ്മിലുള്ള ബന്ധം വളരെ വലുതാണ്. പാരമ്പര്യത്തിന്റെ കണ്ണികള്‍ക്കപ്പുറത്തേക്ക് പോവുന്നവ. പാരമ്പര്യം പോലെയോ അതിലുപരിയോ ആയ സ്വാധീനം പരിതസ്ഥിതിക്കുമുണ്ടെന്ന് മനശ്ശാസ്ത്രം പറയുന്നു.
കുട്ടികളെ പറഞ്ഞ് കൊടുത്ത് പഠിപ്പിക്കുന്നതാണ്, നേര്‍വഴിക്ക് നടത്തുന്നതാണ് മുഖ്യം എന്നാണ് പൊതുവെ നമ്മുടെ വിചാരം. അത് ആവശ്യവുമാണ്. എന്നാല്‍ പറയുന്നതൊന്നും അവന്‍ അനുസരിക്കുന്നില്ല എന്ന് നമുക്ക് പലപ്പോഴും വിലപിക്കേണ്ടി വരികയും ചെയ്യുന്നു.
എന്നാല്‍ വനത്തില്‍ മൃഗങ്ങള്‍ അവനെ എന്തെങ്കിലും പറഞ്ഞായിരിക്കുമോ പഠിപ്പിച്ചിരിക്കുക? അതോ മൃഗജീവിതങ്ങളെ അവന്‍ തികച്ചും സ്വാഭാവികമായി അനുകരിച്ചതാണോ?
അതിന്റെ ഉത്തരമാണ് നമുക്കിവിടെ ശ്രദ്ധേയം. തീര്‍ച്ചയായും അവ അനുകരണങ്ങളായിരുന്നു.
കണ്ടും നിരീക്ഷിച്ചും അബോധമായി, തികച്ചും സ്വാഭാവികമായി ആ അന്തരീക്ഷവുമായി അവന്‍ താദാത്മ്യം പ്രാപിച്ചതാണ്. അല്ലാതെ പഠിപ്പിച്ചതല്ല.
നാട്ടില്‍ ജീവിച്ചിട്ടും ചില കുട്ടികള്‍ 'വന്യജീവികളായി' വളരുന്നതില്‍ ഇത്തരം കോപ്പിയിങിന്, അഥവാ രക്ഷിതാക്കളുടെയും ചുറ്റുമുള്ള മറ്റുള്ളവരുടെയും ജീവിത രീതികള്‍ക്ക് വലിയ പങ്കില്ലേ? പറയുന്നതും കേള്‍ക്കുന്നതുമല്ല സ്വഭാവ രൂപീകരണത്തിനാധാരം എന്നും, കാണുന്നതിനും അനുഭവിക്കുന്നതിനുമാണ് പ്രാധാന്യം എന്നും സുവ്യക്തമാണ്.
കുട്ടികളെ പറഞ്ഞ് തിരുത്തേണ്ടുന്ന അവസ്ഥയിലേക്കെത്തിച്ചതിനുത്തരവാദിത്വം ആര്‍ക്കൊക്കെയാവാം?നമ്മുടെ സ്വഭാവം അവന് മാതൃകയാക്കാന്‍പറ്റിയതാണോ?
അവരെ മാറ്റുന്നതിന് മുമ്പ് നാം സ്വയം കാര്യമായി മാറേണ്ടതുണ്ടോ?സ്‌കൂളിലും കോളജിലുംഅവന്റെ, അഥവാ അവളുടെ കൂട്ടുകാര്‍ ആരൊക്കെ?അയല്‍വക്കത്തെ സുഹൃത്തുക്കളാര്? പഠിപ്പിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മുന്നിട്ട് നില്‍ക്കുന്നവരും സ്വഭാവ വൈശിഷ്ഠ്യമുള്ളവരുമാണോ അവര്‍?അതോ, ആശാസ്യമല്ലാത്ത സ്വഭാവ രീതികളുള്ളവരാണോ? മയക്ക് മരുന്ന് ഉപയോഗിക്കുന്നവരാണോ? നെഗറ്റീവ് ചിന്താഗതിക്കാരാണോ?അന്വേഷിക്കേണ്ടതുണ്ട്.
കാട്ടില്‍ വളരാന്‍ കാട്ടില്‍ത്തന്നെ പോവേണ്ടതില്ല. നാട്ടിലെ അന്തരീക്ഷം വന്യമായാലും മതി.കുട്ടി സഹവസിക്കുന്നവന്റെ രൂപം എത്ര സുന്ദരമായാലും,
രീതി വന്യമായാല്‍ അവനോ അവളോ 'ഫെറല്‍ ചൈല്‍ഡ്' ആയി രൂപം മാറിയേക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."