കിണര്‍ വൃത്തിയാക്കാനിറങ്ങി അബോധാവസ്ഥയിലായ ഗൃഹനാഥനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി
മുക്കം: കിണറിലിറങ്ങി അബോധാവസ്ഥയിലായ ഗൃഹനാഥനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. മുക്കം നഗരസഭയിലെ പൂളപ്പൊയിലില്‍ പാലാട്ടുപറമ്പില്‍ അബ്ദുറഹിമാന്‍ (60) ആണ് വീട്ടുമുറ്റത്തെ കിണര്‍ വൃത്തിയാക്കുന്നതിനിടെ അപകടത്തില്‍പെട്ടത്.
കിണറിലെ വെള്ളം വറ്റിക്കാനുപോയോഗിച്ച മോട്ടോറില്‍ നിന്നും പുറത്തുവന്ന കാര്‍ബണ്‍ മോണോക്‌സൈഡ് വാതകം ശ്വസിച്ച് ബോധം നഷ്ടമാവുകയായിരുന്നു. ഉടന്‍ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മുക്കം അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷന്‍ ഓഫിസര്‍ കെ.പി ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തുകയായിരുന്നു. ഫയര്‍മാന്‍ വി. വിജീഷ് കുമാര്‍ സാഹസികമായി അബ്ദു റഹ്മാനെ പുറത്തെത്തിക്കുകയായിരുന്നു. പ്രഥമ ശുശ്രൂഷ നല്‍കിയശേഷം അഗ്നിരക്ഷാ സേനയുടെ തന്നെ ആംബുലന്‍സില്‍ ഇയാളെ മണാശേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലീഡിങ് ഫയര്‍മാന്‍ പയസ് അഗസ്റ്റിന്‍, ഫയര്‍മാന്മാരായ ടി.സി റാഷിദ്, സി. രമേശ്, ആര്‍. ജിനേഷ്, കെ.കെ നന്ദകുമാര്‍, ദുല്‍ഖര്‍, ഹോം ഗാര്‍ഡുമാരായ വിജയ കുമാര്‍, സി.എഫ് ജോഷി എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."