ഡിഫ്തീരിയ : അതീവ ജാഗ്രത പുലര്‍ത്തണം
കല്‍പ്പറ്റ: വയനാട്ടില്‍ ഒരാള്‍ക്ക് ഡിഫ്തീരിയയെന്ന് സംശയം. ആളുകള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭാ പരിധിയില്‍ ചെതലയം പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ കീഴിലുളള 28 വയസ്സുളള യുവതിയെ ഡിഫ്തീരിയ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
രോഗം സ്ഥിരീകരണത്തിനായി രോഗിയുടെ തൊണ്ടയില്‍ നിന്ന് സ്രവം എടുത്തിട്ടുണ്ട്. ഈ പ്രദേശത്ത് അതീവ ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആശാദേവി നിര്‍ദേശം നല്‍കി. തൊണ്ടവേദനയും തൊണ്ടയ്ക്ക് അസ്വസ്തതയും ഉള്ളവര്‍ ഉടന്‍ ആശുപത്രിയില്‍ എത്തി ഡിഫ്ത്തീരിയ ലക്ഷണമാണോ എന്ന് പരിശോധിക്കേണ്ടതാണ്.
രോഗ സംശയമോ സ്ഥിരീകരണമോ ഉണ്ടായാല്‍ ആ വീടിന്റെ ചുറ്റുമുളള 100 വീടുകള്‍ സര്‍വ്വേ നടത്തി അവിടെ ആര്‍ക്കെങ്കിലും തൊണ്ടക്ക് അസുഖമുണ്ടെങ്കില്‍ അവരെ ഡോക്ടറുടെ പരിശോധനയ്ക്ക് വിധേയരാക്കുകയും ആവശ്യമെങ്കില്‍ അടിയന്തിരമായി മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയും ചെയ്യേണ്ടതാണ്. മെഡിക്കല്‍ കോളേജില്‍ മാത്രമാണ് ഡിഫ്തീരിയക്ക് ചികിത്സ ലഭ്യമായിട്ടുളളത്. രോഗിയുടെ വീട്ടിലുളളവര്‍ക്ക് പ്രതിരോധത്തിന് എറിത്രോമൈസിന്‍ ഗുളികകള്‍ നല്‍കും.
രോഗപ്രതിരോധ കുത്തിവെയ്പിന് വിമുഖത കാണിക്കുന്നവരിലാണ് ഡിഫ്തീരിയ രോഗം ഉണ്ടാകുന്നത്. ആയതിനാല്‍ ജില്ലയിലെ കുട്ടികള്‍ക്കുളള പ്രതിരോധ കുത്തിവെയ്പ് കുറവുളള പ്രദേശങ്ങളായ കമ്പളക്കാട്, പീച്ചംകോട്, റിപ്പണ്‍, വെളളമുണ്ട മുതലായ പ്രദേശങ്ങളിലെ ആരോഗ്യവകുപ്പ് ജീവനക്കാര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ആര്‍.സി.എച്ച് ഓഫിസര്‍ ഡോ. വി ജിതേഷ് അറിയിച്ചു.
ഡിഫ്തീരിയ രോഗത്തെ കുറിച്ചും, പ്രതിരോധ കുത്തിവെപ്പിനെ കുറിച്ചും അറിയേണ്ടവര്‍ 9947795141 നമ്പറില്‍ ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."