കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വിസ്: കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തും; എം.പിമാര്‍ മന്ത്രിയെ കാണും
സ്വന്തം ലേഖകന്‍
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വിസ് പുനരാരംഭിക്കാന്‍ കേന്ദ്രത്തിലും പാര്‍ലമെന്റിലും സമ്മര്‍ദം ശക്തമാക്കാന്‍ വിമാനത്താവള ഉപദേശകസമിതി യോഗം തീരുമാനിച്ചു. 2015 ഏപ്രില്‍ 30 വരെയുണ്ടായിരുന്ന തല്‍സ്ഥിതി നിലനിര്‍ത്തുകയെന്നതാണ് പ്രധാനവിഷയമെന്ന് ഉപദേശക സമിതി ചെയര്‍മാന്‍ പി.കെ.കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ജിദ്ദയിലേക്ക് സര്‍വിസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിമാനത്താവള അതോറിറ്റിയുടെ റിപ്പോര്‍ട്ട് ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ(ഡി.ജി.സി.എ)പരിഗണനയിലുണ്ട്. ഇതിന് അനുവാദം കിട്ടാന്‍ നിലവില്‍ യാതൊരു തടസവുമില്ല. സര്‍വിസുകള്‍ പുനരാരംഭിക്കുന്നതിനായി ഭൂമി ഏറ്റെടുക്കേണ്ടതില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. 18ന് പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതോടെ പരമാവധി എം.പിമാര്‍ ചേര്‍ന്ന് കേന്ദ്രവ്യോമയാന മന്ത്രി, സെക്രട്ടറി, ഡി.ജി.സി.എ എന്നിവരെ നേരില്‍ കണ്ട് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ശ്രമിക്കും. വിഷയത്തില്‍ ആവശ്യമെങ്കില്‍ പ്രധാനമന്ത്രിയെയും നേരില്‍ കാണുമെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദ സര്‍വിസ് ആരംഭിക്കുന്നതോടെ ഹജ്ജ് സര്‍വിസും കരിപ്പൂരില്‍ നിന്ന് നടത്താനാകുമെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
യാത്രക്കാരുടെ ദീര്‍ഘകാല ആവശ്യമായ പ്രത്യേക ലോഞ്ച് ആരംഭിക്കും. ഉയര്‍ന്ന ക്ലാസ് യാത്രക്കാര്‍ക്കായാണ് പ്രത്യേക ലോഞ്ച് സ്ഥാപിക്കുക. ടെര്‍മിനലിനുള്ളിലെ ടോയ്‌ലറ്റുകള്‍ നവീകരിക്കും. മൂന്ന് കോടിയോളം രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്. പൊലിസിന്റെ പ്രീപെയ്ഡ് ടാക്‌സി കൗണ്ടര്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. വിമാനത്താവളത്തിലെ പാര്‍ക്കിങ് പ്രശ്‌നം പരിഹരിക്കാനായി പ്രത്യേക പ്ലാന്‍ തയാറാക്കിയതായി ഡയരക്ടര്‍ അറിയിച്ചു. കരിപ്പൂര്‍ പൊലിസ്‌സ്‌റ്റേഷന് വിമാനത്താവളത്തില്‍ സ്ഥലം അനുവദിക്കും.താല്‍ക്കാലികമായി വിമാനത്താവളത്തിന് മുന്‍വശത്തുള്ള പഴയ ലാന്റ് അക്വിസിഷന്‍ ഓഫിസ് പൊലിസിന് കൈമാറുന്ന കാര്യം പരിഗണിക്കും.
ചീക്കോട് കുടിവെള്ള പദ്ധതിയില്‍ നിന്ന് കരിപ്പൂരിലേക്ക് വെള്ളമെത്തിക്കും.നിലവിലുള്ള പൈപ്പ് ലൈനിനോടൊപ്പം നാട്ടുകാര്‍ക്കായി ഒരുകോടിയോളം ചെലവില്‍ മറ്റൊരു പൈപ്പ് ലൈന്‍ സ്ഥാപിക്കും. മഴക്കാലത്ത് കരിപ്പൂരില്‍ നിന്ന് സമീപ പ്രദേശങ്ങളിലേക്ക് വെള്ളം ഒഴുകി എത്തുന്ന പ്രശ്‌നത്തിന് പരിഹാരത്തിനായി സംയുക്ത സമിതി സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും യോഗത്തില്‍ തീരുമാനായി.
ഉപദേശക സമിതി കണ്‍വീനറും കരിപ്പൂര്‍ വിമാനത്താവള ഡയരക്ടറുമായ വി.ശ്രീനിവാസ റാവു, എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, എം.കെ.രാഘവന്‍, പി.വി. അബ്ദുല്‍ വഹാബ്, എം.എല്‍.എമാരായ ടി.വി.ഇബ്‌റാഹിം, പി.അബ്ദുല്‍ ഹമീദ്, മുന്‍ എം.എല്‍.എ കെ. മുഹമ്മദുണ്ണി ഹാജി, കൊണ്ടോട്ടി നഗരസഭ ചെയര്‍മാന്‍ സി.കെ. നാടിക്കുട്ടി, പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് പി. മിഥുന, മലപ്പുറം ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തില്‍, ഡെപ്യൂട്ടി കലക്ടര്‍ ഡോ.ജെ.ഒ അരുണ്‍, പി.വി.ഗംഗാധരന്‍, എം.പി ബഷീര്‍ എന്നിവരും സംബന്ധിച്ചു.
എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ 24ന് എത്തും
കൊണ്ടോട്ടി: എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഗുരുപ്രസാദ് മൊഹാപാത്ര 24ന് വിമാനത്താവളം സന്ദര്‍ശിക്കും. മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന പ്രകാരമാണ് ചെയര്‍മാന്‍ എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."