HOME
DETAILS
MAL
സമരങ്ങളെ അടിച്ചൊതുക്കാനല്ല പ്രതികളെ പിടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്: സാദിഖലി ശിഹാബ് തങ്ങള്‍
backup
July 12 2020 | 02:07 AM
കോഴിക്കോട്: പൊലിസിനെ ഉപയോഗിച്ച് സമരങ്ങളെ അടിച്ചൊതുക്കാനല്ല സര്‍ക്കാര്‍ തുനിയേണ്ടതെന്ന് മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ദേശീയ ശ്രദ്ധയാകര്‍ഷിച്ച കേസില്‍ ഒളിവില്‍ കഴിയുന്നവരെ പുറത്തുകൊണ്ടുവരാനാണ് പൊലിസിനെ ഉപയോഗപ്പെടുത്തേണ്ടത്. ലാത്തികൊണ്ട് സമരങ്ങളെ ചെറുക്കാനാവില്ല. സമരങ്ങള്‍ കൊണ്ട് ചെറുത്തു നിന്നുണ്ടായതാണ് ആധുനിക കേരളം എന്നത് കേരളം ഭരിക്കുന്നവര്‍ ഓര്‍ക്കുന്നത് നല്ലതാണ്. പാശ്ചാത്യ രാജ്യങ്ങളില്‍ ഈ നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ സമരം നടന്നത് ഈ കൊവിഡ് കാലത്താണ്. അവഗണിക്കപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്ത കറുത്തവന്റെ വിമോചനത്തിനു വേണ്ടിയുള്ള സമരം അമേരിക്കയെ പിടിച്ചു കുലുക്കിയത് ലോക്ക് ഡൗണ്‍ സമയത്താണ്. സമരങ്ങളെ അടിച്ചമര്‍ത്തി മുന്നോട്ടു പോകാമെന്നത് അസാധ്യമാണെന്ന് ലോകവും കൊവിഡ്കാലവും സാക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡിന്റെ മറവില്‍ നടത്തിയ ഭീകരമായ കൊള്ളയായിരുന്നു ഈ സ്വര്‍ണക്കടത്തെന്ന് വ്യക്തമായിരിക്കുകയുമാണ്. രാജ്യദ്രോഹകുറ്റം വരെ ചുമത്തപ്പെടാവുന്ന ഈ കേസിലെ യഥാര്‍ഥ പ്രതികള്‍ കാണാമറയത്ത് ഊഞ്ഞാലാടിക്കൊണ്ടിരിക്കുന്നു. അവരെ പിടിക്കാന്‍ പൊലിസിന് കര്‍ശന നിര്‍ദേശം കൊടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് തയാറാവണം.
മുന്‍പ് നടന്ന ഡാറ്റാ കച്ചവടവും രാജ്യതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായിരുന്നു. അനീതിയും അന്യായങ്ങളും ചോദ്യം ചെയ്തു ജനങ്ങള്‍ തെരുവിലിറങ്ങാതിരിക്കണമെങ്കില്‍ നീതിയും ന്യായവും നടപ്പിലാക്കാന്‍ സര്‍ക്കാരിനു കഴിയണം.
പ്രതിപക്ഷത്തിന്റെ നിര്‍ദേശങ്ങളേയും പരാതികളേയും അവഗണിക്കുന്ന സര്‍ക്കാരിനു മുന്‍പില്‍ സമരങ്ങളല്ലാതെ മറ്റു വഴികള്‍ ഇല്ലാതായി. എന്നാല്‍ അനുനയത്തിന്റേയും സഹകരണത്തിന്റേയും മാര്‍ഗങ്ങള്‍ക്ക് പകരം ദാര്‍ഷ്ട്യത്തിന്റേയും അവഗണനയുടേയും മാര്‍ഗമാണ് സര്‍ക്കാര്‍ പിന്തുടരുന്നത്.
കൊവിഡ് സംബന്ധമായി പ്രതിപക്ഷ അഭിപ്രായങ്ങള്‍ സര്‍ക്കാര്‍ അവഗണിച്ചതു കൊണ്ടാണ് ഇന്നത്തെ ഈ വന്‍ പ്രതിസന്ധി ഉണ്ടായത്. കൊവിഡ് ടെസ്റ്റുകള്‍ വര്‍ധിപ്പിച്ചപ്പോഴാണ് കേരളത്തില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിച്ചത്. ടെസ്റ്റുകള്‍ വര്‍ധിപ്പിക്കണം എന്ന് പ്രതിപക്ഷം മുന്‍പേ പറഞ്ഞ ആവശ്യത്തെ തള്ളിക്കളഞ്ഞിരുന്നു സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."