ഹോംവര്‍ക്ക് തന്ന് ബുദ്ധിമുട്ടിക്കരുതെന്ന്, പരീക്ഷ തന്നെ എഴുതേണ്ടെന്ന് അധ്യാപകന്
ചിയാങ്റായ്: ഗുഹയ്ക്കകത്തുനിന്ന് കുട്ടികള്‍ മുങ്ങല്‍ വിദഗ്ധരുടെ പക്കല്‍ കൊടുത്തുവിട്ട കത്തുകളിലൊന്നില്‍ പറഞ്ഞ സന്ദേശം ഏറെ കൗതുകമുണര്‍ത്തുന്നതായിരുന്നു. ക്ലാസ് ടീച്ചറെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തായിരുന്നു ഇത്. ടീച്ചറേ, ഞങ്ങളെ അധികം ഹോംവര്‍ക്ക് തന്നു ബുദ്ധിമുട്ടിക്കരുതെന്നായിരുന്നു കുട്ടിയുടെ ആവശ്യം.
എന്നാല്‍, കത്തിന് ആശ്വാസവാക്കുകളുമായി അധ്യാപകന്റെ മറുപടിയുമെത്തി. ഹോംവര്‍ക്ക് തന്നു ബുദ്ധിമുട്ടിക്കില്ലെന്നു മാത്രമല്ല, അടുത്തയാഴ്ച നടക്കാനിരിക്കുന്ന പരീക്ഷ ആലോചിച്ചു വിഷമിക്കേണ്ടെന്നും ഒരുപടി കൂടി കടന്ന് അധ്യാപകന് കുറിച്ചു. ഗുഹയില്‍ അകപ്പെട്ട 12 കുട്ടികളില്‍ ആറുപേരും പഠിക്കുന്ന മായ് സായ് പ്രസിറ്റ്സാര്ട്ട് സ്കൂളിലെ അധ്യാപകനാണു വാര്‍ത്താസമ്മേളനം വിളിച്ചു കുട്ടികള്‍ക്ക് ആശ്വാസവാക്കുകള്‍ ചൊരിഞ്ഞത്. അടുത്തയാഴ്ചത്തെ പരീക്ഷയില്‍നിന്ന് ഒഴിവാക്കിയതിനു പുറമെ സാധാരണ പരീക്ഷ ഷെഡ്യൂളുകളും അവര്‍ക്ക് ഒഴിവാക്കി നല്‍കിയിരിക്കുകയാണ്.
മാത്രമല്ല, സ്കൂളില്‍ തിരിച്ചെത്തുമ്പോള്‍ കുട്ടികളോട് എങ്ങനെ പെരുമാറണമെന്നതിനെ കുറിച്ചുള്ള കൃത്യമായ നിര്‍ദേശങ്ങളും അധ്യാപകര്‍ മറ്റു വിദ്യാര്‍ഥികള്‍ക്ക് ഇതിനകം നല്‍കിക്കഴിഞ്ഞു. കുട്ടികളെ വേദനിപ്പിക്കുകയോ നിരാശപ്പെടുത്തുകയോ ചെയ്യുന്ന സംസാരങ്ങളോ നടപടികളോ ഒരാളില്‍നിന്നും ഉണ്ടാകരുതെന്നു കര്‍ശന നിര്‍ദേശം തന്നെയാണു നല്‍കിയിരിക്കുന്നത്. കുട്ടികളോട് അസ്വാഭാവികമായ പെരുമാറ്റമുണ്ടാകരുതെന്ന് അധ്യാപകര്‍ക്കുകൂടി നിര്‍ദേശം ലഭിച്ചിട്ടുണ്ട്. അതോടൊപ്പം, ഇവരുടെ മാനസിക ആരോഗ്യനില മെച്ചപ്പെടുത്താനായി പ്രത്യേക കൗണ്‍സിലിങ് നല്‍കാനും സ്കൂള്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."