റിലയന്‍സ് കേബിള്‍ വിവാദം
നിലമ്പൂര്‍: റിലയന്‍സ് ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കുന്നതിലെ അഴിമതി പുറത്തുവന്ന സാഹചര്യത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ രാജിവയ്ക്കണമെന്ന് സി.പി.എം നിലമ്പൂര്‍ ലോക്കല്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പ്രദേശത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണ് അഴിമതി നടന്നിട്ടുള്ളത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മൂന്നിന് എടുത്ത തീരുമാനപ്രകാരം നഗരസഭ പരിധിയില്‍ 13 കി.മീറ്റര്‍ ദൂരം ട്രഞ്ച് കീറി ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കുന്നതിന് കട്ടിങ് ഫീസിനത്തില്‍ 59,52,000 രൂപയും വാര്‍ഷിക തറവാടകയായി മീറ്ററിന് 750 രൂപ പ്രകാരം മൂന്നു വര്‍ഷത്തേക്കുള്ള തുകയും കൂട്ടി 3.5 കോടി രൂപ റിലയന്‍സ് ജിയോ ഇന്‍ഫോ കോം കമ്പനി നഗരസഭയിലേക്ക് അടക്കേണ്ടതായിരുന്നു. എന്നാല്‍ വെറും 68,47,500 രൂപ മാത്രം അടവാക്കി ഉടമ്പടി വെക്കുന്നതിന് കമ്പനിക്ക് നഗരസഭ അനുമതി നല്‍കിയിരിക്കുകയാണ്.
ഇതിനായി മുന്‍കൂര്‍ അനുമതി നല്‍കിയെന്നാണ് ഇപ്പോള്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ഇക്കാര്യം സംബന്ധിച്ച് ഒരു കൗണ്‍സില്‍ യോഗത്തിലും ചര്‍ച്ചകള്‍ വന്നിട്ടില്ല. മാത്രവുമല്ല യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ വരെ ക്രമക്കേടു നടന്നെന്ന് പറയുന്നു.
നടപടി ക്രമങ്ങളില്‍ വീഴ്ച വരുത്തിയ നഗരസഭ ചെയര്‍പേഴ്‌സണ്‍ രാജിവച്ച് ഇക്കാര്യത്തില്‍ അന്വേഷണം നേരിടണം.
ഈ ആവശ്യമുന്നയിച്ച് സി.പി.എം ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അടുത്തമാസം രണ്ടിന് രാവിലെ 10.30 ന് പൊതുജനങ്ങളെ ഉള്‍പ്പെടുത്തി നഗരസഭയിലേക്ക് മാര്‍ച്ചു നടത്തുവാനും ശനിയാഴ്ച രണ്ടു മുതല്‍ നഗരസഭയിലെ പ്രധാന കേന്ദ്രങ്ങളില്‍ കോര്‍ണര്‍ യോഗങ്ങള്‍ സംഘടിപ്പാക്കാനും തീരുമാനിച്ചതായി സി.പി.എം ഏരിയാ കമ്മിറ്റി അംഗം എന്‍.വേലുക്കുട്ടി, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി ഹരിദാസ്, പി ബാലകൃഷ്ണന്‍, യു.ടി പ്രവീണ്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."