അഭിമന്യു വധം: കൈവെട്ട് കേസിലെ പ്രതികളും ഉള്‍പ്പെട്ടതായി സൂചന
കൊച്ചി: അഭിമന്യു വധത്തില്‍ കൈവെട്ട്‌കേസില്‍ ആദ്യം പ്രതിപ്പട്ടികയിലുണ്ടായിരുന്ന രണ്ടുപേര്‍ ഉള്‍പ്പെട്ടതായി സംശയിക്കുന്നതായി പൊലിസ്. ഇവരുടെ നേതൃത്വത്തിലുള്ള സംഘം നെട്ടൂര്‍ കേന്ദ്രീകരിച്ച് ഗൂഢാലോചന നടത്തിയതായിട്ടാണ് വിവരം. എന്നാല്‍ ഇവര്‍ അഭിമന്യുവിനെതിരായ ആക്രമണത്തില്‍ നേരിട്ടു പങ്കെടുത്തതായി പൊലിസ് സ്ഥിരീകരിച്ചിട്ടില്ല. ഗൂഢാലോചനാ സംഘത്തില്‍ നെട്ടൂര്‍ സ്വദേശികളായ ആറുപേര്‍ പങ്കെടുത്തിരുന്നതായും ഇവര്‍ക്കെതിരേ അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായും സിറ്റി പൊലിസ് കമ്മിഷണര്‍ എം.ബി ദിനേശ് പറഞ്ഞു.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ സംഭവ ദിവസമായ ജൂലൈ ഒന്നിന് രാത്രി 10 മുതല്‍ രണ്ടിന് പുലര്‍ച്ചെ രണ്ടു വരെ ഈ സംഘത്തിലെ മൂന്നുപേരുടെ മൊബൈല്‍ നമ്പറുകള്‍ മഹാരാജാസ് കോളജിനു സമീപം കേന്ദ്രീകരിച്ചതായി വിവരം ലഭിച്ചിരുന്നു. പ്രതികളെ രക്ഷപെടുത്തികൊണ്ടുപോയതും ഇവരാണെന്ന് സംശയിക്കുന്നുണ്ട്. പ്രതികള്‍ ഇവരുടെ സഹായത്താല്‍ ബംഗളൂരു വിമാനത്താവളം വഴി രാജ്യം വിട്ടതായും സൂചനയുണ്ട്.
തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്റെ കൈവെട്ടിയ കേസിലും പ്രതികളെ സഹായിച്ചെന്ന കുറ്റമാണ് ഇവര്‍ക്കെതിരേ പൊലിസും എന്‍.ഐ.എയും ചുമത്തിയിരുന്നത്. എന്നാല്‍ വിചാരണവേളയില്‍ ഇവര്‍ക്കെതിരേ തെളിവില്ലെന്ന് പറഞ്ഞ് കോടതി വിട്ടയക്കുകയായിരുന്നു. എന്നാല്‍ ഇവര്‍ പൊലിസ് നിരീക്ഷണത്തിലായിരുന്നു. അതേസമയം അഭിമന്യുവിനെ വധിച്ച കേസില്‍ പിടിയിലായവരെല്ലാം പ്രധാന പ്രതികളാണെന്ന് പൊലിസ് കമ്മിഷണര്‍ എം.പി ദിനേശ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട എല്ലാ പ്രതികളെയും കുറിച്ചുള്ള സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൊലയാളികളെ കോളജിലേക്ക് വിളിച്ചുവരുത്തിയ മുഹമ്മദിനുവേണ്ടിയും തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."