കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണവണ്ടി മന്ദംമന്ദം
കണ്ണൂര്‍: രൂപീകരിച്ചിട്ടു ഒന്നരവര്‍ഷം തികഞ്ഞിട്ടും കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണവണ്ടി മന്ദഗതിയില്‍ തന്നെ ഉരുളുന്നു. ഭരണത്തിന് വേഗതപോരെന്ന ആക്ഷേപം പ്രതിപക്ഷ പാര്‍ട്ടികളിലും ജനങ്ങളിലും ശക്തമായിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരും കോര്‍പറേഷനും ഒരു മുന്നണി തന്നെ ഭരിക്കുന്നത് പൊതുവെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഗുണം ചെയ്യാറുണ്ട്. എന്നാല്‍ കണ്ണൂര്‍ കോര്‍പറേഷനെ സംബന്ധിച്ചു അതുണ്ടായില്ല. തികച്ചും നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് കോണ്‍ഗ്രസ് വിമതന്‍ പി.കെ രാഗേഷിന്റെ പിന്‍തുണയോടെ എല്‍.ഡി.എഫ് കോര്‍പറേഷന്‍ ഭരണം പിടിച്ചെടുത്തത്. സ്റ്റാന്റിങ് കമ്മിറ്റി സ്ഥാനങ്ങളൊഴികെ മറ്റെല്ലാം യു.ഡി.എഫിന് നഷ്ടപ്പെട്ടു. കോര്‍പറേഷനില്‍ ലയിച്ച അഞ്ചു ഗ്രാമപഞ്ചായത്തുകളെ സോണല്‍ ഓഫിസുകളാക്കിയാണ് ഭരണംതുടങ്ങിയത്. എന്നാല്‍ ഇവിടങ്ങളില്‍ ജീവനക്കാരുടെ ക്ഷാമമാണ് ആദ്യ പ്രതിസന്ധിയിലൊന്ന്. ഇവിടങ്ങളില്‍ അഞ്ച് റവന്യൂ ഓഫിസര്‍മാരെ നിയമിച്ചതു ആശ്വാസമായെങ്കിലും ക്ലര്‍ക്കുമാരുടെ കുറവ് നേരിടുകയാണ്. യു.ഡി ക്ലര്‍ക്കുമാരെ റവന്യൂ ഇന്‍സ്‌പെക്ടര്‍മാരായി ഉയര്‍ത്തിയും ഇവിടെ നിയമിച്ചിട്ടുണ്ട്. എന്നാല്‍ താഴെക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുടെ കുറവ് ജനങ്ങള്‍ക്ക് സേവനം ലഭിക്കുന്നതിന് തടസമാവുകയാണ്. ജനന-മരണ രജിസ്‌ട്രേഷന്‍, വിവിധ നികുതികള്‍, പെന്‍ഷന്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഇപ്പോള്‍ സോണല്‍ ഓഫിസില്‍ നടക്കുന്നുണ്ട്. എന്നാല്‍ നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാനും ദീര്‍ഘവീക്ഷണത്തോടെ പദ്ധതികള്‍ നടപ്പിലാക്കാനും ഭരണസമിതിക്കാവുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."