ഫിറോസിന്റെ മരണത്തില്‍ തേങ്ങി മൈതാനപ്പള്ളി
കണ്ണൂര്‍: സുഹൃത്തിനെ രക്ഷിക്കാന്‍ പുഴയിലേക്ക് ചാടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെയുള്ള വിദ്യാര്‍ഥിയുടെ മരണം നാടിന്റെ നൊമ്പരമായി. കണ്ണൂര്‍ സിറ്റി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി തയ്യില്‍ മൈതാനപ്പള്ളി ഇറയത്തുപുതിയപുരയില്‍ റഷീദിന്റെ മകന്‍ മുഹമ്മദ് ഫിറോസാണ് മരണപ്പെട്ടത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്നലെ വൈകിട്ട് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മൈതാനപ്പള്ളി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മൃതദേഹം ഖബറടക്കി. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ആദികടലായിക്കു സമീപം കാനാംപുഴയിലായിരുന്നു അപകടം. ഫുട്‌ബോള്‍ കളിക്കുന്നതിനിടെ പുഴയില്‍വീണ സഹോദരനെയും സുഹൃത്തിനെയും രക്ഷിക്കാന്‍ പുഴയിലേക്കു ചാടിയതായിരുന്നു. ഇരുവരെയും കരയിലേക്ക് കയറ്റിയെങ്കിലും ഫിറോസ് ചെളിയില്‍ പൂണ്ടുപോവുകയായിരുന്നു. ആന്തരികാവയവങ്ങളില്‍ വെള്ളംകയറി ഗുരുതരാവസ്ഥയില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ തിങ്കളാഴ്ച വൈകിട്ടായിരുന്നു മരണം. പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടിലും തുടര്‍ന്നു മൈതാനപ്പള്ളി ഗ്രൗണ്ടിലും മൃതദേഹം പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ സഹപാഠികളും അധ്യാപകരും വിങ്ങിപ്പൊട്ടിയതു കണ്ടുനിന്നവര്‍ക്കു നൊമ്പരക്കാഴ്ചയായി. കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ സി. സമീര്‍, ആശ, തഹസില്‍ദാര്‍ സജീവന്‍, സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍, സി.എച്ച് ഫാറൂഖ് ഉള്‍പ്പെടെയുള്ള നൂറുകണക്കിനാളുകളാണ് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."