ദേശീയപാത വികസനം; ആശങ്കകള്‍ പങ്കുവച്ച് ഇരകള്‍ ഒത്തുചേര്‍ന്നു
വടകര: ജില്ലയില്‍ ദേശീയപാത വികസനത്തിന്റെ ഭാഗമായി കിടപ്പാടം നഷ്ടപ്പെടുന്നവര്‍ ആശങ്കകള്‍ പങ്കുവയ്ക്കാനായി ഒത്തുചേര്‍ന്നു. അഴിയൂര്‍ മുതല്‍ വെങ്ങളം വരെയുള്ള നൂറുകണക്കിനു കുടുംബങ്ങളാണ് യോഗത്തില്‍ പങ്കെടുത്തത്. ദേശീയപാത കര്‍മസമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് മുട്ടുങ്ങല്‍ എല്‍.പി സ്‌കൂളില്‍ പരിപാടി സംഘടിപ്പിച്ചത്.
യോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗം പേര്‍ക്കും സ്വന്തമായി മറ്റൊരിടത്ത് വീടില്ലാത്തവരും വീടുവയ്ക്കാന്‍ കഴിവില്ലത്തവരുമാണ്. കുടിയൊഴിപ്പിക്കപ്പെട്ടാല്‍ എന്തുചെയ്യണമെന്നോ എവിടെ പോകണമെന്നോ അറിയാതെയുള്ള ആകുലതകളാണു പലരും യോഗത്തില്‍ പങ്കുവച്ചത്. ജില്ലാ ഭരണകൂടം കുടിയൊഴിപ്പിക്കുന്നവരുമായി ചര്‍ച്ചയ്ക്കുപോലും തയാറാകാത്ത നടപടിയില്‍ പ്രതിഷേധം ഉയര്‍ന്നു.
അഴിയൂര്‍ മുതല്‍ പാലയാട് വരെയുള്ള സ്ഥലങ്ങള്‍ 30 മീറ്റര്‍ വീതിയില്‍ റോഡിനായി അക്വയര്‍ ചെയ്തപ്പോള്‍ ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍ക്കുതന്നെ 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുമ്പോള്‍ വീണ്ടും കിടപ്പാടം നഷ്ടപ്പെടുന്ന സ്ഥിയാണുള്ളത്. മതിയായ നഷ്ടപരിഹാരവും പുനരധിവാസവും ചര്‍ച്ചകളിലൂടെ പരിഹാരം കാണാതെ എത്രതന്നെ ബലപ്രയോഗം നടത്തിയാലും വീടുകളില്‍നിന്നു ഒഴിഞ്ഞുപോകില്ലെന്നു കുടിയൊഴിപ്പിക്കുന്നവരുടെ സംഗമം പ്രഖ്യാപിച്ചു. ജില്ലയില്‍ ഏറ്റവും വലിയ കുടിയൊഴിപ്പിക്കല്‍ നടക്കുമ്പോള്‍ ഇതിനെതിരേ മുഖ്യധാര രാഷ്ട്രീയ കക്ഷികള്‍ കാണിക്കുന്ന അലംഭാവം വേദനാജനകമാണെന്നു യോഗം അഭിപ്രായപ്പെട്ടു. ജില്ലാ കണ്‍വീനര്‍ എ.ടി മഹേഷ് ഉദ്ഘാടനം ചെയ്തു. സി.വി ബാലഗോപാലന്‍ അധ്യക്ഷനായി. പ്രദീപ് ചോമ്പാല, അഡ്വ. പരമേശ്വരന്‍, കെ.പി.എ വഹാബ്, പി.കെ കുഞ്ഞിരാമന്‍, പി.കെ നാണു, സലാം ഫര്‍ഹത്ത്, കെ. അന്‍വര്‍ ഹാജി, കെ. കുഞ്ഞിരാമന്‍, രവി തിക്കോടി, രാമചന്ദ്രന്‍ പൂക്കാട്, പി. സുരേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."