മത്സ്യമാര്‍ക്കറ്റ് അടപ്പിച്ച നടപടി; ദുരൂഹതയുണ്ടെന്ന് ആരോപണം
പുല്‍പ്പള്ളി: പുല്‍പ്പള്ളിയിലെ മത്സ്യമാര്‍ക്കറ്റ് അടപ്പിച്ചതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നു ആരോപണം. രണ്ടു കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായെന്ന കാരണം കാണിച്ചാണ് പഞ്ചായത്ത് അധികൃതര്‍ ടൗണിലെ പച്ചമത്സ്യ വില്‍പന നിരോധിച്ചത്. ഇതില്‍ ചിലരുടെ അനിഷ്ടമാണ് മത്സ്യ വിപണനം തടയുന്നതിനു കാരണമായതെന്നാണ് ആരോപണമുയരുന്നത്.
വിഷുവിന് പിറ്റേന്ന് പഞ്ചായത്തിലെ ഒരുദ്യോഗസ്ഥന്‍ മാര്‍ക്കറ്റില്‍ എത്തിയിരുന്നു, മാര്‍ക്കറ്റിലെ ജീവനക്കാര്‍ ഇയാളോട് മോശമായി പെരുമാറിയെന്ന് പഞ്ചായത്തില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. രണ്ടു ദിവസങ്ങള്‍ക്കു ശേഷം പുല്‍പ്പള്ളിയിലെ ഒരു വ്യാപാരിയുടെ രണ്ടു മക്കള്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായെന്നും ഇതിന് കാരണം മാര്‍ക്കറ്റില്‍നിന്നും വാങ്ങിയ മത്സ്യമാണെന്നും ഇതേ ഉദ്യോഗസ്ഥന്‍ ആരോപിച്ചു.
എന്നാല്‍ കുട്ടികളെ ചികിത്സിച്ച ഡോക്ടര്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. കുട്ടികള്‍ക്ക് മത്സ്യം കഴിച്ച് ഭക്ഷ്യവിഷബാധയുണ്ടായതിന് കൃത്യമായ യാതൊരു തെളിവും ഇല്ലാത്ത സാഹചര്യത്തിലാണ് ടൗണിലെ മത്സ്യ വില്‍പന പഞ്ചായത്ത് തടഞ്ഞത്.
മത്സ്യം കഴിച്ചാണ് വിഷബാധയുണ്ടായതെങ്കില്‍ ഇതേദിവസം നൂറുകണക്കിന് ആളുകള്‍ മാര്‍ക്കറ്റില്‍നിന്നും മത്സ്യം വാങ്ങി കഴിച്ചിട്ടുണ്ട്. മറ്റാര്‍ക്കും ഇത്തരമൊരു ഭക്ഷ്യവിഷബാധയുണ്ടാകാത്ത സാഹചര്യവും സംശയങ്ങള്‍ക്ക് ഇടനല്‍കുന്നതാണ്.
രണ്ടു വിഭാഗം കച്ചവടക്കാരാണ് മാര്‍ക്കറ്റിലുള്ളത്. ഇതില്‍ ഒരു വിഭാഗവുമായി പഞ്ചായത്ത് ഭരണസമിതി അംഗത്തിന്റെ വഴിവിട്ട ബന്ധവും മറു വിഭാഗത്തിന്റെ വില്‍പന തടയുന്നതില്‍ കലാശിച്ചത്. ഈ അംഗത്തിന്റെ സമ്മര്‍ദ്ദ ഫലമായാണ് ഭരണ സമിതി അടിയന്തര യോഗം ചേര്‍ന്നത്.
എന്നാല്‍ മാര്‍ക്കറ്റിലെ ഒരു വിഭാഗത്തിന്റെ മാത്രം വില്‍പന തടയുന്നതിനെതിരേ പഞ്ചായത്ത് ഭരണസമിതിയിലെ പ്രതിപക്ഷ അംഗങ്ങള്‍ രംഗത്തെത്തി. ഇതോടെയാണ് മാര്‍ക്കറ്റിലെ മുഴുവന്‍ മത്സ്യ വിപണനവും തടയുന്നതിന് തീരുമാനമെടുത്തത്.
മാര്‍ക്കറ്റില്‍ മത്സ്യവിപണനം തടഞ്ഞതോടെ ഈ മേഖലയെ ആശ്രയിച്ചു കഴിഞ്ഞിരുന്ന അഞ്ഞൂറോളം കുടുംബങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്.
സ്റ്റോക്ക് പരിധിയില്‍ കൂടുതല്‍ മത്സ്യം കണ്ടെത്തിയതുകൊണ്ടും കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതുമാണ് മാര്‍ക്കറ്റിലെ പച്ചമത്സ്യ വിപണനം തടയാന്‍ കാരണമെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുപ്രകാശ് നല്‍കുന്ന വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."