കൊവിഡ്: സംസ്ഥാനത്ത് രോഗമുക്തി നേടുന്നവരുടെ എണ്ണം കുറയുന്നു; നിലവില്‍ 52.31 ശതമാനം
തിരുവനന്തപുരം: കൊവിഡ് വ്യാപനം നിയന്ത്രണങ്ങള്ക്കതീതമാകുന്നതിനിടെ കേരളത്തില്‍ രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും ആശങ്ക. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് രോഗമുക്തിയുടെ ശതമാനം കേരളത്തില്‍ കുറവാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ 52.31 ശതമാനം പേരാണ് സംസ്ഥാനത്ത് കൊവിഡില്‍ നിന്ന് മുക്തി നേടിയത്.
കൊവിഡ് രണ്ടാംഘട്ട വ്യാപനത്തിന്റെ തുടക്കത്തില്‍ പ്രതിദിനം രോഗം സ്ഥിരീക്കുന്നവരേക്കാള് കൂടുതല്‍ പേര് രോഗമുക്തി നേടിയിരുന്നു. ഏപ്രില്‍ ഒന്‍പത് മുതല്‍ ഏപ്രില്‍ 20 വരെ തുടര്‍ച്ചയായി ഈ നിലയിലായിരുന്നു സംസ്ഥാനത്ത് കൊവിഡ് കണക്കുകള്‍. പിന്നീട് ഏപ്രില്‍ 30 മുതല്‍ മെയ് എട്ടു വരെയും സമാന രീതിയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം തന്നെയായിരുന്നു മുന്നില്‍. എന്നാല്‍ ഈ മാസം രണ്ടാംതിയതി ഒഴികെ ബാക്കി മുഴുവന്‍ ദിവസങ്ങളിലും രോഗമുക്തി നേടുന്നവരുടെ എണ്ണം കുറയുകയാണ്. കഴിഞ്ഞ ആറു ദിവസങ്ങള്‍ക്കിടെ പുതിയതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിന്റെ പകുതിയില്‍ താഴെ പേര് മാത്രമാണ് രോഗമുക്തി നേടിയത്.
രാജ്യത്ത് കൊവിഡ് ബാധിച്ച സംസ്ഥാനങ്ങളില്‍ രോഗമുക്തിയില്‍ മുന്നിലുള്ളത് ഉത്തരാഖണ്ഡ് ആണ്, 79.54 ശതമാനം. ചത്തീസ്ഗഢ് (78.87), ഹിമാചല്‍ പ്രദേശ് (76.81), രാജസ്ഥാന് (75.24),ഹരിയാന (74.79), മധ്യപ്രദേശ് (73.71), ത്രിപുര ( 70), ഗുജറാത്ത് (69.97),ബിഹാര്‍ (69.50), ഒഡിഷ (66.74),പഞ്ചാബ് (66.42), മിസോറാം (66), ഉത്തര്‍പ്രദേശ് (64.65), തമിഴ്നാട് (64), പശ്ചിമ ബംഗാള്‍ (63.11), തെലങ്കാന (62.62), ജാര്‍ഖണ്ഡ് (62) എന്നിങ്ങനെയാണ് രോഗമുക്തിയില്‍ കേരളത്തേക്കാള്‍ ഏറെ മുന്നിലുള്ള സംസ്ഥാനങ്ങളുടെ ശതമാനക്കണക്ക്.
എന്നാല്‍ കൊവിഡ് മരണനിരക്ക് കേരളത്തില്‍ കുറവാണ്. നിലവില്‍ 0.4 ശതമാനം മാത്രമാണ് കേരളത്തിലെ മരണനിരക്ക്. ത്രിപുര, ജാര്‍ഖണ്ഡ്, മിസോറാം, ചിത്തീസ്ഗഢ്,ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ ഒഴികെ രോഗമുക്തിയില്‍ മുന്നിലുള്ള മറ്റു സംസ്ഥാനങ്ങളില്‍ മരണ നിരക്ക് കേരളത്തേക്കാള്‍ കൂടുതലാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."