തൊട്ടതൊന്നും ശരിയാവാതെ സര്‍ക്കാര്‍
തിരുവനന്തപുരം: എല്ലാം ശരിയാക്കാന്‍ അധികാരത്തില്‍ വന്ന ഇടതു സര്‍ക്കാര്‍ ഒന്നും ശരിയാക്കാന്‍ കഴിയാതെ ഓരോ ദിവസവും പ്രതിസന്ധകളിലേക്ക്. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പൊലിസിന് സംഭവിച്ച വീഴ്ചകള്‍ പാര്‍ട്ടിക്ക് അകത്തും മുന്നണിയിലും ഒട്ടേറെ പ്രതിസന്ധികള്‍ സൃഷ്ടിച്ചിരുന്നു. ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനം ദയനീയമായി മുന്നോട്ട് പോകുന്നതിനിടെ ഡി.ജി.പിയെ മാറ്റിയ സര്‍ക്കാര്‍ തീരുമാനം സുപ്രിം കോടതി റദ്ദാക്കിയതും വന്‍ തിരിച്ചടിയായി.
പിണറായി വിജയന്‍ അധികാരമേറ്റ നാള്‍ മുതല്‍ തന്നെ ആഭ്യന്തര വകുപ്പ് സര്‍ക്കാരിനെ പ്രതികൂട്ടിലാക്കുകയായിരുന്നു. ശക്തമായ ജനകീയ സര്‍ക്കാരാണ് അധികാരത്തില്‍ വന്നതെന്ന പ്രതീതി ആദ്യ ദിനങ്ങളില്‍ ഉയര്‍ന്നെങ്കിലും പിന്നീട് വിവാദങ്ങളുടെ ഘോഷയാത്രയായിരുന്നു. ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയും അന്നത്തെ ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുമായിരുന്ന നളിനി നെറ്റോയുടെ ഒരു കുറിപ്പിന്റെ അടിസ്ഥാനത്തില്‍ ക്രമസമാധാന ചുമതലയുണ്ടായിരുന്ന ഡി.ജി.പി സെന്‍കുമാറിനെ ആറാം ദിവസം നീക്കി ലോക്‌നാഥ് ബഹ്‌റയെ പകരംനിയമിച്ചുകൊണ്ടാണ് വിവാദങ്ങളുടെ ആദ്യ വെടിപൊട്ടിച്ചത്.
സര്‍ക്കാര്‍ ഒരു വര്‍ഷമാകുമ്പോള്‍ ആദ്യ തീരുമാനത്തിനു തന്നെ സുപ്രിം കോടതിയില്‍ നിന്നു തിരിച്ചടി ലഭിച്ചിരിക്കുന്നു. ബന്ധു നിയമന വിവാദത്തില്‍ കുരുങ്ങി ഇ.പി ജയരാജന്‍ മന്ത്രിസ്ഥാനത്ത് നിന്നു പുറത്തു പോയതും, ഫോണ്‍കെണിയില്‍ എ.കെ ശശീന്ദ്രന്‍ വീണതും ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജ നടത്തിയ സമരത്തിനു നേരെയുണ്ടായ പൊലിസ് മര്‍ദനം, മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍, മന്ത്രി എം.എം. മണിയുടെ വിവാദപരാമര്‍ശങ്ങള്‍, പാപ്പാത്തിച്ചോലയിലെ കുരിശു പൊളിക്കല്‍ സംഭവങ്ങളും ഒന്നാം വാര്‍ഷികത്തില്‍ സര്‍ക്കാരിനെ തിരിഞ്ഞു കുത്തുകയാണ്.
സര്‍ക്കാരിനു നിയമപരമായും രാഷ്ട്രീയപരമായുമുള്ള വലിയ തിരിച്ചടിയാണ് സെന്‍കുമാറിനെ പൊലിസ് മേധാവിയായി നിയമിക്കണമെന്ന സുപ്രിം കോടതി ഉത്തരവ്. സെന്‍കുമാറിനെതിരെ രൂക്ഷമായ ആരോപണങ്ങള്‍ നിയമസഭയില്‍ പോലും ഉന്നയിച്ച മുഖ്യമന്ത്രിക്ക് തന്നെയാണ് സുപ്രിം കോടതി വിധി ഏറ്റവും വലിയ തിരിച്ചടിയായിരിക്കുന്നത്. ബെഹ്‌റയുടെ പ്രവര്‍ത്തനം വളരെ മോശമാണെന്ന വിലയിരുത്തലാണ് ഇപ്പോള്‍ ഇടതുമുന്നണിയില്‍ പോലുമുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."