HOME
DETAILS
MAL
കൊവിഡ് നിയന്ത്രണം: തീരദേശങ്ങളില്‍ ധാരാവി മോഡല്‍ നടപ്പാക്കും
backup
July 14 2020 | 06:07 AM
തിരുവനന്തപുരം: തീരദേശത്തെ വിഴുങ്ങി കൊവിഡ്-19 പടര്‍ന്നുപിടിക്കുമ്പോള്‍ ഒന്‍പതു ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 590 കിലോമീറ്റര്‍ തീരപ്രദേശത്ത് മുംബൈയിലെ ധാരാവിയില്‍ പരീക്ഷിച്ച പ്രതിരോധ, നിയന്ത്രണ തന്ത്രം നടപ്പാക്കാന്‍ ആരോഗ്യവകുപ്പ്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം തുടങ്ങിയ ജില്ലകളിലെ തീരദേശ ഗ്രാമങ്ങളില്‍ കൊവിഡ് പടര്‍ന്നുപിടിക്കുകയാണ്. ഇതേതുടര്‍ന്ന് ഈ മേഖലകളില്‍ നിലവിലുള്ള പ്രതിരോധ, നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനാണു തീരുമാനം. ധാരവിയും സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളും ജനസാന്ദ്രത ഏറെയുള്ളതാണ്. രണ്ടു മേഖലകളിലും വീടുകളില്‍ നിരീക്ഷണം ഒരുക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ട്. അതുകൊണ്ടുതന്നെ മത, രാഷ്ട്രീയ, ട്രേഡ് യൂനിയന്‍ നേതാക്കള്‍, മത്സ്യത്തൊഴിലാളി പ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ അടങ്ങിയ സംഘത്തെ നിയോഗിച്ചായിരിക്കും ഇവിടെ പ്രതിരോധമൊരുക്കുക.
ട്രേസിങ്, ട്രാക്കിങ്, ടെസ്റ്റിങ്, ട്രീറ്റിങ് എന്നിവ അടിസ്ഥാനമാക്കിയുള്ളതാണു ധാരാവി മോഡല്‍. ഇതാണ് തീരപ്രദേശങ്ങളില്‍ പരീക്ഷിക്കുക. വൈറസ് വ്യാപനം തടയാന്‍ പരിശോധനകളിലൂടെയും സാമൂഹിക അകലം പാലിക്കുന്നതിലൂടെയും കഴിയുമെന്നു ധാരാവി തെളിയിച്ചിരുന്നു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇത്രയും വലിയൊരു ചേരിപ്രദേശത്ത് രോഗവ്യാപനം തടയാന്‍ സാധിച്ചത് കൃത്യമായ ആസൂത്രണങ്ങളിലൂടെയാണെന്ന് ലോകാരോഗ്യ സംഘടന പ്രശംസിക്കുകയും ചെയ്തിരുന്നു.
തീരദേശങ്ങളിലുള്ളവരെ പുറത്തിറക്കാതെ അവിടെ തന്നെ നിരീക്ഷണവും പരിശോധനയും ശക്തമാക്കും.
കൂടുതല്‍ പ്രദേശങ്ങളിലേക്ക് രോഗം വ്യാപിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കും. തീരപ്രദേശങ്ങളില്‍ കൂടുതല്‍ കൊവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഗുരുതരമായ രോഗികളെ തീരപ്രദേശത്തിനു പുറത്ത് പ്രത്യേക സ്ഥലത്തേക്കു മാറ്റും. കുട്ടികളെയും പ്രായമായവരെയും പ്രതിരോധ ശേഷിയില്ലാത്തവരെയും പ്രത്യേക സ്ഥലങ്ങളിലേക്കു മാറ്റും.
തീരദേശങ്ങളിലെ എല്ലാവരെയും തെര്‍മല്‍ സ്‌ക്രീനിങ്ങിനു വിധേയമാക്കും. ഇവരില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ ഉടന്‍ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റുകയോ നിരീക്ഷണത്തിലാക്കുകയോ ചെയ്യും. നിരീക്ഷണ കേന്ദ്രങ്ങള്‍ ഒരുക്കാനും മറ്റും സ്‌കൂളുകള്‍, ഓഡിറ്റോറിയങ്ങള്‍, പള്ളികള്‍ എന്നിവ സജ്ജീകരിക്കും തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നടത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."