കുട്ടികള്‍ക്ക് ഇസ്‌ലാമിക പേരുകളിടരുത്, ഷിന്‍ജിയാങില്‍ ചൈനയുടെ ഒരു നിരോധനം കൂടി
ഷിന്‍ജിയാങ്: താടി നീട്ടി വളര്‍ത്തരുത്, ഹിജാബ് ധരിക്കരുത് എന്ന നിയമങ്ങള്‍ക്കു പിന്നാലെ കുട്ടികള്‍ക്ക് ഇസ്‌ലാമിക പേരിടുന്നതിനും നിയന്ത്രണവുമായി ചൈന. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ഷിന്‍ജിയാങ് പ്രവിശ്യയിലാണ് ചില പേരുകള്‍ കുട്ടികള്‍ക്ക് ഇടരുതെന്ന നിര്‍ദേശം ചൈന പുറപ്പെടുവിച്ചിരിക്കുന്നത്.
ഇസ്‌ലാം, ഖുര്‍ആന്‍, മക്ക, ജിഹാദ്, ഇമാം, സദ്ദാം, ഹജ്ജ്, മദീന തുടങ്ങിയ നിരവധി പേരുകളടങ്ങുന്ന പട്ടികയും ചൈന ഇറക്കിയിട്ടുണ്ട്. ഇവയില്‍ ഒന്നും കുട്ടികള്‍ക്ക് നല്‍കരുതെന്നാണ് മത ഭീകരവാദം ഇല്ലാതാക്കണമെന്ന നിര്‍ദേശത്തോടെ പട്ടിക പുറത്തിറക്കിയിരിക്കുന്നത്.
ഈ പേരുകള്‍ വച്ച് രജിസ്റ്റര്‍ ചെയ്യുന്ന കുട്ടികളെ 'ഹുകോ' രജിസ്റ്ററില്‍ ഉള്‍പ്പെടുത്തില്ലെന്ന് പൊലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആരോഗ്യ-വിദ്യാഭ്യാസ സേവനങ്ങള്‍ നല്‍കുന്ന രജിസ്റ്ററാണിത്.
ഉയിഗുര്‍ കുട്ടികള്‍ക്ക് പേരിടുന്നതില്‍ നിയന്ത്രണം കൊണ്ടുവരുന്നതിലൂടെ അവരുടെ പാരമ്പരാഗതമായ ഉയിര്‍ഗുര്‍ സംസ്‌കാരം ഇല്ലാതാക്കുകയാണെന്ന് ഉയിഗുര്‍ കോണ്‍ഗ്രസ് വിമര്‍ശിച്ചു.
പൊതുസ്ഥലത്ത് ശിരോവസ്ത്രം ധരിക്കുന്നതും താടി നീട്ടിവളര്‍ത്തുന്നതും നിരോധിച്ചു കൊണ്ട് ഏപ്രില്‍ ഒന്നിന് ഉത്തരവിറങ്ങിയിരുന്നു. ദേശീയ ചാനലും റേഡിയോയും കാണുന്നത് തടയുന്നതും കുറ്റകരമായി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പേരു നിയന്ത്രണവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."