സഫീര്‍ വധം: യൂത്ത് ലീഗ് കലക്ട്രേറ്റ് ധര്‍ണ നടത്തി
പാലക്കാട്: അക്രമികളും കൊലപാതികളുമായ ഗുണ്ടകളെ സംരക്ഷിക്കുന്ന ദൗത്യമാണ് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും കേരളത്തില്‍ നിര്‍വഹിച്ചു കൊണ്ടിരിക്കുന്നതെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ ഫിറോസ് കുറ്റപ്പെടുത്തി. കൊല്ലപ്പെട്ടവരുടെ രാഷ്ട്രീയം നോക്കിയാണ് മുഖ്യമന്ത്രിയും പാര്‍ട്ടിയും ശത്രുവിനെ തീരുമാനിക്കുന്നത്.
മണ്ണാര്‍ക്കാട് കുന്തിപ്പുഴയിലെ യൂത്ത് ലീഗ് പ്രവര്ത്തകന് സഫീര്‍ കൊല്ലപ്പെട്ട കേസില്‍ സര്‍ക്കാരും പൊലിസും കാണിക്കുന്ന അനാസ്ഥക്കെതിരെ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തില്‍ നടത്തിയ കലക്ട്രേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുണ്ടകള്‍ തങ്ങളുടെ എതിര്‍പക്ഷത്താണെങ്കില്‍ അവരെ തള്ളിപറയുകയും കൂടെ നിന്നാല്‍ സംരക്ഷണം നല്‍കുകയും ചെയ്യുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. മണ്ണാര്‍ക്കാട് സഫീര്‍ വധ കേസില്‍ പ്രാദേശിക ചേരിപ്പോരിന്റെ പേരില്‍ സി.പി.ഐ ഗുണ്ടകളെ തള്ളി പറഞ്ഞ സി.പി.എം പിന്നീട് ഗുണ്ടകള്‍ സന്ധിചെയ്തപ്പോള്‍ അവരെ സഹായിക്കുന്ന നിലപാടിലാണ്. മുസ്ലിം ലീഗ് പ്രവത്തകര്‍ ഉള്‍പ്പെടെയുള്ളവരെ വധിക്കുകയും അക്രമിക്കുകയും ചെയ്തിരുന്നഘട്ടത്തില് അവരെ എല്ലാ നിലയിലും സഹായിക്കാന്‍ ശ്രമിച്ച സി.പി.എമ്മും ഇടതു ഭരണവും സ്വന്തം പാര്‍ട്ടി പ്രവര്ത്തകന് കൊല്ലപ്പെട്ടപ്പോള്‍ തള്ളി പറയുന്നതും കാര്യങ്ങള്‍ വ്യക്തമാക്കുന്നതായി ഫിറോസ് ആരോപിച്ചു.
ജില്ലാ പ്രസിഡന്റ് സി. എ സാജിത് അധ്യക്ഷനായി. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി മരക്കാര്‍ മാരായമംഗലം, സീനിയര്‍ വൈസ് പ്രസിഡന്റ് എം .എം ഹമീദ്, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി അന്‍വര്‍ സാദത്ത്, ജില്ലാ ലീഗ് സെക്രട്ടറിമാരായ റഷീദ് ആലായന്‍, എം. എസ് നാസര്‍, യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി ഗഫൂര്‍ കോല്‍കളത്തില്‍, ഷമീര്‍ പഴേരി, ഇക്ബാല്‍ പുതുനഗരം,ബി എസ് മുസ്തഫ തങ്ങള്‍, മുജീബ് മല്ലിയില്‍, വി.പി ഫാറൂഖ് മാസ്റ്റര്‍, സകരിയ കൊടുമുണ്ട, എ.എം അലി അസ്ഗര്‍ ,കെപിഎം സലീം, മാടാല മുഹമ്മദലി, റിയാസ് നാലകത്ത് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."