കരിപ്പൂര്‍ വിമാനത്താവള വികസനം: റണ്‍വേ നീളം കൂട്ടാന്‍ 208 ഏക്കര്‍ വേണം
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് 208.3 ഏക്കര്‍ ഭൂമി ഏറ്റെടുത്തു നല്‍കണമെന്ന പുതിയ ആവശ്യവുമായി എയര്‍പോര്‍ട്ട് അതോറിറ്റി രംഗത്ത്.
വിമാനത്താവളത്തിന്റെ അത്യാവശ്യ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് നല്‍കാമെന്ന് അറിയിച്ചതോടെയാണ് നേരത്തെയുള്ള കണക്കുകള്‍ മാറ്റിവച്ച് 208.3 ഏക്കറെന്ന ആവശ്യവുമായി അതോറിറ്റി രംഗത്തെത്തിയത്. ഇതിനുള്ള അനുമതിക്കായി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി ഡി.ജി.സി.എയെ സമീപിച്ചിരിക്കുകയാണ്.
വര്‍ഷങ്ങളായി ഭൂമി ഏറ്റെടുക്കലിന് കൃത്യതയില്ലാത്ത നടപടികളുമായി മുന്നോട്ടുപോകുന്ന അതോറിറ്റി ഇത്തവണ റണ്‍വേ നീളം വര്‍ധിപ്പിക്കുന്നതിന് ഭൂമി വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, വിമാനത്താവള വികസനത്തിന് നേരത്തെ 485.3 ഏക്കര്‍ ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നെങ്കിലും റണ്‍വേ വികസനത്തിന് സാമ്പത്തിക ബാധ്യത ഏറുമെന്നായതോടെ അതോറിറ്റി പിന്‍വലിയുകയായിരുന്നു.
മണ്ണിട്ട് ഉയര്‍ത്തി റണ്‍വേ നിര്‍മിക്കുന്നത് കടുത്ത സാമ്പത്തിക ബാധ്യതയും പാരിസ്ഥിതിക പ്രശ്‌നങ്ങളുമുണ്ടാകുമെന്ന് അറിഞ്ഞതോടെയാണ് അതോറിറ്റി പിന്‍വലിഞ്ഞത്. ഭൂമി ഏറ്റെടുക്കലിനെതിരേ പ്രദേശവാസികളുടെ എതിര്‍പ്പും ശക്തമായിരുന്നു.
പിന്നീട് റണ്‍വേ നീളം കൂട്ടല്‍ ഉപേക്ഷിച്ച അതോറിറ്റി 168.13 ഏക്കര്‍ ഭൂമി മതിയെന്ന് ആവശ്യപ്പെട്ടു. ഇതും ഉപേക്ഷിച്ച് അവസാനം 96 ഏക്കറെങ്കിലും ലഭ്യമാക്കണമെന്നായിരുന്നു ആവശ്യമുന്നയിച്ചത്. ഇതിനിടയിലാണ് നിലവിലെ റണ്‍വേയില്‍ റിസ(റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ)നിര്‍മിച്ച് ഇടത്തരം വിമാനങ്ങള്‍ക്ക് സൗകര്യമൊരുക്കാന്‍ തീരുമാനിച്ചത്. റിസ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണ്. ഇടത്തരം വിമാനങ്ങള്‍ക്ക് റണ്‍വേ പര്യാപ്തമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇടത്തരം വിമാനങ്ങളുടെ സര്‍വിസ് ആരംഭിക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് ഡി.ജി.സി.എയുടെ പരിഗണനയിലാണ്. ഇതിനിടയിലാണ് വികസനത്തിന് എത്രഭൂമി വേണമെന്ന മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
റണ്‍വേ നീളം വര്‍ധിപ്പിക്കുന്നതിന് മാത്രമായി 208.3 ഏക്കര്‍ വേണമെന്നാണ് അതോറിറ്റിയുടെ തീരുമാനം.
ഇതിനുള്ള മാസ്റ്റര്‍ പ്ലാനിന് ഡി.ജി.സി.എയില്‍ നിന്ന് അംഗീകാരം ലഭിച്ചാല്‍ മാത്രമേ സര്‍ക്കാറിന് ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ റിസ നിര്‍മാണം കഴിഞ്ഞതിനാല്‍ റണ്‍വേ നീളം കൂട്ടുന്നതിലും സാങ്കേതികത്വം നിലനില്‍ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."