മന:ശാസ്ത്രജ്ഞന് ഡോ.ജോണ്സണ് ഐരൂര്‍ അന്തരിച്ചു
നിലമ്പൂര്‍: പ്രശസ്ത ഹിപ്നോട്ടിസ്റ്റും, എഴുത്തുകാരനുമായ ഡോ.ജോണ്സണ് ഐരൂര്‍ (74) അന്തരിച്ചു. പ്രതികളെ ഹിപ്നോട്ടിസം ചെയ്ത് പ്രമാദമായ നിരവധി കേസുകള്‍ തെളിയിക്കാന്‍ സംസ്ഥാന പൊലിസിനെ സഹായിച്ചിട്ടുണ്ട്.
കറന്റ് ബുക്സില്‍ സെയില്‍സ്മാനായും ബ്രാഞ്ച് മാനേജരായും സേവനമനുഷ്ഠിച്ചു. കമ്പി-തപാല്‍ വകുപ്പില്‍ ആര്.എം.എസ്.ക്ലാസ്-3 യൂനിയന്‍ സെക്രട്ടറിയും സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് സര്‍വിസില്‍ നിന്നും നീക്കം ചെയ്യപ്പെട്ടു.
മിശ്രവിവാഹ സംഘം, കേരളയുക്തിവാദി സംഘം എന്നീ സംഘടനകളില്‍ യഥാക്രമം സംസ്ഥാന പ്രസിഡന്റ്, വൈസ് പ്രസിഡണ്ട് സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. കേരള ശാസ്ത്രസാഹിത്യപരിഷത്ത്, യുവകലാസാഹിതി എന്നിവയുടെ സക്രിയ പ്രവര്‍ത്തകനായിരുന്നു. പ്രശസ്ത മനഃശാസ്ത്രജ്ഞനും യുക്തിവാദിയുമായിരുന്ന പ്രൊഫ. എ.ടി. കോവൂരിന്റെ കൂടെ ദിവ്യാത്ഭുത അനാവരണ പരിപാടിയുമായി ഭാരതപര്യടനം നടത്തി.
മജീഷ്യന്‍ ആര്.കെ. മലയത്തുമായി ചേര്‍ന്ന് 'മെന്റാരമ' എന്ന പേരില്‍ സ്റ്റേജ് ഹിപ്നോട്ടിക് പ്രകടനങ്ങള്‍ കേരളത്തിലുടനീളം നടത്തിയിട്ടുണ്ട്. രണ്ടുദശകങ്ങളായി, ക്ലിനിക്കല്‍' ഫോറന്‍സിക് ഹിപ്നോളജിയില്‍ നടത്തിയ സേവനങ്ങളെ മാനിച്ച് ശ്രീലങ്കന്‍ സര്‍ക്കാര്‍ അംഗീകൃത ഡീംഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് 'ഡോക്ടര്‍ ഓഫ് സയന്‍സ്' ബിരുദ ബഹുമതിയും ഫെല്ലോഷിപ്പും ലഭിച്ചു.
പ്രസ്തുത യൂണിവേഴ്സിറ്റിയുടെ 'ക്ലിനിക്കല്‍ ഹിപ്നോസിസ് ഡോക്ടറേറ്റ് പ്രോഗ്രാമി'ന്റെ അക്രെഡിറ്റഡ് പ്രൊഫസറും പരീക്ഷകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ഉള്‍പ്പെടെ എഴുതി. ഒരു ഹിപ്നോട്ടിസ്റ്റിന്റെ അനുഭവങ്ങള്‍, ഭക്തിയും കാമവും, ഹിപ്നോട്ടിസം ഒരു പഠനം, അനുസരണക്കേടിന്റെ സുവിശേഷം, പ്രതീകങ്ങള്‍ മനഃശാസ്ത്ര ദൃഷ്ടിയില്, യുക്തിചിന്ത (വിവര്‍ത്തനം) തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
2018ലെ എ.ടി കോവൂര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
ഭാര്യ: കോമളം. മക്കള്‍: തനുജ (സംസ്ഥാന സഹകരണ വകുപ്പ്), നിഖില്‍ (ഐ.ഐ.എസ്.ടി തിരുവനന്തപുരം) മരുമകള്‍: മിഷ. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് നിലമ്പൂര്‍ മുനിസിപ്പല്‍ വാതക ശ്മശാനത്തില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."