'ചിറകുകള്‍' വേണം, തോമസിന് സ്‌പെയിനിലേക്ക് പറക്കാന്‍
കല്‍പ്പറ്റ: മാനന്തവാടി ദ്വാരക പള്ളിത്താഴത്ത് തോമസിനു സ്‌പെയിനിലേക്കു വിമാനം കയറണം.വെറുതെ ചുറ്റിയടിക്കാനല്ല, വേള്‍ഡ് മാസ്റ്റേഴ്‌സ് മീറ്റില്‍ ദീര്‍ഘദൂര ഓട്ടത്തില്‍ ഇന്ത്യന്‍ ജഴ്‌സിയണിയാന്‍. സ്‌പെയിനില്‍ മാരത്തണില്‍ മാറ്റുരച്ച് മടങ്ങാന്‍ കുറഞ്ഞത് രണ്ടു ലക്ഷം രൂപ വേണം. ഇന്ത്യന്‍ താരമെന്ന ഖ്യാതിയുണ്ടെങ്കിലും വിമാനക്കൂലിക്കും ചെലവിനും മറ്റുമായി കേന്ദ്ര-സംസ്ഥാന കായിക മന്ത്രാലയങ്ങള്‍ കാല്‍ തുക നല്‍കില്ല. മുഴുവന്‍ ചെലവും താരം സ്വയം വഹിക്കണം.
കുടുംബം പോറ്റുന്നതിനു 57-ാം വയസിലും ട്രക്ക് ഓടിക്കുകയാണ് തോമസ്. ജീവിതം പ്രാരാബ്ധങ്ങള്‍ക്കു നടുവിലായതിനാല്‍ മിച്ചപ്പെട്ടിയില്‍ ഒന്നുമില്ല.അതിനാല്‍ ലോകമീറ്റിനുള്ള അവസരം കൈവിടുമോ എന്ന ശങ്കയിലാണ് തോമസ്. മലയാളക്കരയിലെ കായിക പ്രേമികളിലാണ് ഇനി പ്രതീക്ഷ. അടുത്തിടെ ബംഗളൂരുവില്‍ നടന്ന ഓള്‍ ഇന്ത്യാ മാസ്റ്റേഴ്‌സ് മീറ്റിലെ മിന്നുംപ്രകടനമാണ് തോമസിനു സ്‌പെയിനിലേക്കുള്ള വഴി തുറന്നത്. ബംഗളൂരു മീറ്റില്‍ 10 കിലോമീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം സ്വന്തമാക്കിയ തോമസ് അഞ്ചു കിലോമീറ്റര്‍ ഓട്ടത്തില്‍ വെള്ളി കൊയ്തു. 1500 മീറ്ററില്‍ വെങ്കലവും നേടി. ലോകമീറ്റില്‍ ട്രാക്കില്‍ തീപ്പൊരി വീഴ്ത്താമെന്ന വിശ്വാസവും തോമസിനുണ്ട്.
പള്ളിത്താഴത്ത് പരേതരായ ചാണ്ടി-അന്ന ദമ്പതികളുടെ ആറു മക്കളില്‍ അഞ്ചാമനാണ് തോമസ്. ഭാര്യ ലില്ലിയും അശ്വതി, അനു എന്നീ മക്കളും അടങ്ങുന്ന കുടുംബം ദ്വാരകയില്‍ വാടകവീട്ടിലാണ് താമസം. 18 വര്‍ഷം മുന്‍പ് കൃഷിയില്‍ തോറ്റ് മുംബൈയില്‍ ഡ്രൈവര്‍ ജോലിക്കിറങ്ങിയ തോമസ് വ്യായാമത്തിനായി തുടങ്ങിയ നടത്തമാണ് ഓട്ടമായി മാറി ഇത്രത്തോളം എത്തിയത്.ട്രക്ക് ഓടിക്കുന്നതിനിടെയുള്ള കിതപ്പ് തുടര്‍ക്കഥയായപ്പോള്‍ സുഹൃത്തുക്കളില്‍ ഒരാളാണ് നടത്തം ഉപദേശിച്ചത്. പ്രഭാതങ്ങളിലെ നടത്തം സാവകാശം തോമസിനെ ഓട്ടക്കാരനായി വളര്‍ത്തുകയായിരുന്നു.
വഞ്ഞോട് യു.പി സ്‌കൂളിലും വാളാട് ഹൈസ്‌കൂളിലും പഠിക്കുമ്പോള്‍ കായിക മത്സരങ്ങള്‍ നടക്കുന്നിടത്ത് കാഴ്ചക്കാരന്‍ മാത്രമായിരുന്നു അദ്ദേഹം. 2014 ലെ 21 കിലോമീറ്റര്‍ മുത്തൂറ്റ് ഫിനാന്‍സ് കൊച്ചിന്‍ മാരത്തണില്‍ പങ്കെടുത്തപ്പോഴാണ് തന്നിലെ ദീര്‍ഘദൂര ഓട്ടക്കാരനെ തോമസ് തിരിച്ചറിഞ്ഞത്.രണ്ടു മണിക്കൂര്‍ 13 മിനിറ്റ് 41 സെക്കന്റില്‍ ഓട്ടം പൂര്‍ത്തിയാക്കിയ തോമസ് 44-ാം സ്ഥാനക്കാരനായി. ദൂരങ്ങള്‍ കീഴടക്കാനുള്ള കരുത്ത് കാലുകള്‍ക്കുണ്ടെന്നു മനസിലാക്കിയ തോമസ് നേരം കിട്ടുമ്പോഴൊക്കെ കഠിനപരിശീലനത്തില്‍ ഏര്‍പ്പെട്ടു. താമരശേരി ചുരത്തിലെ അടിവാരം മുതല്‍ ലക്കിടി വരെയുള്ള കയറ്റം നിര്‍ത്താതെ ഓടിക്കയറുകയായിരുന്നു അഭ്യാസ മുറകളിലൊന്ന്.
മൂന്നു വര്‍ഷത്തിനു ശേഷം 2017ല്‍ നടന്ന 21 കിലോമീറ്റര്‍ കൊച്ചിന്‍ മാരത്തണില്‍ തോമസായിരുന്നു ഒന്നാമന്‍. ഒരു മണിക്കൂര്‍ 37 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് തോമസ് സ്വര്‍ണ മെഡലില്‍ മുത്തമിട്ടത്. കേരളത്തിനകത്തും പുറത്തുമായി ഇതിനകം ഇരുപതില്‍പരം ദീര്‍ഘദൂര മത്സരങ്ങളില്‍ തോമസ് പങ്കെടുത്തിട്ടുണ്ട്. 2017 നവംബറില്‍ കൊച്ചിയില്‍ നടന്ന 55 വയസിനു മുകളില്‍ പ്രായമുള്ളവരുടെ ഹാഫ് മാരത്തണില്‍ വിജയിച്ചതിന് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് വിക്ടറി സ്റ്റാന്‍ഡില്‍ നിന്ന തോമസിന്റെ കഴുത്തില്‍ സ്വര്‍ണ മെഡല്‍ ചാര്‍ത്തിയത്.
2017 നവംബര്‍ മുതല്‍ ഇതുവരെ കേരളത്തിനകത്തും പുറത്തും നടന്ന മത്സരങ്ങളില്‍ നിന്ന് ഏഴു സ്വര്‍ണവും മൂന്നു വെള്ളിയും ഒരു വെങ്കലവും തോമസ് കരസ്ഥമാക്കി. സ്‌പെയിനിലും മെഡലിനു അവസരമുണ്ട്. അവിടേക്കു പറക്കാന്‍ ആരെങ്കിലും ചിറകുകള്‍ തന്നിരുന്നെങ്കില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."