കുടിവെള്ള വിതരണത്തില്‍ അഴിമതി ആരോപിച്ച് നഗരസഭയില്‍ പ്രതിപക്ഷ ബഹളം
കോട്ടയം: നഗരത്തിലെ വിവിധ വാര്‍ഡുകളിലേക്കുള്ള കുടിവെള്ള വിതരണത്തില്‍ അഴിമതിയുണ്ടെന്ന ആരോപണം കോട്ടയം നഗരസഭ കൗണ്‍സില്‍ ബഹളമയമാക്കി. ഇന്നലെ ചേര്‍ന്ന അടിയന്തിര കൗണ്‍സില്‍ യോഗത്തിലാണ് കുടിവെള്ള വിതരണത്തിനായുള്ള ടെണ്ടര്‍ നടപടികള്‍ വിവാദ വിഷയമായത്.
കുടിവെള്ള വിതരണത്തിന് ക്വട്ടേഷന് ക്ഷണിച്ചതില്‍ രണ്ടെണ്ണത്തിന് മാത്രമാണ് ആവശ്യമായ യോഗ്യതയുണ്ടായിരുന്നതെന്ന് പ്രതിപക്ഷത്ത് നിന്ന് പി.എന്‍ സരസമ്മാള്‍ ആരോപിച്ചു. എന്നാല്‍ പുനര്‍ക്വട്ടേഷന്‍ വിളിക്കാതെ ലഭ്യമായതില്‍ നിന്നും ഒരെണ്ണം തെരഞ്ഞടുക്കാനാണ് അധികൃതര്‍ തീരുമാനിച്ചത്. എന്നാല്‍ ഇതില്‍ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി തീരുമാനത്തെ പ്രതിപക്ഷ അംഗങ്ങള്‍ ഒന്നടങ്കം എതിര്‍ക്കുകയായിരുന്നു. പുനര്‍ ക്വട്ടേഷന്‍ വിളിക്കാന്‍ കാലതാമസമെടുക്കുമെന്നായിരുന്നു ഭരണപക്ഷത്തിന്റെ വാദം. റജി മോന്‍,കെ.കെ ശ്രീമോന്‍ അരുണ്‍ ഷാജി എന്നിവരും പ്രതിപക്ഷത്തെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തു. എം.പി സന്തോഷ് കുമാര്‍,ടിനോ കെ. തോമസ് എന്നിവരാണ് ഭരണപക്ഷത്തിനായി യോഗത്തില്‍ വാദമുയര്‍ത്തിയത്.
1500 രൂപയ്ക്ക് 5000 ലിറ്റര്‍ വെള്ളം കോട്ടയം നഗരത്തില്‍ ലഭ്യമാകുമെന്നിരിക്കെ 2250 രൂപയ്ക്ക് കരാര്‍ നല്‍കാനുള്ള തീരുമാനം അംഗീകരിക്കാനാവില്ലെന്ന നിലപാടിലായിരുന്നു പ്രതിപക്ഷം. ഒരു ലോഡിന് 750 രൂപ അധികനിരക്കില്‍ കരാര്‍ നല്‍കാനുള്ള അധികാരികളുടെ തീരുമാനത്തിന് പിന്നില്‍ വ്യക്തമായ അഴിമതിയുണ്ടെന്നായിരുന്നു ആരോപണം. കുടിവെള്ള വിതരണത്തിനായി ക്വട്ടേഷന്‍ നല്‍കിയതില്‍ ഒരാള്‍ വികസന സമിതി ചെയര്‍മാന്റെ ബന്ധു കൂടിയാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
കരാറുകാരനില്‍ നിന്നു പ്രതിഫലം കൈപ്പറ്റി കൂടിയ തുകയ്ക്കു ക്വട്ടേഷന്‍ നല്‍കാനുള്ള അധികാരികളുടെ നീക്കത്തിനെതിരെ രൂക്ഷമായ പ്രതികരണമാണ് പ്രതിപക്ഷ അംഗങ്ങള്‍ നടത്തിയത്. പത്രപരസ്യത്തിലൂടെ ക്വട്ടേഷന്‍ ക്ഷണിച്ചപ്പോള്‍ ഇടവഴികളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിനായി 2000 ലിറ്റര്‍ വെള്ളം കൊള്ളുന്ന ലോറിക്കുള്ള ക്വട്ടേഷന്‍ ക്ഷണിച്ചിരുന്നില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."