പുറത്തുള്ള കൊവിഡ് ഡ്യൂട്ടി എടുക്കില്ലെന്ന് മെഡിക്കല്‍ പി.ജി അസോസിയേഷന്‍
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രികള്‍ക്കു പുറത്തുള്ള കൊവിഡ് ഡ്യൂട്ടി എടുക്കില്ലെന്ന് മെഡിക്കല്‍ പി.ജി അസോസിയേഷന്‍. ഇതോടെ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ നിന്നുള്ള ഡോക്ടര്‍മാരെ വിന്യസിച്ചുകൊണ്ട് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ നടത്താനുള്ള സര്‍ക്കാര്‍ നീക്കം പാളി.
ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാര്‍ വിമാനത്താവളങ്ങളിലും അതിര്‍ത്തികളിലുമടക്കം ജോലി ചെയ്യുമ്പോഴാണ് പി.ജി അസോസിയേഷന്റെ ഈ തീരുമാനം. രോഗികളുടെ എണ്ണം കുത്തനെ കൂടിയതോടെ രോഗലക്ഷണങ്ങളില്ലാത്തവരെയും ചെറിയ ലക്ഷണങ്ങളുള്ളവരെയും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് കേന്ദ്രങ്ങളിലേക്കാണ് മാറ്റുന്നത്. ഇവിടങ്ങളില്‍ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ നിന്നുള്ള ഡോക്ടര്‍മാരെക്കൂടി ഉള്‍പ്പെടുത്തി ചികിത്സ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. വിവിധ മെഡിക്കല്‍ കോളജുകളിലായി 3000ത്തിലേറെ പി.ജി വിദ്യാര്‍ഥികളുണ്ട്. ഇവരുടെ കൂടി സേവനം ഉപയോഗപ്പെടുത്താനും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. കൊവിഡ് ഇതര ചികിത്സകള്‍ നിയന്ത്രിതമായി മാത്രമേ നടക്കുന്നുളളു എന്നതിനാല്‍ പി.ജി വിദ്യാര്‍ഥികള്‍ താരതമ്യേന തിരക്കൊഴിഞ്ഞ അവസ്ഥയിലാണെന്നതും സര്‍ക്കാര്‍ കണക്കിലെടുത്തു.
ഇതനുസരിച്ച് കൂടുതല്‍ സമ്പര്‍ക്കരോഗികളുള്ള തിരുവനന്തപുരത്ത് മെഡിക്കല്‍ കോളജില്‍ നിന്നുള്ള പി.ജി ഡോക്ടര്‍മാരെ നിയോഗിച്ചെങ്കിലും ആരും ഡ്യൂട്ടിക്കെത്തിയില്ല. വിമാനത്താവളങ്ങളിലും ജില്ലാതിര്‍ത്തികളിലും തീവ്രബാധിത മേഖലകളിലുമടക്കം ജോലി ചെയ്യുന്ന ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാര്‍ ഇതിനെതിരേ രംഗത്തെത്തിയിട്ടുണ്ട്. പി.ജി അസോസിയേഷന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്നും ചര്‍ച്ച നടത്തുമെന്നും മെഡിക്കല്‍ വിദ്യാഭ്യാസ ഡയരക്ടറും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."