കാട്ടാനകള്‍ കൃഷി നശിപ്പിച്ചു
കേളകം: ഓടംതോടില്‍ കാട്ടാനകള്‍ കൃഷിവിളകള്‍ നശിപ്പിച്ചു. ഓടംതോട് സ്വദേശി പന്തപ്ലാക്കല്‍ ചാക്കോയുടെ കൃഷിയിടത്തിലാണ് ഇന്നലെ പുലര്‍ച്ചെ കാട്ടാനയുടെ വിളയാട്ടമുണ്ടായത്. എട്ടോളം കാട്ടാനകളാണ് ചാക്കോയുടെ കൃഷിയിടത്തിലെത്തിയത്. വാഴ, തെങ്ങ്, മരച്ചീനി തുടങ്ങിയ കാര്‍ഷിക വിളകളെല്ലാം പൂര്‍ണമായും നശിപ്പിച്ചു.
വീടിന്റെ സമീപത്തുവരെ എത്തിയ കാട്ടാനക്കൂട്ടം കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന ശബ്ദംകേട്ട വീട്ടുകാര്‍ പുറത്തിറങ്ങിയെങ്കിലും ഭയംമൂലം കാട്ടാനയെ ഓടിക്കാന്‍ കഴിഞ്ഞില്ല. ഏറെനേരം ഭീതി പരത്തിയതിനു ശേഷമാണ് കാട്ടാനക്കൂട്ടം തിരികെ കാട്ടിലേക്ക് കയറിപ്പോയത്. അന്‍പതിലധികം വാഴകളും പത്ത് തെങ്ങുകളും അന്‍പതോളം ചുവട് മരച്ചീനിയുമാണ് നശിപ്പിച്ചത്. എന്നാല്‍ വനംവകുപ്പ് അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഇതിനുമുന്‍പ് കാട്ടാനകള്‍ കാര്‍ഷികവിളകള്‍ നശിപ്പിച്ചിട്ടുണ്ടെങ്കിലും നഷ്ടപരിഹാരം നല്‍കാന്‍ തയാറായിട്ടില്ലെന്നും കര്‍ഷകര്‍ പറയുന്നു.
ആറളം ഫാമിലിറങ്ങിയ കാട്ടാനകളെ തുരത്തി
ഇരിട്ടി: ആറളം പുനരധിവാസ മേഖലയില്‍ തമ്പടിച്ചിരുന്ന കാട്ടാനകളെ വനത്തിലേക്ക് തുരത്തി മേഖലയില്‍ വനം വകുപ്പ് ജാഗ്രത തുടരുന്നു. കഴിഞ്ഞദിവസം ആറളം കൊക്കോട്, കീഴ്പ്പള്ളി വട്ടപ്പറമ്പ് എന്നിവിടങ്ങളിലുണ്ടായ കാട്ടാന ആക്രമണത്തില്‍ നിരവധി കര്‍ഷകരുടെ കാര്‍ഷിക വിളകള്‍ നശിപ്പിച്ച സാഹചര്യത്തിലാണ് കാട്ടാനയെ കാട്ടിലേക്ക് തുരത്താന്‍ വനം വകുപ്പ് നടപടി ആരംഭിച്ചത്.
ആറളം ഫാം രണ്ടാംബ്ലോക്കില്‍ കണ്ടെത്തിയ മൂന്നു ആനകളെ തുരത്താന്‍ തിങ്കളാഴ്ച നടന്ന ശ്രമം വൈകുന്നേരത്തോടെ പരാജയപ്പെടുകയായിരുന്നു. വീണ്ടും ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ നിരീക്ഷിക്കുന്നതിന് ഇടയില്‍ ജനവാസ മേഖലയില്‍ കൂടുതല്‍ കാട്ടാനകളെ കണ്ടെത്തിയതിനെതുടര്‍ന്നാണ് ഇന്നലെ രാവിലെ മുതല്‍ വീണ്ടും കാട്ടാനകളെ തുരത്താന്‍ ഉള്ള ശ്രമം തുടര്‍ന്നത്. വൈകിട്ടോടെ അവശേഷിച്ച മൂന്ന് കാട്ടാനകളെ കൂടി വനംവകുപ്പ് കാട്ടിലേക്ക് തുരത്തി. കാട്ടാനകളെ കാട്ടിലേക്ക് തുരത്തിയെങ്കിലും വീണ്ടും ജനവാസ കേന്ദ്രത്തില്‍ ഇറങ്ങാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തില്‍ മേഖലയില്‍ വനം വകുപ്പ് കനത്ത ജാഗ്രതയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."