ആദിവാസി വീട്ടിലേക്ക് മണ്ണെണ്ണ ഒഴിച്ച് തീയെറിഞ്ഞ സംഭവം: വിദഗ്ധ സംഘം പരിശോധന നടത്തി
കാളികാവ്: ആദിവാസി വീട്ടിലേക്ക് ജനലിലൂടെ മണ്ണെണ്ണ ഒഴിച്ച് തീയെറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് വിദഗ്ധ സംഘം പരിശോധന നടത്തി. ചോക്കാട് നാല്‍പത് സെന്റ് ആദിവാസി കോളനിയിലെ ഒടുക്കന്‍ ബാബുവിന്റെ വീട്ടിലാണ് വിരലടയാള വിദഗ്ദര്‍, രാസപരിശോധന വിഭാഗം തുടങ്ങിയവര്‍ പരിശോധന നടത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചിനാണ് ബാബുവിന്റെ ഭാര്യ സിന്ദുവും മകന്‍ അശ്വിനും കിടന്നിരുന്ന മുറിയിലേക്ക് തീയിട്ടത്. തീ കണ്ട് ഞെട്ടിയുണര്‍ന്ന സിന്ദു പെട്ടന്ന് തീ അണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി.
ജനല്‍ വഴി തീയെറിഞ്ഞ ഭാഗത്ത് സൂക്ഷ്മ പരിശേധന നടത്തിയെങ്കിലും ഒരു വിരലടയാളവും കണ്ടെത്താനായിട്ടില്ല. ജനലില്‍ തൊടാതെ മണ്ണെണ്ണ ഒഴിച്ച ശേഷം തിപ്പെട്ടി കമ്പ് കത്തിച്ചെറിഞ്ഞതായിരിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ജനല്‍ വഴി വീട്ടിനുള്ളിലേക്ക് ഒഴിച്ചത് മണ്ണെണ്ണയാണോ മറ്റെന്തെങ്കിലും തരത്തിലുള്ള വസ്തുവാണോ എന്നതാണ് രാസപരിശോധന സംഘം പ്രത്യേകം പരിശോധിക്കുന്നത്.
മാവോയിസ്റ്റുകള്‍ സാന്നിധ്യമറിയിക്കുന്ന പ്രദേശത്തോട് ചേര്‍ന്ന് കിടക്കുന്ന ആദിവാസി കോളനിയാണെങ്കിലും സംഭവത്തില്‍ മാവോയിസ്റ്റുകള്‍ക്ക് പങ്കില്ലെന്ന് അന്വേഷണ സംഘം പറഞ്ഞു. പ്രാദേശികമായിട്ടുള്ള പ്രശ്‌നമാണ് സംഭവത്തിന് പിന്നിലെന്ന് സൂചന ലഭിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. ആദിവാസി വീടിന് നേരെ അക്രമമണമുണ്ടായി മൂന്ന് ദിവസം കഴിഞ്ഞിട്ടും സംഭവത്തിലെ ദുരൂഹത നീക്കാന്‍ പൊലിസിന് കഴിഞ്ഞിട്ടില്ലെന്നും പരാതിയുണ്ട്. ജില്ലയിലെ ഏറ്റവും വലിയ ആദിവാസി കോളനിയായ നാല്പത് സെന്റ് കോളനിയില്‍ ഇതുവരെ ഇങ്ങനെ ഒരു സംഭവമുണ്ടായിട്ടില്ലെന്നും പ്രതികളെ പെട്ടന്ന് പിടികൂടണമെന്നും ആദിവാസികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."