പാറുവമ്മയുടെ 'പറവ' ചങ്ങാതിമാര്‍
ചെറുവത്തൂര്‍: കാരിയില്‍ ചായക്കട നടത്തുന്ന പാറുവമ്മയ്ക്ക് കൂട്ടുകൂടാന്‍ വേറിട്ട ചങ്ങാതിമാരുണ്ട്. രണ്ടു മണ്ണാത്തി പുള്ളുകള്‍. പക്ഷികളും ഈ അമ്മൂമ്മയും തമ്മിലുള്ള സൗഹൃദം തുടങ്ങുന്നത് ഏതാണ്ട് രണ്ടുമാസം മുന്‍പാണ്. കാരിയില്‍ സ്കൂളിനുസമീപം ഓലഷെഡില് ചായക്കട നടത്തുകയാണ് പാറുവമ്മ. കടയുടെ മുറ്റത്തെ മന്ദാരചെടിയില് നിറയെ പക്ഷികള്‍ വിരുന്നെത്തും.
ഇക്കൂട്ടത്തില്‍ രണ്ടു മണ്ണാത്തി പുള്ളുകളുമുണ്ട്. അടുത്തൊന്നും വരാറില്ലെങ്കിലും പക്ഷികള്‍ക്കായി അരിയോ മറ്റോ എറിഞ്ഞുകൊടുക്കുന്ന പതിവ് പാറുവമ്മയ്ക്ക് ഉണ്ടായിരുന്നു. മറ്റു പക്ഷികളില്‍നിന്ന് വ്യത്യസ്തരായി മുറ്റത്തുനിന്നിരുന്ന രണ്ടുപക്ഷികള്‍ മെല്ലെ പാറുവമ്മയുടെ അരികിലെത്തും. മേശയുടെ മുകളിലെത്തിയാല്‍ ശബ്ദമുണ്ടാക്കി വിളിക്കും. ചില്ലുഭരണിയിലുള്ള കേക്ക് ചെറു കഷണങ്ങളാക്കി കൈയില്‍വച്ച് നീട്ടുമ്പോള്‍ പേടിയൊന്നുമില്ലാതെ കൊത്തിത്തിന്നും. ഈ അപൂര്‍വ സൗഹൃദം കടയിലെത്തുന്ന എല്ലാവര്ക്കും അത്ഭുതമാണ്. ഭര്‍ത്താവ് രാമന്റെ മരണശേഷമാണ് പാറുവമ്മ ചായക്കടയുടെ നടത്തിപ്പ് ഏറ്റെടുത്തത്.
കാരിയില്‍ എ.എല്‍.പി സ്കൂളിലെ കുട്ടികളും ഈ മുത്തശ്ശിയുമായി നല്ല കൂട്ടാണ്. സ്കൂളില്‍ കുടിവെള്ളം ഒരുക്കി വയ്ക്കുമെങ്കിലും തന്റെ കടയുടെ മുന്നില്‍ വര്‍ഷങ്ങളായി പാറുവമ്മയും കുടിവെള്ളം നിറച്ചു വയ്ക്കും. പാറുവമ്മയുടെ ചായക്കടക്കും പ്രത്യേകതയുണ്ട്. ചായക്കായാലും കഴിക്കാനായാലും ഒന്നിന് അഞ്ചുരൂപ മാത്രമാണ് ഈടാക്കുന്നത്. വലിയ ലാഭം ലക്ഷ്യമിട്ടല്ല പാറുവമ്മ കച്ചവടം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."