ചിറകൊടിഞ്ഞു വീണ പരുന്തിന് പരിസ്ഥിതി-വനം ജീവനക്കാര്‍ രക്ഷകരായി
പാലക്കാട്: ചിറകൊടിഞ്ഞു വീണ പരുന്തിന് പരിസ്ഥിതി-വനംജീവനക്കാര്‍ രക്ഷകരായി. കഴിഞ്ഞദിവസം പെരുവെമ്പ് മന്നത്തുകാവ് ജങ്ഷനു സമീപത്തുനിന്നാണ് അവശനിലയിലായിരുന്ന പരുന്തിനെ ജീവനക്കാര്‍ക്കു ലഭിച്ചത്. സമീപത്തെ മരകൊമ്പിലിരിക്കുകയായിരുന്ന പരുന്തിനെ ആരോ കല്ലെടുത്ത് എറിഞ്ഞതാണ്. ചിറകിലാണ് ഏറുകൊണ്ടത്.
താഴെവീണ പരുന്ത് പറക്കാനാകാതെ ഒരു ദിവസം മുഴുവന്‍ മരത്തിനു കീഴെ കുറ്റിക്കാട്ടില്‍ കിടന്നു. വഴിയാത്രക്കാരിലൊരാളാണ് വിവരം പരിസ്ഥിതി പ്രവര്‍ത്തകനായ ശ്യാംകുമാര്‍ തേങ്കുറിശ്ശിയെ അറിയിക്കുന്നത്. അദ്ദേഹം സ്ഥലത്തെത്തി തെരഞ്ഞുനോക്കിയെങ്കിലും പരുന്തിനെ കണ്ടെത്തിയില്ല.
പിറ്റേ ദിവസം വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൈസൈറ്റി ഓഫ് ഇന്ത്യയുടെ ഓഫിസര്‍ ഗുരുവായൂരപ്പനേയും കൂട്ടി ഇരുവരും വിശദമായി തെരച്ചില്‍ നടത്തി.
അപ്പോഴാണ് സമീപത്തെ വെള്ളമില്ലാത്ത കുളത്തിനരികെനിന്നും അവശനായ പരുന്തിനെ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനെ അറിയിച്ചു.
റിസര്‍വ് ഫോറസ്റ്റ് വാച്ചര്‍ രഞ്ജിത് കുമാറിന്റെ നേതൃത്വത്തിലുള്ള ടീം സ്ഥലത്തെത്തി പരുന്തിനെ ഏറ്റുവാങ്ങി.
പരുക്കേറ്റ പരുന്തിനെ ജില്ലാ വെറ്ററിനറി ആശുപത്രിയിലെത്തിച്ച് ചികിത്സയും നല്‍കി. മുറിവ് സാരമുള്ളതല്ലെന്നും മൂന്നു ദിവസത്തെ നിരീക്ഷണത്തിനു ശേഷം പരുന്തിന് പറക്കാന്‍ കഴിയുമെന്നും ഡോക്ടര്‍ അറിയിച്ചു.
പരുന്തിനെ പിന്നീട് മലമ്പുഴ സ്‌നേക്ക് പാര്‍ക്കിലേക്ക് മാറ്റി. മുറിവുണങ്ങുമ്പോള്‍ പരുന്തിനെ തുറന്നുവിടുമെന്നും ആര്‍.ആര്‍.ടി വിഭാഗം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."