അത്തിപ്പറ്റ ഫത്തഹുല്‍ ഫത്താഹ്; ലക്ഷ്യം ഉന്നത മതവിദ്യാഭ്യാസം
വളാഞ്ചേരി: അത്തിപ്പറ്റയില്‍ ഫത്തഹുല്‍ ഫത്താഹ് നിര്‍മാണം പൂര്‍ത്തിയായതോടെ യാഥാര്‍ഥ്യമാകുന്നത് അത്യുന്നത ഇസ്‌ലാമിക ഗവേഷണകേന്ദ്രം. വളാഞ്ചേരി പെരിന്തല്‍മണ്ണ റൂട്ടില്‍ അത്തിപ്പറ്റ മെയിന്റോഡിനോട് ചേര്‍ന്ന് നാല്‍പ്പത്തി രണ്ടോളം സെന്റ് ഭൂമിയിലാണ് ആറു നില കെട്ടിടം ഉയര്‍ന്നത്.
മതവിദ്യാഭ്യാസരംഗത്തെ ഉന്നത പഠനത്തിനുള്ള അസൗകര്യങ്ങള്‍ പരിഹരിക്കപ്പെടുന്ന കേന്ദ്രം ഉന്നത മതവിദ്യാഭ്യാസ രംഗത്ത് കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും.ഏഴുകോടിയോളം രൂപ ചിലവിലാണ് കെട്ടിട നിര്‍മാണം. ഹൈടെക് മെഡിക്കല്‍ ക്ലിനിക്, ഉന്നത മതവിദ്യാഭ്യാസം, വിശാലമായ ലൈബ്രറി, മുഅല്ലിം ക്ഷേമപ്രവര്‍ത്തനങ്ങള്‍, ആത്മീയക്ലാസ്സുകള്‍ തുടങ്ങി ഒട്ടേറെ സൗകര്യങ്ങളും സംവിധാനങ്ങളും കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്. സെന്ററിന്റെ ഉദ്ഘാടനം വിവിധ പരിപാടികളോടെ 28,29,30 തിയതികളില്‍ നടക്കും. 28 ന് വൈകിട്ട് നാലു മണിക്ക് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പതാക ഉയര്‍ത്തുന്നതോടെ പരിപാടിക്ക് തുടക്കം കുറിക്കും. വൈകിട്ട് ഏഴ് മണിക്ക് നടക്കുന്ന പരിപാടിയില്‍ പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ്തങ്ങള്‍, ഓണംപിള്ളി മുഹമ്മദ് ഫൈസി സംസാരിക്കും. മജ് ലിസുന്നൂറിന് ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ നേതൃത്വം നല്‍കും.
29ന് രാവിലെ അഞ്ചരയ്ക്ക് ആസിഫ് ദാരിമി പുളിക്കലിന്റെ നേതൃത്വത്തില്‍ ഉല്‍ബോധന പ്രസംഗം നടക്കും. ഒന്‍പത് മണിക്ക് 'ഉസ്‌വത്തുല്‍ ഹസന' സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സിംസാറുല്‍ഹഖ് ഹുദവി, മുനീര്‍ ഹുദവി വിളയില്‍ പ്രഭാഷണം നടത്തും. മൂന്നു മണിക്ക് 'സച്ചരിതരോടൊപ്പം' പരിപാടി സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. നൗഷാദ് ബാഖവി ചിറയിന്‍കീഴ് പ്രഭാഷണം നടത്തും. ഏഴ് മണിക്ക് 'ആത്മീയം' പരിപാടി അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്യും. സയ്യിദ് റഷീദലി ശിഹാബ്തങ്ങള്‍, ജലീല്‍ റഹ്മാനി വാണിയന്നൂര്‍ സംസാരിക്കും.
30ന് രാവിലെ അഞ്ചരയ്ക്ക് ഡോ.സാലിംഫൈസി കൊളത്തൂര്‍ ക്ലാസെടുക്കും. ഒന്‍പതരയ്ക്ക് നടക്കുന്ന കുടുംബസംഗമം സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അഹമ്മദ് വാഫി ക്ലാസെടുക്കും. നാലുമണിക്ക് ഫത്തഹുല്‍ ഫത്താഹ് സെന്റര്‍ സമര്‍പ്പണം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാവും.അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ ഉദ്‌ബോധന പ്രസംഗം നടത്തും. പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാര്‍, നിയുക്ത എം.പി പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, തൊടിയൂര്‍ കുഞ്ഞിമുഹമ്മദ് മൗലവി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ തുടങ്ങി പ്രമുഖര്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."