വൈദ്യുതിത്തൂണുകളില്‍ പരസ്യ ബോര്‍ഡുകള്‍ വ്യാപകം
കോട്ടക്കല്‍: വൈദ്യുതിത്തൂണുകളില്‍ പരസ്യങ്ങളും കൊടിത്തോരണങ്ങളും തൂക്കരുതെന്നുമുള്ള വൈദ്യുതി വകുപ്പിന്റെ നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില. പരസ്യ ബോര്‍ഡുകള്‍ വ്യാപകമാണ്.
വൈദ്യുതി പോസ്റ്റുകളിന്മേലും വൈദ്യുതി ലൈനുകള്‍ക്ക് താഴെയും പരസ്യ ബോര്‍ഡുകളും കൊടിത്തോരണങ്ങളും സ്ഥാപിക്കുന്നത് വിലക്കി കൊണ്ട് പല തവണകളിലായി പത്രമാധ്യമങ്ങള്‍ വഴിയും മറ്റും കെ.എസ്.ഇ.ബി അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇവയൊന്നും പരസ്യക്കാരും രാഷ്ട്രീയ പാര്‍ട്ടിക്കാരും കണ്ടില്ലെന്ന രീതിയിലാണ് നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ പരസ്യ ബോര്‍ഡുകളും മറ്റും സ്ഥാപിക്കുന്നത് അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നതും പതിവാണ്. കഴിഞ്ഞ ദിവസം വെട്ടിച്ചിറക്കടുത്ത് കരിപ്പോളില്‍ ഒരു പ്രമുഖ കമ്പനിയുടെ പരസ്യബോര്‍ഡ് സ്ഥാപിക്കുന്നതിനിടയില്‍ ഹൈ ടെന്‍ഷന്‍ ലൈനില്‍ പരസ്യ ബോര്‍ഡിന്റെ ഫ്രെയിം തട്ടി ഷോക്കേറ്റ് അപകടം സംഭവിക്കുകയും തെറിച്ചു വീണയാള്‍ മരണപ്പെടുകയും ചെയ്തിരുന്നു. ഇതൊന്നും ജനങ്ങള്‍ മുഖവിലക്കെടുക്കുന്നില്ലെന്നു മാത്രമല്ല, വീണ്ടും പല വിധത്തിലുള്ള പരസ്യങ്ങളും വൈദ്യുത കാലുകളില്‍ പ്രത്യക്ഷപ്പെടുകയാണ്. പല കാലുകളില്‍ നിന്നും വൈദ്യുതി ജീവനക്കാര്‍ തന്നെ ഇവ എടുത്തു മാറ്റുന്നുണ്ട്. ബോര്‍ഡുകളും മറ്റും കാരണം വൈദ്യുത കാലുകളില്‍ കയറുന്നത് ജീവനു തന്നെ ഭീഷണിയായതായും ജീവനക്കാര്‍ പറയുന്നു. വൈദ്യുതി തൂണുകളില്‍ പരസ്യങ്ങളായാലും കേബിള്‍ ലൈനുകള്‍ വലിക്കുകയാണെങ്കിലും മുന്‍കൂര്‍ അനുമതിയും നിശ്ചിത തുക വാടകയായും അടവാക്കണമെന്നാണ് നിയമം.
ഇതൊന്നും നല്‍കാതെയും അനുമതിയില്ലാതെയുമാണ് പലരും വൈദ്യുതിക്കാലുകള്‍ ഉപയോഗിക്കുന്നത്. ഉത്തരവുകള്‍ക്ക് യാതൊരുവിധ വിലയും കല്‍പിക്കാത്ത സാഹചര്യത്തില്‍ വൈദ്യുതി വകുപ്പ് പരസ്യ ബോര്‍ഡുകളും മറ്റും സ്ഥാപിക്കുന്നവര്‍ക്കെതിരേ ജില്ലാ കലക്ടറുടെയും അഡീഷണല്‍ മജിസ്‌ട്രേറ്റിന്റെയും തീരുമാനപ്രകാരം പതിനായിരം രൂപ പിഴ ഈടാക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാനൊരുങ്ങുകയാണിപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."