ശക്തമായ കുത്തൊഴുക്കില്‍ മണ്ണട്ടാംപാറ ഡാമിന്റെ ഷട്ടര്‍ ഒലിച്ചുപോയി
തിരൂരങ്ങാടി: കടലുണ്ടിപ്പുഴയില്‍ ഒഴുക്ക് ശക്തമായതിനെ തുടര്‍ന്ന് മൂന്നിയൂര്‍ മണ്ണട്ടാംപാറ ഡാമിന്റെ ഷട്ടര്‍ ഒലിച്ചുപോയി. ഒരുവര്ഷംമുന്പ് തകര്‍ന്നുവീണ ഇരുമ്പിന്റെ ഷട്ടറാണ് ഇന്നലെ രാവിലെ എട്ടോടെ ഒലിച്ചുപോയത്. വന്‍ശബ്ദം കേട്ടതായും വന്നപ്പോള്‍ ഷട്ടര്‍ കാണാനില്ലെന്നും പരിസരവാസികള്‍ പറഞ്ഞു. മഴശക്തമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പുഴയില്‍ വെള്ളം ക്രമാതീതമായി ഉയര്‍ന്നിരുന്നു.
രണ്ടുവര്‍ഷം മുന്‍പ് ഉയര്‍ത്തുന്നതിനിടെ തകര്‍ന്നുവീണെങ്കിലും ഷട്ടര്‍ ഉയര്‍ത്താന്‍ ഇതുവരെ സാധിച്ചിരുന്നില്ല.
കടലില്‍നിന്നു കടലുണ്ടി പുഴയിലൂടെ കാര്‍ഷിക നിലങ്ങളില്‍ എത്തുന്ന ഉപ്പുവെള്ളം തടയാനും പരിസരത്തെ കിണറുകളിലെ കുടിവെള്ളം സംരക്ഷിക്കാനുമാണ് ഡാം നിര്‍മിച്ചത്. 1957ല്‍ നിര്‍മിച്ച 120 മീറ്ററിലധികം നീളമുള്ള ഡാമിന് മൂന്നു ഷട്ടറുകളാണുള്ളത്. ഇതിനകം രണ്ടുഷട്ടറുകള്‍ ഉയര്‍ത്തിയിരുന്നു. ശേഷിക്കുന്ന ഈ ഷട്ടര്‍ തകര്‍ന്നുവീണതിനാല്‍ പകരം മണല്‍ചാക്കുകളും തെങ്ങിന്റെ പാളികളും ചേര്‍ത്ത് അടച്ചാണ് ഉപ്പുവെള്ളം തടഞ്ഞിരുന്നത്. ഈയിടെ ഷട്ടറുകള്‍ ഉയര്‍ത്താന്‍ വൈകിയതിനാല്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലാകുകയും ഏക്കര്‍കണക്കിന് ഭൂമിയിലെ കൃഷി നശിക്കുകയും ചെയ്തിരുന്നു.
അധികൃതരുടെ അനാസ്ഥമൂലം കാലക്രമേണ ഡാമിന് ചോര്‍ച്ച സംഭവിച്ചിട്ടുണ്ട്. ഷട്ടര്‍ മാറ്റുന്നതിന് 73ലക്ഷം രൂപയുടെ ടെന്‍ഡര്‍ പൂര്‍ത്തിയായതായി അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."