സുശീല ഭട്ടിനെ തെറിപ്പിച്ചത് സി.പി.ഐ പിടിവാശി
തിരുവനന്തപുരം: റവന്യൂ, വനംവകുപ്പിന്റെ പ്രധാന കേസുകള്‍ വാദിച്ചിരുന്ന സുശീല ഭട്ടിനെ തെറിപ്പിച്ചത് സി.പി.ഐയുടെ പിടിവാശി മൂലം. ടാറ്റ, ഹാരിസണ്‍, പോബ്‌സണ്‍ തുടങ്ങി വന്‍കിട തോട്ടം ഉടമകളുമായി അവിഹിത ഇടപാടുണ്ടെന്നു നേരത്തെ ആരോപണമുണ്ടായിരുന്ന സി.പി.ഐയിലെ ഒരു വിഭാഗത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് റവന്യൂമന്ത്രി ചന്ദ്രശേഖരന്‍ നിര്‍ദേശം നല്‍കിയതത്രേ. അടുത്ത ആഴ്ച വന്‍കിട തോട്ടം ഉടമകളുടെ കേസ് ഹൈക്കോടതിയില്‍ വരുന്നതിനു മുന്‍പു തന്നെ സുശീല ഭട്ടിനെ മാറ്റണമെന്ന് റവന്യൂമന്ത്രി ആവശ്യപ്പെട്ടെങ്കിലും തീരുമാനമെടുക്കുന്നതില്‍ നിന്നു നിയമമന്ത്രി ബാലന്‍ പിന്നോട്ടു പോയി. ഇതോടെ തങ്ങളുടെ വകുപ്പായ വനം, റവന്യൂ വിഭാഗങ്ങളില്‍ ആരെല്ലാം വേണമെന്നു തങ്ങളാണ് തീരുമാനിക്കുന്നതെന്നും സുശീല ഭട്ടിനെ ഉടന്‍ മാറ്റിയില്ലെങ്കില്‍ മറ്റു നടപടികളിലേക്കു പോകുമെന്നും സി.പി.ഐ എല്‍.ഡി.എഫില്‍ ഭീഷണി മുഴക്കി. ഇതേ തുടര്‍ന്നാണ് 15 സര്‍ക്കാര്‍ അഭിഭാഷകരെ മാറ്റിയ പട്ടികയില്‍ സുശീല ഭട്ടിനെയും ഉള്‍പ്പെടുത്തിയത്.
സുശീല ഭട്ടിനെ സ്ഥാനത്തു നിന്നു നീക്കിയതിനെതിരേ പ്രതിഷേധം വ്യാപകമാകുകയാണ്. നിരവധി അനധികൃത ഭൂമിയിടപാട് കേസുകളില്‍ സര്‍ക്കാരിനെ വിജയിപ്പിച്ച സുശീല ഭട്ടിന്റെ സ്ഥാനചലനത്തെക്കുറിച്ച് ഇടതു നേതാക്കള്‍ പോലും മൗനംപാലിക്കുകയാണ്. സുശീലയ്ക്കു വേണ്ടി യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ശക്തമായ വാദങ്ങള്‍ നിയമസഭയിലും പുറത്തും ഉന്നയിച്ച മന്ത്രിമാരായ എ.കെ.ബാലന്‍, വി.എസ്. സുനില്‍കുമാര്‍ തുടങ്ങിയവരാരും സംഭവമറിഞ്ഞ മട്ടില്ല. സര്‍ക്കാര്‍ മാറിയതോടെ പല വകുപ്പുകളിലെയും പ്ലീഡര്‍മാരെ മാറ്റുന്നതിന്റെ ഭാഗമായാണ് സുശീലാ ഭട്ടിനും സ്ഥാനചലനം ഉണ്ടാവുന്നതെന്ന പ്രതിരോധം മാത്രമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നു വരുന്നത്.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സ്വീകരിച്ച നടപടികള്‍ മൂലം ഹാരിസണ്‍, ടാറ്റ കമ്പനികളില്‍ നിന്ന് ഒരു ലക്ഷത്തോളം ഏക്കര്‍ പാട്ട ഭൂമിയാണ് സര്‍ക്കാര്‍ തിരിച്ചുപിടിച്ചത്. ഈ കേസുകള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ച സുശീല ഭട്ടിനെയാണ് ഇപ്പോള്‍ സി.പി.ഐ നേതൃത്വം ഇടപെട്ട് സ്ഥാനത്തുനിന്നു തെറിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും സുശീലയെ പ്ലീഡര്‍ സ്ഥാനത്തു നിന്നു മാറ്റാന്‍ ഹാരിസണും ടാറ്റയും വന്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. അന്ന് ഈ രണ്ടു കമ്പനികളുടെ കേസുകള്‍ ഇവരില്‍നിന്നു മാറ്റേണ്ടതില്ലെന്നു വനംമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉത്തരവ് ഇറക്കുകയായിരുന്നു.
തന്നെ മാറ്റിയതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും തെരഞ്ഞെടുപ്പു കാലത്തു തന്നെ ഈ ആവശ്യവുമായി ചില കമ്പനികള്‍ യു.ഡി.എഫ് സര്‍ക്കാരിനെ സമീപിച്ചിരുന്നുവെന്നും സുശീല ഭട്ട് പ്രതികരിച്ചു. സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ക്കു വഴങ്ങാതിരുന്നതിനാലാണ് തന്നെ മാറ്റാന്‍ ചിലര്‍ മറ്റു കേന്ദ്രങ്ങളെ സമീപിച്ചത്. നിര്‍ണായക ഘട്ടത്തില്‍ തന്നെ സ്‌പെഷല്‍ പ്ലീഡര്‍ സ്ഥാനത്തു നിന്നു മാറ്റുന്നത് കേസുകളെ ബാധിക്കുമെന്ന ആശങ്കയും അവര്‍ പങ്കുവച്ചു.
സുശീലാ ഭട്ടിനെ മാറ്റിയത് വന്‍കിട കൈയേറ്റക്കാരെ സഹായിക്കാനാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.
കഴിഞ്ഞ രണ്ടു സര്‍ക്കാരുകളും സുശീല ഭട്ടിനെ മാറ്റാഞ്ഞത് കേസ് അട്ടിമറിക്കപ്പെടും എന്നുള്ളതു കൊണ്ടാണ്. ടാറ്റ, ഹാരിസണ്‍സ്, കരുണാ എസ്റ്റേറ്റ്, ബിലീവേഴ്‌സ് ചര്‍ച്ച് എന്നിവര്‍ക്കെതിരായ കൈയേറ്റ കേസുകള്‍ അന്തിമ ഘട്ടത്തിലാണ്. കഴിഞ്ഞ 10 വര്‍ഷമായി ഇവര്‍ക്കെതിരായ കേസുകള്‍ കൈകാര്യം ചെയ്തിരുന്ന സുശീലാ ഭട്ടിനെ മാറ്റിയത് ഹൈക്കോടതിയില്‍ സര്‍ക്കാരിനു തിരിച്ചടിയാകും. പിണറായി വിജയന്‍ അധികാരമേറ്റതിനു ശേഷം വന്‍കിട മുതലാളിമാര്‍ക്ക് അനുകൂലമായി കേസുകള്‍ അട്ടിമറിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. മുതലാളിമാര്‍ക്കായി എന്തും ചെയ്തു കൊടുക്കാന്‍ പിണറായി മടിക്കില്ലെന്നാണ് ഇതു തെളിയിക്കുന്നതെന്നും കുമ്മനം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
44 കേസുകള്‍ സര്‍ക്കാരിന്
നിര്‍ണായകമാകും
തിരുവനന്തപുരം: സുശീല ഭട്ടിനെ തെറിപ്പിച്ചതോടെ 44 കേസുകള്‍ സര്‍ക്കാരിന് നിര്‍ണായകമാകും. അടുത്ത ആഴ്ച ഹാരിസണിനെതിരേയുള്ള 18 കേസുകള്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിനു മുന്നിലെത്തും. സിംഗിള്‍ ബഞ്ച് 2015 ഡിസംബറില്‍ ശുപാര്‍ശ നല്‍കിയതിനെ തുടര്‍ന്നാണ് കേസുകള്‍ ഡിവിഷന്‍ ബഞ്ചില്‍ വരുന്നത്. ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ചെറുവളളി, വോയ്‌സ് എസ്റ്റേറ്റുകളും ഇതിലുണ്ട്.
ടാറ്റ, പോബ്‌സ്, കരുണ, ആര്‍.വി.ടി, എ.വി.ടി, മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ് കേസുകളും അടുത്തയാഴ്ച കോടതിയിലെത്തും. ട്രാവന്‍കൂര്‍ ടീ എസ്റ്റേറ്റ്, ട്രാവന്‍കൂര്‍ റബര്‍ ആന്റ് ടീ അടക്കം വന്‍ തോട്ട ഉടമകളുടെ കേസുകളാണ് അടുത്തടുത്ത് കോടതിയില്‍ വരുന്നത്. വളരെ സങ്കീര്‍ണമായ 13 നിയമങ്ങള്‍ ഇഴപിരിച്ചാണ് നിലവില്‍ ഭൂമി കേസുകളുടെ വാദം മുന്നോട്ടുപോകുന്നത്. ഫെറാ നിയമവും ഇന്ത്യന്‍ സ്വാതന്ത്ര്യനിയമങ്ങളും ഇക്കൂട്ടത്തിലുണ്ട്.
കഴിഞ്ഞ 10 വര്‍ഷം ഈ കേസുകള്‍ക്ക് മാത്രം ഹാജരാകുകയും പതിനായിരക്കണക്കിന് തെളിവുകള്‍ ഹാജരാക്കുകയും ചെയ്ത സുശീല ഭട്ടിനെ, എസ്റ്റേറ്റ് ഭൂമി സര്‍ക്കാരിലേക്ക് എത്തിപ്പെടാന്‍ വേണ്ട അവസാന കാലയളവിലാണ് മാറ്റിയിരിക്കുന്നത്. പുതിയ രണ്ടു പേരെ നിയമിച്ചിട്ടുണ്ടെങ്കിലും ചുരുങ്ങിയ സമയം കൊണ്ട് അവര്‍ക്ക് കേസ് ഫയല്‍ പഠിക്കാന്‍ കഴിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."