കണ്ണ് തുറക്കാന്‍ ഇനിയുമെത്ര ജീവന്‍ പൊലിയണം..?
ചെറുവത്തൂര്‍: തകര്‍ന്നു തരിപ്പണമായ ദേശീയപാതയിലെ കുഴിയില്‍ ഒരു ജീവന്‍ കൂടി പൊലിഞ്ഞു. കുഴികള്‍ നികത്തണമെന്ന ആവശ്യം ചെവിക്കൊള്ളാത്ത അധികൃതര്‍ക്കെതിരേ ജനരോഷം ശക്തം. പിലിക്കോട് മട്ടലായി ദേശീയപാതയിലെ കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിക്കുന്നതിനിടയില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചാണ് മയ്യിച്ചയിലെ സിജിത്ത് എന്ന യുവാവിന്റെ ജീവന്‍ നഷ്ടമായത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പിലിക്കോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപം കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരനായ വ്യാപാരി മരിച്ചിരുന്നു. കുഴികളില്‍ വീണു പരുക്കേറ്റ ഇരുചക്രവാഹന യാത്രക്കാരും നിരവധി. കാലിക്കടവിനും കാര്യങ്കോടിനും ഇടയില്‍ ദേശീയപാത പൂര്‍ണമായും തകര്‍ന്നിട്ട് മാസങ്ങളായി. നൂറുകണക്കിനു കുഴികളാണ് പാതനിറയെ.
കുഴിയില്‍ വീണപ്പോള്‍ പിന്നാലെയെത്തിയ ലോറി കയറിയാണ് പിലിക്കോട്ട് വ്യാപാരി ദാരുണമായി മരിച്ചത്. ചെറുവത്തൂര്‍ ദേശീയപാതയില്‍ പാക്കനാര്‍ തിയറ്ററിനു സമീപം പാത കാണാനേ ഇല്ല. എങ്ങനെ പോയാലും കുഴിയില്‍ വീഴുമെന്നതിനാല്‍ കാല്‍നട യാത്രക്കാരുടെ വഴിയില്‍ കൂടിയാണ് ഇപ്പോള്‍ വാഹനങ്ങളുടെ യാത്ര. മഴവെള്ളം നിറഞ്ഞു നില്‍ക്കുന്നതിനാല്‍ കുഴികള്‍ അത്രപെട്ടെന്ന് ശ്രദ്ധയില്‍ പെടുന്നില്ല. വി.വി സ്മാരക സാമൂഹികാരോഗ്യ കേന്ദ്രത്തിനു മുന്നിലും പാത തകര്‍ന്നു കിടക്കുകയാണ്. ദേശീയപാതയില്‍ പിലിക്കോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപവും റോഡ് ഏതാണ്ട് പൂര്‍ണമായും തകര്‍ന്നു കിടക്കുകയാണ്. ഇവിടെ വളവില്‍ തന്നെയുള്ള വലിയ കുഴി കടുത്ത അപകടഭീഷണിയുയര്‍ത്തുന്നു. കാഞ്ഞങ്ങാട് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും പതിവാണ്.
കുഴിയില്‍ വീഴാതിരിക്കാന്‍ വാഹനം പെട്ടെന്നു നിര്‍ത്തിയാല്‍ പിന്നാലെ വരുന്ന വാഹനമിടിക്കും എന്നതാണ് സ്ഥിതി. കാര്യങ്കോട് പാലത്തിനു സമീപം മുതല്‍ മയ്യിച്ച വരെ റോഡുതന്നെയില്ല. സ്ഥിരം അപകടമേഖലയാണ് ഇവിടം. കുഴികള്‍ മൂലം ദേശീയപാതയില്‍ ഗതാഗത സ്തംഭനവും പതിവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."