ഡല്‍ഹി കേളപ്പന്‍ എന്ന പോരാളി
1970-ഇന്ത്യയുടെ ഉരുക്കുവനിതയെന്നറിയപ്പെടുന്ന ഇന്ദിരാഗാന്ധി രാജ്യം ഭരിക്കുന്ന സമയം. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലായ ഇന്ദ്രപ്രസ്ഥത്തിലെ പാര്‍ലമെന്റ് മന്ദിരം കാണാന്‍ കര്‍ണാടകയില്‍ നിന്നു വന്ന വിദ്യാര്‍ഥികള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ അകത്തേക്ക് പ്രവേശിക്കുന്നു. അവരില്‍ ഒരാളായി കേളപ്പനെന്ന ചെറുപ്പക്കാരനും കയറി. ബ്രിട്ടീഷ് സായ്പന്‍മാരായ എഡ്വിന്‍ ലൂട്ടെന്‍സും ഹെബോര്‍ട്ട് ബേക്കറും രൂപകല്‍പ്പന ചെയ്ത് നിര്‍മിച്ച സന്‍സദ് ഭവന്‍ കാഴ്ചക്കാരില്‍ അത്ഭുതവും ആദരവും തീര്‍ത്തു.
വിദ്യാര്‍ഥി സംഘം കാഴ്ചകള്‍ കണ്ട് സെന്‍ട്രല്‍ ഹാളിലേക്ക് കടന്നു. മനോഹരമായ താഴികക്കുടത്തിനു താഴെ ചരിത്രപ്രസിദ്ധമായ ഹാളിന്റെ ചുവരുകളില്‍ നവഭാരത ശില്‍പ്പികളുടെ അതിമനോഹരമായ ചിത്രങ്ങള്‍. അവ സാകൂതം നോക്കി വിദ്യാര്‍ഥികള്‍ മുന്നോട്ടേക്ക്. ഒപ്പം കേളപ്പനും. ഹാളിനെ അലങ്കരിച്ച് ഏറ്റവും അവസാന ചിത്രം. റഷ്യന്‍ കലാകാരന്‍ പെയിന്റ് ചെയ്ത ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഛായാചിത്രമായിരുന്നു അത്.
ആ ചിത്രത്തിനു മുന്നില്‍ കേളപ്പന്‍ ഒരു നിമിഷം പകച്ചു നിന്നു. ചിത്രത്തിന്റെ മനോഹാരിതയേക്കാള്‍ കേളപ്പന്റെ തലച്ചോറില്‍ മിന്നിയത് പ്രതിഷേധത്തിന്റെ ആയിരക്കണക്കിനു അലയൊലികളായിരുന്നു. പെരുത്തുകയറിയ അഗ്നിസ്ഫുലിംഗങ്ങള്‍ പൊട്ടിത്തെറിക്കാറായി. കുനിഞ്ഞു നിന്ന് തന്റെ ചെരുപ്പഴിക്കലും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചിത്രത്തിലേക്ക് ഊക്കോടെ കേളപ്പന്‍ അത് വലിച്ചെറിഞ്ഞതും നിമിഷ നേരം കൊണ്ടായിരുന്നു. ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ ഞെട്ടിത്തരിച്ചു. അധികം കഴിഞ്ഞില്ല, യുവാവ് സുരക്ഷാ സൈനികരുടെ വരുതിയിലായി. തോക്ക് കഴുത്തിന് ചുറ്റിപ്പിടിച്ചു. ആകെ ബഹളം. തെല്ലും കൂസാതെ കീഴടങ്ങി കേളപ്പന്‍.
പോരാട്ടവഴികള്‍
ഇത് ഡല്‍ഹി കേളപ്പന്‍. അനീതിക്കെതിരേ പോരാടുന്ന ധീരനായ കമ്യൂണിസ്റ്റ്. പോരാട്ട വീഥികളില്‍ ഒറ്റപ്പെട്ടും പെടുത്തിയും വേട്ടയാടപ്പെട്ട സഖാവ്. ഏഴുപതിറ്റാണ്ടിന്റെ ജീവിത യാത്രയില്‍ വിശ്രമമില്ലാതെ കേളപ്പന്‍ തന്റെ പ്രയാണം തുടരുകയാണ്.
കോഴിക്കോട് ജില്ലയിലെ വടക്കന്‍ മലയോര മേഖലയായ കായക്കൊടി പഞ്ചായത്തിലെ നിടുമണ്ണൂരില്‍ കല്ലുള്ളപറമ്പത്ത് കടുങ്വാന്റെയും മാതയുടെയും മൂത്ത മകനായ കേളപ്പന്‍ ഒരു സഞ്ചാര പ്രിയനായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി രക്തത്തിലലിഞ്ഞുചേര്‍ന്ന കുടുംബമായിരുന്നു അവരുടേത്. സഖാക്കളായ എ.കെ.ജി, കൃഷ്ണപ്പിള്ള, സി.എച്ച് കണാരന്‍, കുഞ്ഞാപ്പു മാസ്റ്റര്‍, എം.കെ കേളു തുടങ്ങിയവര്‍ക്ക് കമ്യൂണിസ്റ്റ് വേട്ടയുടെ നാളുകളില്‍ ഒളിവുസങ്കേതങ്ങളൊരുക്കുകയും ആഹാരം നല്‍കുകയുമൊക്കെ ചെയ്തിരുന്നത് കടുങ്വാനായിരുന്നു. കമ്യൂണിസ്റ്റുകള്‍ക്ക് അഭയം നല്‍കിയതിന്റെ പേരില്‍ അച്ഛനെ എം.എസ്.പിക്കാര്‍ പിടിച്ചു കൊണ്ടു പോകുന്നതും ക്രൂരമര്‍ദനത്തിനിരയാക്കുന്നതും കുഞ്ഞുനാളിലേ കേളപ്പന്‍ കണ്ടിരുന്നു.
വലിയച്ചന് കൈവേലിയങ്ങാടിയില്‍ ചായക്കച്ചവടമുണ്ട്. അവിടെ പാല്‍ കൊണ്ടുകൊടുക്കുന്ന പണി കേളപ്പനാണ്. അന്ന് കടയില്‍ ദേശാഭിമാനി പത്രം വരും. പത്രം പൂര്‍ണമായും വായിച്ചു തീര്‍ത്തേ കേളപ്പന്‍ തിരിച്ചു പോരൂ. പാവപ്പെട്ടവന്റെ പാര്‍ട്ടി കേരളക്കരയില്‍ അധികാരത്തില്‍ വന്നത് കേളപ്പന്റെ മനസിലുണ്ടാക്കിയ സന്തോഷത്തിന് അതിരില്ലായിരുന്നു. 1957ല്‍ സഖാവ് ഇ.എം.എസിന്റെ നേതൃത്വത്തിലുണ്ടായ മന്ത്രിസഭ കൊണ്ടുവന്ന ഭൂപരിഷ്‌കരണ നിയമം, വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍, കുടിയിറക്കല്‍ അവസാനിപ്പിക്കല്‍ ഇതെല്ലാം സമൂഹത്തിലെ വിപ്ലവകരമായ മാറ്റങ്ങളായി. പക്ഷേ ഏറെ സന്തോഷിക്കുന്നതിനു മുന്‍പെ ഇ.എം.എസ് മന്ത്രിസഭയെ കേന്ദ്രത്തിലെ നെഹ്‌റു സര്‍ക്കാര്‍ പിരിച്ചുവിട്ടു. ഇത് കേളപ്പന്റെ മനസിനൊരു ആഘാതമായിരുന്നു. ഈ പ്രതിഷേധം മനസിലൊരു കനലായ് ജ്വലിച്ചു നിന്നു.
സഞ്ചാരം ഹരമായിരുന്ന കേളപ്പന്‍ തന്റെ 16-ാം വയസില്‍ നാടുവിട്ടു. 18 രൂപയായിരുന്നു പോക്കറ്റിലുണ്ടായിരുന്നത്. ഡല്‍ഹിയാണ് ലക്ഷ്യം. പക്ഷേ ആദ്യം എത്തിപ്പെട്ടത് കോയമ്പത്തൂരില്‍. പിന്നെ മൈസൂരിലേക്ക്. വീണ്ടും സഞ്ചാരം തുടര്‍ന്ന് ബംഗളൂരുവിലേക്ക്. നല്ല പെരുമാറ്റവും സംസാരവും കേളപ്പന് നിരവധി സുഹൃത്തുക്കളെ നല്‍കി. അവരാണ് യാത്രയില്‍ സഹായികളായതും അന്നവും അന്തിയുറങ്ങാനിടവും നല്‍കിയതും. പലയിടങ്ങളിലും ചെറു ജോലികളില്‍ ഏര്‍പ്പെട്ട് കുഞ്ഞു സമ്പാദ്യങ്ങളുമുണ്ടാക്കി. അതിനിടയിലെ ഒഴിവു വേളകള്‍ വായനക്കും വിജ്ഞാന സമ്പാദനത്തിനും നീക്കിവയ്ക്കാന്‍ അഞ്ചാം ക്ലാസുകാരന്‍ മറന്നില്ല.
ബംഗളൂരുവില്‍ നിന്നാണ് ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. അതിനിടയില്‍ ഹൈദരാബാദിലും ഇറങ്ങി. രാഷ്ട്രീയവും ചരിത്രവും ഇഴചേര്‍ന്ന് പ്രൗഢിയും പ്രതാപവും വഴിഞ്ഞൊഴുകുന്ന ഇന്ദ്രപ്രസ്ഥം. നാടുവിട്ട് ഏറെ നാളത്തെ അലച്ചിലിനു ശേഷമാണെങ്കിലും തന്റെ ജീവിതാഭിലാഷങ്ങളിലൊന്നായ ഡല്‍ഹി സന്ദര്‍ശനം കേളപ്പന് വലിയ അനുഭൂതിയായിരുന്നു. ചുറ്റിത്തിരിഞ്ഞ് എത്തിച്ചേര്‍ന്നത് പാലം വിമാനത്താവളത്തില്‍. അവിടെ ഒരു പഞ്ചാബി നടത്തുന്ന ബുക്ക്സ്റ്റാളില്‍ ചെറിയൊരു ജോലി തരപ്പെട്ടു. മുതലാളിയായ ലാലാജിയെയും സ്റ്റാളില്‍ വരുന്നവരെയും സഹായിക്കണം. ചായ കൊണ്ടുവന്നു കൊടുക്കണം. വായിക്കാന്‍ ഏറെ അവസരം. വിമാനത്താവളത്തിലെത്തുന്ന വി.ഐ.പികളെ കാണാം. നാട്ടിലേക്ക് പോകണമെന്ന ചിന്തയൊന്നും അക്കാലത്തുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ നാട്ടുകാര്‍ ആരെങ്കിലുമുണ്ടെന്നറിഞ്ഞാല്‍ തന്നെ അവരുമായി ബന്ധപ്പെടാറില്ല. നീണ്ട കാലത്തെ ഡല്‍ഹി വാസം നഗരവും വഴികളുമെല്ലാം പരിചിതമാക്കി. സഞ്ചാരികള്‍ക്കൊപ്പം ഗൈഡായി പോകാനും സമയം കണ്ടെത്തി.
ആയിടയ്ക്ക് ഒരു ദിവസമാണ് ആ നിയോഗമുണ്ടായത്. പാര്‍ലമെന്റ് മന്ദിരം സന്ദര്‍ശിക്കാനുള്ള അവസരം. പാര്‍ലമെന്റ് ഗേറ്റിനടുത്തെത്തിയപ്പോഴാണ് അവിടെ സന്ദര്‍ശനത്തിനെത്തിയ കര്‍ണാടക വിദ്യാര്‍ഥികളുടെ സംഘത്തെ കാണുന്നത്. അവരില്‍ ഒരാളായാണ് ഉള്ളിലേക്ക് കടന്നതും. പിന്നീടുണ്ടായ സംഭവങ്ങള്‍ കേളപ്പന്‍ കൃത്യമായി ഓര്‍ക്കുന്നുണ്ട്. നെഹ്‌റുവിന്റെ ചിത്രത്തില്‍ ചെരുപ്പേറ് നടത്തിയ ഉടന്‍ തന്നെ സുരക്ഷാ സൈനികര്‍ ചോദ്യം ചെയ്തു തുടങ്ങിയിരുന്നു. അന്നത്തെ കേന്ദ്രമന്ത്രിയായിരുന്ന പണ്ഢിറ്റ് പന്ത് തന്റെ അടുത്തുവന്ന് സ്‌നേഹത്തോടെ കാര്യങ്ങള്‍ അന്വേഷിച്ചതും കേളപ്പന്റെ മനസിലുണ്ട്. എന്തിനാണ് മോനേ ഇതുചെയ്തതെന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ ഇം.എം.എസ് മന്ത്രിസഭയെ പിരിച്ചുവിട്ട നെഹ്‌റുവിനെതിരേ തന്റെ പ്രതിഷേധം രേഖപ്പെടുത്താനാണെന്ന് കൂസലില്ലാതെ പറഞ്ഞു. ചെയ്ത കാര്യം വലിയ തെറ്റാണെന്ന് ബോധ്യപ്പെടുത്താനുള്ള സുരക്ഷാ സേനയുടെ ശ്രമമായിരുന്നു പിന്നീട്. അപ്പോഴേയ്ക്കും താന്‍ ആരാണെന്നും എന്താണ് ജോലിയെന്നുമൊക്കെയുള്ള വിവരങ്ങള്‍ അന്വേഷിക്കപ്പെട്ടിരുന്നു. പട്ടാളക്കാര്‍ തന്നെ ഒരു വാഹനത്തില്‍ കയറ്റുകയും നിരവധി തവണ പാര്‍ലമെന്റ് വളപ്പിനു ചുറ്റും അത് ഓടിക്കുകയും ചെയ്തു. ഒരു ദിവസം അടുത്തുള്ള പൊലിസ് സ്റ്റേഷനില്‍ നിര്‍ത്തി. പിറ്റേന്നു പുറത്തുവിട്ടു. പിന്നീട് ഹിന്ദു പത്രത്തില്‍ പാര്‍ലമെന്റ് സെന്‍ട്രല്‍ഹാളില്‍ യുവാവിന്റെ പ്രതിഷേധം എന്ന വാര്‍ത്ത വന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
ഈ സംഭവത്തിന് ശേഷം എ.കെ.ജിയുടെയും മറ്റും ഉപദേശത്തെ തുടര്‍ന്ന് കേളപ്പന്‍ നാട്ടിലേക്ക് മടങ്ങി. നാട്ടില്‍ ചെന്ന് സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. ദശാബ്ദക്കാലത്തെ അലച്ചിലിനൊടുവില്‍ നാട്ടില്‍ തിരിച്ചെത്തിയ കേളപ്പന്‍, പാര്‍ട്ടി പ്രവര്‍ത്തനത്തിലും സാമൂഹ്യ സേവനപ്രവര്‍ത്തനങ്ങളിലും സജീവമായി. നാട്ടിലെ സാമൂഹ്യരംഗത്തും ചികിത്സാ രംഗത്തും മുന്നിലുണ്ടായിരുന്ന മൊകേരിയിലെ പത്മനാഭനെന്ന പപ്പു ഡോക്ടറാണ് കേളപ്പനെ ഡല്‍ഹി കേളപ്പനെന്നു നാട്ടില്‍ പരിചയപ്പെടുത്തിയത്. അപ്പോഴേയ്ക്കും ഡല്‍ഹി സംഭവം മാലോകര്‍ മുഴുവനറിഞ്ഞിരുന്നു. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായും കര്‍ഷക സംഘത്തിലും മറ്റുമായും പ്രവര്‍ത്തിച്ച കേളപ്പന്‍ ഇടപെടാത്ത സാമൂഹിക രാഷ്ട്രീയ വിഷയങ്ങള്‍ നാട്ടിലുണ്ടായിരുന്നില്ല. നീതിയുടെയും ന്യായത്തിന്റെയും പക്ഷത്തുനിന്ന് പ്രവര്‍ത്തിക്കുകയെന്ന സമീപനം പാര്‍ട്ടിയിലും പിന്തുടര്‍ന്നപ്പോള്‍ പലപ്പോഴും സ്വന്തം പക്ഷക്കാരില്‍ നിന്ന് എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു.
കുന്നുമ്മല്‍ പഞ്ചായത്തിലെ പാതിരിപ്പറ്റയില്‍ കമ്യൂണിസ്റ്റ് സഖാവ് കൃഷ്ണന്‍ മാഷിന്റെ മകള്‍ വിനീത കോട്ടായിക്കെതിരേ സി.പി.എം നടത്തിയ വിവാദ ഉപരോധ സമരത്തില്‍ നീതിയുടെയും ന്യായത്തിന്റെയും പക്ഷത്തു നില്‍ക്കാന്‍ ഡല്‍ഹി കേളപ്പന്‍ തയാറായതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അദ്ദേഹം അനഭിമതനാകാന്‍ പ്രധാന കാരണം. കേരളത്തിലെ മാധ്യമങ്ങളില്‍ വര്‍ഷങ്ങളോളം വാര്‍ത്തയായിരുന്നു വിനീതകോട്ടായിക്കെതിരേയുള്ള ഉപരോധം. പത്താണ്ടുകളോളം നീണ്ട ഉപരോധത്തില്‍ പാര്‍ട്ടി വിനീതയെ ദുരിതത്തിലാക്കിയപ്പോള്‍ മാനുഷിക പരിഗണനപോലും നല്‍കാതെ പീഡിപ്പിച്ചപ്പോള്‍ ഡല്‍ഹി കേളപ്പന്‍ സഹായത്തിനെത്തി. ഇതിന്റെ അനന്തര ഫലം കൊടിയ മര്‍ദ്ദനങ്ങളും ആക്ഷേപങ്ങളുമായിരുന്നു. ആക്രമണത്തിന്റെ പ്രയാസങ്ങളില്‍ നിന്നു മോചനം ലഭിക്കാന്‍ മാസങ്ങളോളം ആശുപത്രിയില്‍ കിടക്കേണ്ടിവന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ഉപരോധം തെറ്റായെന്ന് പാര്‍ട്ടി തന്നെ സമ്മതിക്കുന്ന അവസ്ഥയിലെത്തുമ്പോഴേയ്ക്കും എല്ലാ ദുരിതങ്ങളും വിനീതയും കേളപ്പനും അനുഭവിച്ചു കഴിഞ്ഞിരുന്നു.
പാര്‍ട്ടിക്ക് അനഭിമതനായെങ്കിലും നാട്ടിലെ വിവിധ വിഷയങ്ങളില്‍ ഡല്‍ഹികേളപ്പന്‍ ഇടപെട്ടു. അത് കുടുംബപ്രശ്‌നങ്ങളായാലും പാരിസ്ഥിതിക പ്രശ്‌നങ്ങളായാലും അനീതിക്കെതിരേയുള്ള ഏതു സമരമായാലും കേളപ്പന്‍ മുന്നില്‍ നിന്നു. മര്‍ദനങ്ങളും കള്ളക്കേസുകളും വിലക്കുകളും ഭീഷണികളും കേളപ്പനു നേരെ തുടര്‍ന്നുകൊണ്ടേയിരുന്നു. എങ്കിലും തനിക്കു ജീവനുള്ള കാലം വരെ അടങ്ങിയിരിക്കില്ലെന്ന വാശിയിലാണ് ഡല്‍ഹി കേളപ്പന്‍. അഴിമതിക്കും അനീതിക്കും കെടുകാര്യസ്ഥതയ്ക്കുമെല്ലാമെതിരേ അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ തുടക്കംകുറിച്ച ജനശക്തിയുടെ കേരള ഘടകം വൈസ്പ്രസിഡന്റാണിദ്ദേഹം. ജോണ്‍ പെരുവന്താനത്തിന്റെ നേതൃത്വത്തിലുള്ള പ്രകൃതി സംരക്ഷണ ഏകോപന സമിതിയിലും ഡല്‍ഹി കേളപ്പന്‍ പ്രവര്‍ത്തിക്കുന്നു. മനുഷ്യാവകാശങ്ങള്‍ക്കും നീതിക്കും ന്യായത്തിനും നന്മയ്ക്കും വികസനത്തിനുമായി ഉഴിഞ്ഞുവച്ചതാണ് ജീവിതമെന്നും ഒരു യഥാര്‍ഥ സഖാവിന് വിശ്രമമില്ലെന്നും വിശ്വസിക്കുകയാണ് ഡല്‍ഹി കേളപ്പനെന്ന സാധാരണക്കാരന്‍. ലീലയാണ് ഭാര്യ. പഞ്ചാബില്‍ സൈനിക സേവനം നടത്തുന്ന ബാബു ലിഗേഷും വിവാഹിതയായ ലൈനാഭായിയുമാണ് സഖാവിന്റെ മക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."