വോട്ടുറപ്പിക്കാന്‍ രക്തസാക്ഷി കുടുംബസംഗമവുമായി സി.പി.എം
തിരുവനന്തപുരം: അക്രമ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന കാസര്‍കോട്, കണ്ണൂര്‍, വടകര എന്നീ ലോക്‌സഭാ മണ്ഡലങ്ങളില്‍ വോട്ടുറപ്പിക്കാന്‍ പാര്‍ട്ടിക്കു വേണ്ടി ജീവത്യാഗം ചെയ്ത രക്തസാക്ഷികളുടെ കുടുംബങ്ങളെ പങ്കെടുപ്പിച്ചു പ്രത്യേക കുടുംബസംഗമം സംഘടിപ്പിക്കാന്‍ ഇന്നലെ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. സര്‍ക്കാരിനെയും പാര്‍ട്ടിയെയും പ്രതിക്കൂട്ടിലാക്കുന്ന പ്രളയവുമായി ബന്ധപ്പെട്ടു വന്ന അമിക്കസ് ക്യൂറി റിപോര്‍ട്ടും മസാല ബോണ്ട് വിവാദവും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായേക്കാമെന്ന് വിലയിരുത്തിയെങ്കിലും അതു മറികടക്കാനുള്ള തന്ത്രങ്ങള്‍ സെക്രട്ടേറിയറ്റ് ആസൂത്രണം ചെയ്തു.
മസാല ബോണ്ട് കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണെന്നും അമിക്കസ് ക്യൂറി റിപോര്‍ട്ട് രാഷ്ട്രീയ പ്രേരിതമാണെന്നുമുള്ള പ്രചാരണം നല്‍കാനാണ് തീരുമാനം. അതേസമയം, രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ വരവ് ഇടതുമുന്നണിയുടെ വോട്ട്ബാങ്കില്‍ ചോര്‍ച്ച ഉണ്ടാക്കില്ലെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.
രാഹുലിന്റെ സ്ഥാനാര്‍ഥിത്വവും മറ്റുമായി മുന്നിലാണെന്ന പ്രതീതി യു.ഡി.എഫ് സൃഷ്ടിക്കുന്നുണ്ടെങ്കിലും ഓരോ മണ്ഡലവുമെടുത്തു പരിശോധിച്ചാല്‍ അതല്ല യാഥാര്‍ഥ്യമെന്നു മനസിലാകുമെന്ന പ്രതീക്ഷയാണു സെക്രട്ടേറിയറ്റിലുണ്ടായത്. രാഹുലിന്റെ പ്രചാരണവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ കിട്ടിയശേഷം മാത്രം ബദല്‍ പ്രചാരണം ആലോചിച്ചാല്‍ മതിയെന്നാണ് യോഗത്തിലുണ്ടായ ധാരണ.
വടകര, തിരുവനന്തപുരം മണ്ഡലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. എല്ലാ മണ്ഡലങ്ങളിലും ചിട്ടയായ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന വിലയിരുത്തലാണ് സെക്രട്ടേറിയറ്റിലുണ്ടായത്. പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റികള്‍ നല്‍കിയ റിപോര്‍ട്ട് യോഗം ചര്‍ച്ച ചെയ്തു.
സംസ്ഥാന സര്‍ക്കാരിന്റെ കഴിഞ്ഞ 1000 ദിവസത്തെ പ്രവര്‍ത്തനങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളും കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വ നിലപാടും ന്യൂനപക്ഷങ്ങളുടെ ഇടയിലെത്തിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു എന്ന വിലയിരുത്തലാണ് പാര്‍ലമെന്റ് മണ്ഡലങ്ങള്‍ നല്‍കിയ റിപോര്‍ട്ടിലുള്ളത്. എല്‍.ഡി.എഫ് ലഘുലേഖകളുമായി പ്രവര്‍ത്തകരുടെ ഭവനസന്ദര്‍ശനം മിക്കയിടത്തും നാലു ഘട്ടമായി നടന്നതായും റിപോര്‍ട്ടിലുണ്ട്.
ഇതു വിലയിരുത്തിയ സെക്രട്ടേറിയറ്റ് വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ പ്രചാരണം നടത്താന്‍ അണികള്‍ക്ക് നിര്‍ദേശം നല്‍കാനും തീരുമാനിച്ചു. തെരഞ്ഞെടുപ്പിന്റെ അവസാന പത്തു ദിവസം ജോലിയില്‍ നിന്ന് അവധി എടുത്ത് ഭവന സന്ദര്‍ശനം നടത്തി വോട്ട് ഉറപ്പിക്കണമെന്ന നിര്‍ദേശം ബൂത്ത് തലങ്ങളില്‍ നല്‍കും. വിഷു, ഈസ്റ്റര്‍ ദിവസങ്ങളില്‍ കൂടുതല്‍ സ്‌ക്വാഡുകള്‍ ഇറക്കി കുടുംബ സന്ദര്‍ശനം സജീവമാക്കണം. മഹിള, യുവജന, വിദ്യാര്‍ഥി സ്‌ക്വാഡുകള്‍ വീടുകളിലെത്തി നവ വോട്ടര്‍മാരുള്‍പെടെയുള്ളവരെ നേരില്‍ കാണണം. ഇനിയുള്ള ദിവസങ്ങളില്‍ അടിയൊഴുക്കുകള്‍ ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ കരുതലോടെ ഇരിക്കണമെന്നും നിര്‍ദേശമുണ്ട്.
സംസ്ഥാന സെക്രട്ടേറിയറ്റ്- സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍, മന്ത്രിമാര്‍ എന്നിവര്‍ അവരുടെ ചുമതലയുള്ള മണ്ഡലങ്ങളില്‍ ബൂത്ത് തല അവലോകനം നടത്തി പോരായ്മയുണ്ടെങ്കില്‍ അതിന് ഉടന്‍ പരിഹാരം കണ്ടെത്തി പ്രചാരണം ശക്തമാക്കണം. മുന്നണിക്കു കിട്ടേണ്ട ഒരു വോട്ട് പോലും മറുപക്ഷത്തു വീഴരുത്. ഓരോ പാര്‍ലമെന്റ് മണ്ഡലത്തിലെയും സാധ്യതാ കണക്ക് സെക്രട്ടേറിയറ്റ് വിലയിരുത്തി. ഊതിപ്പെരുപ്പിച്ച കണക്കു വേണ്ടെന്നു സംസ്ഥാന സെക്രട്ടേറിയറ്റ് നേരത്തെ നിഷ്‌കര്‍ഷിച്ചിരുന്നെങ്കിലും ചില മണ്ഡലങ്ങളില്‍ അതിനു വലിയ മാറ്റമുണ്ടായില്ലെന്നും കണ്ടെത്തി. അന്തിമ വിലയിരുത്തല്‍ റിപോര്‍ട്ട് അടുത്തയാഴ്ച നല്‍കണമെന്നും അതില്‍ ഊതിപ്പെരുപ്പിച്ച കണക്ക് വേണ്ടെന്നും സെക്രട്ടേറിയറ്റ് കര്‍ശന നിര്‍ദേശം നല്‍കി.
വയനാട് ഉള്‍പെടെ സി.പി.ഐ മത്സരിക്കുന്ന മണ്ഡലങ്ങളിലെ സി.പി.എം പ്രവര്‍ത്തകര്‍ അവിടം വിട്ടു തങ്ങളുടെ മണ്ഡലങ്ങളിലേക്കു നീങ്ങരുതെന്ന് സെക്രട്ടേറിയറ്റ് കര്‍ശന നിര്‍ദേശം നല്‍കി. ഈ മണ്ഡലങ്ങളിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ അവിടെ ശ്രദ്ധിക്കാതെ സമീപത്തുള്ള സി.പി.എം മണ്ഡലങ്ങളിലേക്കു ചേക്കേറുന്നതു ദോഷം ചെയ്യുന്നതായി കഴിഞ്ഞ തെരഞ്ഞെടുപ്പിനു ശേഷം ഇടതുമുന്നണി വിലയിരുത്തിയിരുന്നു.
സി.പി.ഐ ഇക്കാര്യം പരാതിയായി ഉന്നയിക്കുകയും ചെയ്തിരുന്നു. കൂടാതെ തിരുവനനന്തപുരത്ത് സി.പി.എം കോണ്‍ഗ്രസിന് വോട്ട് മറിക്കുന്ന അവസ്ഥയും കഴിഞ്ഞ തവണ ഉണ്ടായി. ഇതു കൂടി കണക്കിലെടുത്താണ് സി.പി.എം സെക്രട്ടേറിയറ്റ് ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയത്.
സി.പി.ഐ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന വയനാട്ടില്‍ കെ.കെ ശൈലജ, തൃശൂരില്‍ ബേബിജോണ്‍, മാവേലിക്കരയില്‍ എം.വി ഗോവിന്ദന്‍, തിരുവനന്തപുരത്ത് ആനത്തലവട്ടം ആനന്ദന്‍ എന്നീ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളെ ഈ മണ്ഡലങ്ങളുടെ ചുമതല ഏല്‍പിക്കുകയും തെരഞ്ഞെടുപ്പു കഴിയുംവരെ അവിടെ പൂര്‍ണമായും കേന്ദ്രീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."