റാഫേല്‍; മാധ്യമ സ്വാതന്ത്ര്യത്തെ ഉറപ്പിച്ച് ജസ്റ്റിസ് കെ.എം ജോസഫ്
ന്യൂഡല്‍ഹി: റാഫേല്‍ രേഖകള്‍ മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്ന പശ്ചാത്തലത്തില്‍ റാഫേല്‍ വിധിന്യായത്തില്‍ മാധ്യമ സ്വതന്ത്ര്യത്തെ ഉറപ്പിച്ച് ജസ്റ്റിസ് കെ.എം ജോസഫ്. കേസില്‍ സര്‍ക്കാര്‍ രേഖകള്‍ ചോര്‍ത്തി പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരേ നടപടിയെടുക്കുമെന്ന കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നിലനില്‍ക്കെയാണ് ജസ്റ്റിസ് കെ.എം ജോസഫിന്റെ പരാമര്‍ശം.
നിര്‍ഭയവും സ്വതന്ത്രവുമായ മാധ്യമപ്രവര്‍ത്തനം സുപ്രധാനമാണെന്ന് ജസ്റ്റിസ് കെ.എം ജോസഫ് പറഞ്ഞു.സ്വതന്ത്രര്‍ പേടിയില്‍ നിന്ന് മുക്തരായിരിക്കണം. പേടികള്‍ പലരൂപത്തിലുണ്ട്. ഭയം മാധ്യമങ്ങളെ തങ്ങളുടെ ലക്ഷ്യത്തില്‍ നിന്ന് അകറ്റും. അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാറുടെ 'ബിയോണ്ട് ദി ലൈന്‍' എന്ന ആത്മകഥയിലെ ഭാഗങ്ങള്‍ സുപ്രധാനമാണെന്നും അതിലെ ഒരു ഭാഗം ഉദ്ദരിച്ച് ജസ്റ്റിസ് കെ.എം ജോസഫ് പറഞ്ഞു.
ടു ജി, കല്‍ക്കരിപ്പാടം കേസുകളില്‍ ഇത്തരത്തില്‍ പുറത്തുവന്ന രേഖകളുടെ അടിസ്ഥാനത്തിലാണ് കോടതി അന്വേഷണത്തിനുത്തരവിട്ടതെന്ന് ഹരജിക്കാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂറി, പ്രശാന്ത് ഭൂഷന്‍ എന്നിവര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.അഴിമതി നടന്നത് പ്രതിരോധ മേഖലയിലെ ഇടപാടിലാണെന്നത് കൊണ്ട് നിയമത്തില്‍ അതിന് പ്രത്യേക പരിഗണനയൊന്നും ലഭിക്കില്ല. കരാര്‍ റദ്ദാക്കണമെന്നല്ല അന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടത്. പുതിയ രേഖകള്‍ പരിശോധിച്ചില്ലെങ്കില്‍ ഈ ഹരജി പരിഗണിക്കുന്നതില്‍ എന്തുകാര്യമാണുള്ളത്. സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞതെല്ലാം കള്ളമാണെന്ന് തെളിയിക്കുന്ന രേഖകളാണ് പുതുതായി കോടതിയില്‍ സമര്‍പ്പിച്ചതെന്നും ഹരജിക്കാര്‍ വാദിച്ചു.
എന്നാല്‍ കരാറിലെ സുപ്രധാന ഫയലുകള്‍ ചോര്‍ത്തപ്പെടുകയും അതിലെ രഹസ്യവിവരങ്ങള്‍ പുനര്‍പരിശോധനാ ഹരജിയിലൂടെ പുറത്താവുകയും ചെയ്തതിലൂടെ രാജ്യസുരക്ഷ അപകടത്തിലായിരിക്കുകയാണന്നും കേന്ദ്രസര്‍ക്കാര്‍ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."