ഇനി തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കാം
ഒന്നിലധികം തവണ ട്രിപ്പിള്‍ ലോക്ക്ഡൗണില്‍ പെട്ടുപോയ പൊന്നാനി താലൂക്കിലെ വട്ടംകുളത്താണ് ഞാനിപ്പോള്‍ താമസിക്കുന്നത്. ട്രിപ്പിള്‍ ലോക്ക്ഡൗണിനു മുന്‍പ് കണ്ടെയ്ന്‍മെന്റ് സോണായിരുന്നു ഇവിടം, കുഷ്ഠരോഗിയായ ഒരു ഭിക്ഷാടകന് കൊവിഡ് ബാധയുണ്ടായതുമായി ബന്ധപ്പെട്ട്. അയാളുമായി ആളുകള്‍ അടുത്തിടപഴകാന്‍ സാധ്യതയില്ല. അയാളില്‍നിന്ന് കാര്യമായ രോഗവ്യാപനം ഉണ്ടായതുമില്ല. അയാള്‍ വളരെ വേഗം രോഗവിമുക്തനായി ജന്മദേശമായ സേലത്തേക്ക് മടങ്ങിപ്പോയി. എന്തിനായിരുന്നു കണ്ടെയ്ന്‍മെന്റ് സോണാക്കിയത് എന്നതിന് ആര്‍ക്കും ഉത്തരമില്ല. അതില്‍ പിന്നെ എടപ്പാളിലെ രണ്ട് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കും ചില നഴ്‌സുമാര്‍ക്കും രോഗം സ്ഥിരീകരിച്ചപ്പോള്‍ വീണ്ടും ഭീതിപടര്‍ന്നു. കണ്ടെയ്ന്‍മെന്റ് സോണ്‍ ആവര്‍ത്തിച്ചു. എന്നാല്‍, ഇതിന്റെ പേരിലും കാര്യമായ രോഗവ്യാപനമുണ്ടായില്ല. ആകെ ബാക്കിയായത് അടച്ചിട്ട വ്യാപാരസ്ഥാപനങ്ങളുടെ ഉടമസ്ഥന്മാരുടെയും ജീവനക്കാരുടെയും കണ്ണീര് മാത്രം. അതും കഴിഞ്ഞ് കടകമ്പോളങ്ങള്‍ തുറക്കാന്‍ തുടങ്ങിയതേയുള്ളൂ. പൊന്നാനി തീരപ്രദേശത്ത് രോഗം വ്യാപിച്ചതുമായി ബന്ധപ്പെട്ട് വീണ്ടും താലൂക്ക് മുഴുവന്‍ കണ്ടെയ്ന്‍മെന്റ് സോണ്‍. പൊന്നാനി തീരപ്രദേശത്ത് രോഗവ്യാപനം അല്‍പം കൂടുതലാണ്. തര്‍ക്കമില്ല. പക്ഷേ, പൊലിസ് സ്വീകരിച്ച നടപടികള്‍ അല്‍പം ക്രൂരമായിപ്പോയി. ഇടറോഡുകള്‍പോലും അടച്ചിട്ടു. ആളുകളെ അടിച്ചോടിച്ചു. ഒരു മത്സ്യവില്‍പ്പനക്കാരന്‍ മാത്സ്യം പരത്തിവെച്ച തട്ടു ചവുട്ടിത്തെറിപ്പിച്ച് അയാളെ ആട്ടിപ്പായിച്ചു. എല്ലാ പൊലിസുകാരും ഇങ്ങനെയാണ് എന്നല്ല പറയുന്നത്. ചിലര്‍ക്ക് ക്രൂരമായി അധികാരം പ്രയോഗിക്കാന്‍ പ്രത്യേക താല്‍പര്യം കാണും. പക്ഷേ, ഇത്തരം പൊലിസ് രാജിലൂടെയാണോ കൊവിഡിനെ തുരത്തേണ്ടത് എന്ന് അധികാരികളും ആലോചിക്കുന്നത് നന്നാവും. ഒരു പൊലിസുകാരന്‍ പാവപ്പെട്ട മത്സ്യക്കച്ചവടക്കാരനു നേരെ ലാത്തിവീശുന്നത് മാസാമാസം കൃത്യമായി എണ്ണിവാങ്ങുന്ന ശമ്പളത്തിന്റെയും അലവന്‍സിന്റെയും ആത്മവിശ്വാസത്തിലാണ്. എന്നാല്‍ മത്സ്യക്കച്ചവടക്കാരന് പുറത്തിറങ്ങേണ്ടിവരുന്നത് വിശക്കുന്ന വയറുകള്‍ക്ക് അന്നമുണ്ടാക്കാനും. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയുന്ന ഭരണകൂടങ്ങള്‍ ഇല്ലെങ്കില്‍ സാധാരണ ജനങ്ങള്‍ കണ്ണീരു കുടിച്ച് ജീവിക്കും.
പൊന്നാനിയോ പൂന്തുറയോ പോലുള്ള തീരപ്രദേശങ്ങളില്‍ രോഗവ്യാപനത്തിന് പല കാരണങ്ങളുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്ന ശാരീരിക അകലം (സാമൂഹികഅകലമെന്ന വാക്ക് ഞാന്‍ ഉപയോഗിക്കില്ല. ആ വാക്കിന്റെ അര്‍ഥവ്യാപ്തി വേറെയാണ്. ബ്രാഹ്മണ്യത്തിന്റെ പ്രത്യയശാസ്ത്രം പതിയിരിക്കുന്ന വാക്കാണത്) തീരദേശത്തെ ജനങ്ങള്‍ എങ്ങനെ പാലിക്കും. ഭരണകൂടം നിശ്ചയിക്കുന്ന അകലം വീടുകള്‍ക്കിടയില്‍ തന്നെയില്ല. പിന്നെയെന്ത് ശാരീരിക അകലം. കൊവിഡിനെ ഭയന്ന് ഏത് ദേശത്തേക്കാണ് അവര്‍ ഓടിപ്പോവേണ്ടത്. മത്സ്യത്തൊഴിലാളികളുടെ അച്ചടക്കമില്ലായ്മയാണ് തീരദേശത്തെ രോഗവ്യാപനത്തിന് കാരണമെന്ന് ബഹു. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പറഞ്ഞത് അല്‍പം കൂടിപ്പോയി. പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കൂടി വോട്ട് കിട്ടിയിട്ടാണ് അദ്ദേഹം ആ പദവിയിലിരിക്കുന്നത്. ശ്രീരാമകൃഷ്ണന്‍ എന്റെ സുഹൃത്താണ്. മാന്യനാണ്. കുലീനമായി സംസാരിക്കുന്ന ആളാണ്. സഖാവിനറിയാമല്ലോ, നമ്മള്‍ സോഷ്യലിസ്റ്റ് വ്യവസ്ഥയിലല്ല ജീവിക്കുന്നത്. വീട്ടില്‍ മാസങ്ങളോളം അടങ്ങിയിരിക്കണമെന്ന് പാവപ്പെട്ട മനുഷ്യരോട് കല്‍പിക്കുമ്പോള്‍ അവരെങ്ങനെ ജീവിക്കുന്നു എന്ന് കൂടി അന്വേഷിക്കണം. നിത്യജീവിതത്തിനുവേണ്ടതൊക്കെ വീട്ടില്‍ എത്തിച്ചുകൊടുക്കാന്‍ സാധിക്കണം. സൗജന്യ റേഷന്‍കൊണ്ട് മാത്രം ജീവിക്കാന്‍ പറ്റുമോ? പൊതുവെ മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസക്കാലമാണിത്. അതിന്റെ കൂടെ മഹാമാരിയുടെ ഭീതിയും. നിരന്തരമായി ലോക്ക്ഡൗണ്‍ വന്നു പ്രതിസന്ധിയിലാവുമ്പോള്‍ വീടുകളില്‍ വിശപ്പ് ആളിക്കത്തും. പൊറുതികെട്ട് ആളുകള്‍ പുറത്തിറങ്ങും. അവരെ ഇളക്കിവിടുന്നത് പ്രതിപക്ഷ പാര്‍ട്ടികളാണ് എന്ന് പറഞ്ഞ് കൈകഴുകിയിട്ടൊന്നും കാര്യമില്ല.
ഇസ്‌റാഈലില്‍നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്ത എല്ലാ അധികാരികള്‍ക്കും ശ്രദ്ധിക്കാം. കൊവിഡുണ്ടാക്കിയ സാമ്പത്തിക മാന്ദ്യത്തില്‍ പൊറുതിമുട്ടി പതിനായിരക്കണക്കിന് ആളുകളാണ് ടെല്‍ അവീവില്‍ ഭരണകൂടത്തിനെതിരേ തെരുവിലിറങ്ങിയത്. സമ്പന്നരാജ്യമാണ് ഇസ്‌റാഈല്‍. ലോകത്തിന്റെ തന്നെ ബുദ്ധികേന്ദ്രവും. ടെല്‍ അവീവിലെ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് കോണ്‍ഗ്രസ് പാര്‍ട്ടിയും മുസ്‌ലിം ലീഗുമൊന്നുമല്ലല്ലോ. കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ എല്ലാ രാജ്യങ്ങളിലും ഭരണകൂടങ്ങള്‍ക്കെതിരേ പ്രക്ഷോഭങ്ങള്‍ ഉയരും.
മറ്റൊന്ന്, അമിതാഭ് ബച്ചനും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചതാണ്. പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് മെഴുകുതിരി കത്തിക്കുകയും പാത്രം കൊട്ടുകയും ചെയ്ത കുടുംബം. വേഗം തന്നെ ഈ മഹാനടനും കുടുംബത്തിനും രോഗശമനമുണ്ടാവട്ടെ. ആലങ്കാരികമായി പറഞ്ഞാല്‍ സ്വര്‍ണക്കൂട്ടില്‍ കഴിയുന്നവരാണ് അമിതാഭ് ബച്ചനും കുടുംബവും. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ സാധാരണക്കാര്‍ എന്ത് സുരക്ഷാ ക്രമീകരണങ്ങളാണ് സ്വീകരിക്കേണ്ടത്. അമിതാഭ് ബച്ചനേക്കാള്‍ സുരക്ഷിതമായി പൊന്നാനിയിലെയോ പൂന്തുറയിലെയോ ജനങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റില്ലല്ലോ.
പൂന്തുറയില്‍ കമാന്റോകളെ വിന്യസിച്ച് ഇത്രയ്ക്ക് ഭീതിപടര്‍ത്തേണ്ട കാര്യമുണ്ടായിരുന്നോ? അത് അവിടത്തെ പാവപ്പെട്ട മനുഷ്യരെ ഒന്നടങ്കം കുറ്റവാളികളായി പ്രഖ്യാപിക്കലല്ലേ. സമ്പന്നര്‍ പാര്‍ക്കുന്ന നഗരപഥങ്ങളില്‍ രോഗവ്യാപനമുണ്ടാവുമ്പോള്‍ ഈ രീതി സ്വീകരിക്കുന്നില്ലല്ലോ. പാവപ്പെട്ടവര്‍ക്കുമേല്‍ ആര്‍ക്കും എന്ത് അധികാരവും പ്രയോഗിക്കാം. പാവപ്പെട്ടവര്‍ ഏത് ഭരണകൂടത്തിനുകീഴിലും ഇരട്ട നീതിയുടെ ഇരകള്‍ തന്നെ. കഴിഞ്ഞ രണ്ട് പ്രളയക്കാലത്തും രക്ഷകരായി വന്നവരാണ് മത്സ്യത്തൊഴിലാളികള്‍. ഭരണകൂടം അവര്‍ക്കുമേല്‍ ചുമത്തുന്ന അച്ചടക്കരാഹിത്യമുണ്ടല്ലോ, അതാണ് പ്രളയജലത്തിലേക്ക് എടുത്തുചാടി അനേകരുടെ ജീവന്‍ രക്ഷിക്കാന്‍ അവരെ പ്രാപ്തരാക്കിയത്. അവര്‍ കൊവിഡിനെയും അതിജീവിക്കും. മറ്റൊന്നുകൂടി ചോദിക്കുമ്പോള്‍ അധികാരികള്‍ ചൊടിക്കേണ്ടതുമില്ല. ഇത്രയേറെ പൊലിസുകാരെ പാതയോരങ്ങളിലും കവലകളിലും വിന്യസിച്ചിട്ടും അവരുടെ കണ്ണുവെട്ടിച്ചാണ് സ്വപ്ന സുരേഷ് ബംഗളൂരിവിലെത്തിയത്. ഒരതിര്‍ത്തിയിലും ആരും അവരെ തടഞ്ഞില്ല. കണ്ണുതുറക്കുന്നതുപോലെ കണ്ണടയ്ക്കാനും പൊലിസുകാര്‍ക്കറിയാം.
സംസ്ഥാന സര്‍ക്കാരിനു പറ്റിയ പിഴവ് തുടക്കത്തില്‍ കൊവിഡ് രോഗികളുടെ എണ്ണത്തിലുള്ള കുറവിനെച്ചൊല്ലിയുള്ള അമിതമായ ആത്മവിശ്വാസമാണ്. ലോകത്തിന് തന്നെ കേരളം മാതൃകയാവുന്നു എന്നൊന്നും വിളിച്ചുപറയേണ്ടതില്ലായിരുന്നു. അജ്ഞാതമായി പടരുന്ന മഹാമാരികളെ ചൊല്ലി അമിതമായ ആത്മവിശ്വാസം പുലര്‍ത്തുന്നതും മണ്ടത്തരമാണ്. സര്‍ക്കാര്‍ നന്നായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തര്‍ക്കമില്ല. ഇനിയിപ്പോള്‍ രോഗവ്യാപനം കൂടിയാല്‍ തന്നെ ബുദ്ധിയുള്ള ആരും സര്‍ക്കാരിനെ കുറ്റം പറയില്ല. സ്വയം സുരക്ഷയൊരുക്കാന്‍ പൊതുജനത്തിനും ബാധ്യതയുണ്ടല്ലൊ. അവരത് പാലിക്കുന്നില്ലെങ്കില്‍ തിക്തഫലങ്ങള്‍ അവര്‍ അനുഭവിക്കട്ടെ. കൊവിഡ് പ്രതിരോധം മാത്രമാണോ ഭരണകൂടങ്ങളുടെ ലക്ഷ്യം. അങ്ങനെയെങ്കില്‍ സര്‍ക്കാരുകളെ പിരിച്ചുവിട്ട് ആരോഗ്യവകുപ്പിനെ ഭരണമേല്‍പ്പിച്ചാല്‍ പോരേ? ഭരണത്തിന്റെ മേന്മ കൊവിഡിനെച്ചൊല്ലി മാത്രമാകരുതല്ലോ. ഇതേവരെ കേരള മാതൃകയെന്നാണ് നമ്മള്‍ അഹങ്കരിച്ചുകൊണ്ടിരുന്നത്. ലോകത്തിനുതന്നെ നമ്മള്‍ മാതൃകയാവുന്നു എന്നും. ഇപ്പോള്‍ പറയുന്നു തീരദേശത്തെ രോഗവ്യാപനം തടയാന്‍ ധാരാവി മാതൃക സ്വീകരിക്കുമെന്ന്. ലോകാരോഗ്യ സംഘടന ഇപ്പോള്‍ ധാരാവിയെയാണ് പ്രകീര്‍ത്തിക്കുന്നത്. ഇതും ഒരു കാവ്യനീതി. പ്രതിപക്ഷത്തിനും പറ്റുന്നു പിഴവുകള്‍. പിണറായി സര്‍ക്കാരിന് ഭരണത്തുടര്‍ച്ച കിട്ടുമോ എന്ന പേടിമാത്രമാണ് ഇപ്പോള്‍ പ്രതിപക്ഷത്തെ ഗ്രസിച്ചിരിക്കുന്നത്. പിണറായി സര്‍ക്കാരിന് കാലം കരുതിവെച്ചിരിക്കുന്നത് ഭരണത്തുടര്‍ച്ചയാണെങ്കില്‍ അങ്ങനെയാവട്ടെ. അഞ്ചോ പത്തോ കൊല്ലംകൊണ്ട് തീരുന്നതൊന്നുമല്ലല്ലോ രാഷ്ട്രീയം. ഈ പേടിയില്‍നിന്ന് പ്രതിപക്ഷം പുറത്തുകടക്കണം. മഹാമാരിക്കാലത്ത് ജനതയെ ബാധിക്കുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളിലേക്ക് പ്രതിപക്ഷം ഉണര്‍ന്നു പ്രവര്‍ത്തിക്കണം.
അടച്ചിടലിനെക്കുറിച്ചുള്ള ആലോചനകള്‍ മതിയാക്കൂ. തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കൂ. തൊഴില്‍മേഖലകള്‍ പൂര്‍ണമായും സ്തംഭിച്ചുകഴിഞ്ഞു. ഇത് സാധാരണക്കാരെ ആത്മഹത്യയിലേക്ക് നയിക്കും. ലോക്ക്ഡൗണ്‍ കാലയളവില്‍ എഴുപതോളം കുട്ടികള്‍ ആത്മഹത്യ ചെയ്തു എന്നാണ് സര്‍ക്കാര്‍ കണക്ക്. എത്രയും പെട്ടെന്ന് സ്‌കൂളുകള്‍ തുറക്കല്‍ മാത്രമാണ് പോംവഴി. അടഞ്ഞുകിടക്കുന്ന കടകമ്പോളങ്ങളില്‍നിന്ന് കൂട്ടക്കരച്ചില്‍ ഉയരുന്നു. പലചരക്ക് കടകള്‍ക്കും പച്ചക്കറികടക്കാര്‍ക്കും മാത്രം ജീവിച്ചാല്‍ മതിയോ?
ഓണക്കാലമാണ് വരുന്നത്. തുണിക്കടക്കാരും നെയ്ത്തു തൊഴിലാളികളും അപ്രതീക്ഷയിലാണ് ജീവിക്കുന്നത്. ഒന്നും സാധാരണ നിലയിലാവില്ല. ഇപ്പോള്‍ ജനതയ്ക്കുമേല്‍ കൊവിഡ് വിരിച്ച വിഷാദത്തില്‍നിന്ന് മറികടക്കാനുള്ള പോംവഴി തൊഴിലിടങ്ങള്‍ സജീവമാക്കലാണ്. കടകമ്പോളങ്ങള്‍ തുറക്കലാണ്. കോടിക്കണക്കിന് രൂപയുടെ ചരക്കുകളാണ് കെട്ടിക്കിടന്നു നശിച്ചുപോവുന്നത്. അതും ഭരണാധികാരികള്‍ പരിഗണിക്കണം.
നമുക്ക് ലഭ്യമായ അറിവുകള്‍വച്ചാണ് ലോക്ക്ഡൗണ്‍ എന്ന പ്രതിരോധ മാര്‍ഗം സ്വീകരിക്കുന്നത്. അതൊന്നും അവസാന വാക്കല്ല. ശാസ്ത്രജ്ഞര്‍ക്കും തന്നെയും ഈ വൈറസിനെ സംബന്ധിച്ച് പൂര്‍ണ വ്യക്തതയില്ല. പുതിയ പുതിയ കണ്ടെത്തലുകള്‍ പുറത്തുവരുന്നു. ഏറ്റവും പുതുതായി വന്നത് വായുവിലൂടെയും പകരുമെന്നാണ്. അങ്ങനെയെങ്കില്‍ വീടുകളില്‍ അടച്ചിടുന്നതും സുരക്ഷിതമാവില്ലല്ലോ. ഈ രോഗത്തിന്റെ ഭാവി എന്താണെന്ന പ്രവചനവും അസാധ്യം. കാലവും പ്രകൃതിയും നമ്മുടെ വിധി തീരുമാനിക്കട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."