തൊട്ടില്‍പ്പാലത്തെ വിദേശമദ്യശാല;അന്വേഷണ കമ്മിഷന്‍ തെളിവെടുപ്പ് നടത്തി
തൊട്ടില്‍പ്പാലം: ടൗണ്‍ ജുമാമസ്ജിദുമായുള്ള ദൂരപരിധി ലംഘിച്ച് തുറന്ന കണ്‍സ്യൂമര്‍ഫെഡിന്റെ വിദേശ മദ്യശാലക്കെതിരേ സര്‍വകക്ഷി ആക്ഷന്‍ കമ്മിറ്റി ഹൈക്കോടതയില്‍ സമര്‍പ്പിച്ച പരാതിയില്‍ അന്വേഷണ കമ്മിഷന്‍ തെളിവെടുപ്പ് നടത്തി.
നിലവില്‍ ഔട്ട്‌ലെറ്റും പള്ളിയുമായുള്ള ദൂരപരിധി, പരിസരം, മറ്റു നിയമപരമായ നടപടിക്രമങ്ങള്‍ തുടങ്ങിയവയാണ് പരിശോധിച്ചത്. ഹൈക്കോടതി അഭിഭാഷകന്‍ അരുണ്‍ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. പരിശോധനാ റിപ്പോര്‍ട്ട് ഹൈക്കോടതയില്‍ അന്വേഷണ സംഘം വെള്ളിയാഴ്ച സമര്‍പ്പിക്കും.
ആരാധനാലയത്തിന്റെ ദൂരപരിധിയുമായി ബന്ധപ്പെട്ട് ആക്ഷന്‍ കമ്മിറ്റി നേരത്തെ കലക്ടര്‍, ജില്ലാ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. കോടതിവിധിയെ തുടര്‍ന്ന് അടച്ചുപൂട്ടിയ കുറ്റ്യാടി-നാദാപുരം സംസ്ഥാനപാതയിലെ കണ്‍സ്യൂമര്‍ ഫെഡിന്റെ ഔട്ട്‌ലെറ്റാണ് കാവിലുംപാറ പഞ്ചായത്തിലെ തൊട്ടില്‍പ്പാലം ടൗണില്‍ മാറ്റിസ്ഥാപിച്ചത്. 22 ദിവസത്തോളം നീണ്ട സമരസമിതിയുടെ ശക്തമായ രാപ്പകല്‍ സമരം അട്ടിമറിച്ച് സി.പി.എം പ്രാദേശിക നേതാക്കളുടെ ഒത്താശയോടെയാണ് ഇക്കഴിഞ്ഞ 16ന് കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസിനു സമീപത്ത് മദ്യശാല തുറന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."