ഗൃഹനാഥനെ കൊലപ്പെടുത്തി ഭാര്യയെ ബലാത്സംഗം ചെയ്ത കേസ്; പിടിയിലായ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി
കോവളം: കോളിയൂരില്‍ ഗൃഹനാഥനെ തലക്കടിച്ച് കൊലപ്പെടുത്തി ഭാര്യയെ ആക്രമിച്ച ശേഷം ബലാത്സംഗം ചെയ്ത കേസില്‍ പിടിയിലായ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ശിക്ഷ ഇന്ന് വിധിക്കും. കോവളം പൊലിസ് രജിസ്റ്റര്‍ ചെയ്ത് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ അന്വേഷിച്ച കേസില്‍ തിരുവനന്തപുരം രണ്ടാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് മിനി.എസ് ദാസ് ആണ് ഒന്നും രണ്ടും പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രതികളായ വട്ടപ്പാറ കല്ലുവാകുഴി തോട്ടരികത്ത് വീട്ടില്‍ കൊലുസു ബിനു എന്ന അനില്‍കുമാര്‍ തമിഴ്‌നാട് സ്വദേശി ചന്ദ്രന്‍ എന്ന ചന്ദ്രശേഖരന്‍ എന്നിവര്‍ക്കെതിരേ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കുറ്റം ചുമത്തിയത്. 2016 ജൂലൈ ഏഴിനാണ് കോവളത്തിനടുത്ത് കോളിയൂരില്‍ പൈശാചികവും മനുഷ്യത്വ രഹിതവുമായ കൊടും ക്രൂരകൃത്യം നടന്നത്. കോളിയൂര്‍ ചാനല്‍ക്കരയില്‍ മര്യദാസിന്റെ വീടിന്റെ അടുക്കളവാതില്‍ തകര്‍ത്ത് അകത്ത് കയറിയ പ്രതികള്‍ ഹാളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന മര്യാദാസന്റെ തല കൈവശം കരുതിയിരുന്ന ഭാരമുള്ള ചുറ്റികകൊണ്ട് അടിച്ച് തകര്‍ത്തു. തൊട്ടടുത്ത് കിടന്നുറങ്ങുകയായിരുന്ന ഭാര്യയെയും തലയ്ക്കടിച്ചു ബോധംകെടുത്തിയ ശേഷം ഒന്നാം പ്രതി അനില്‍കുമാര്‍ ബലാത്സംഗം ചെയ്തു. ശേഷം വീട്ടമ്മ അണിഞ്ഞിരുന്ന താലിമാലയും അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ട് സ്വര്‍ണ കുരിശുകളും കവര്‍ന്ന പ്രതികള്‍ സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടു. വെളുപ്പിന് നാലരമണിയോടെ എഴുന്നേറ്റ കുട്ടികളാണ് തല തകര്‍ന്ന നിലയില്‍ രക്തത്തില്‍ കുളിച്ചു കിടന്നിരുന്ന അച്ഛനെയും അമ്മയെയും കണ്ടത്. കുട്ടികളുടെ കരച്ചില്‍ കേട്ടാണ് സംഭവം പുറത്തറിഞ്ഞത്. ആക്രമണത്തില്‍ തലച്ചോറിന് ഗുരുതരമായി ക്ഷതമേറ്റ വീട്ടമ്മ നിരവധി ശസ്ത്രക്രിയകള്‍ക്കു ശേഷവും ഒര്‍മ ശക്തി നഷ്ടപ്പെട്ട് അബോധാവസ്ഥയില്‍ തുടരുകയാണ്. തലസ്ഥാന നഗരിയെ പിടിച്ചുലച്ച സംഭവത്തില്‍ അന്നുതന്നെ സൗത്ത് സോണ്‍ എ.ഡി.ജി.പി ബി.സന്ധ്യയുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം 48 മണിക്കൂറിനുള്ളില്‍ പ്രതികളെ വലയിലാക്കുകയും കൊലപാതകത്തിന് ഉപയോഗിച്ച ഭാരമുള്ള ചുറ്റികയും പാരയും കണ്ടെത്തുകയും ചെയ്തതാണ് കേസില്‍ വഴിത്തിരിവായത്. സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ വി.എസ് വിനീത് കുമാര്‍ കോടതിയുടെ പ്രത്യേക അനുമതിയോടെ ഈ ദൃശ്യങ്ങളെല്ലാം തുറന്ന കോടതിയില്‍ പ്രദര്‍ശിപ്പിച്ചു തെളിവു നല്‍കി. ഫോറന്‍സിക് വകുപ്പ് മേധാവി ഡോ. ശശികല ഇരയില്‍ നിന്നും ശേഖരിച്ച സാമ്പിളുകളില്‍ നിന്നും അനില്‍കുമാറിന്റെ ഡിഎന്‍എ വേര്‍തിരിച്ചത് ബലാത്സംഗത്തിനും കൊലപാതക വേളയില്‍ പ്രതികള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളില്‍ നിന്നും കൊല്ലപ്പെട്ടയാളുടെ ഡിഎന്‍എ വേര്‍തിരിച്ചെടുക്കാനായതും നിര്‍ണായക തെളിവായതായി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ വി.എസ് വിനീത് കുമാര്‍ പറഞ്ഞു. 76 സാക്ഷികളെ വിസ്തരിച്ചിരുന്നു. 99 രേഖകളും 49 തൊണ്ടിമുതലുകളും തെളിവെടുപ്പിനായി ഹാജരാക്കി.
തമിഴ്‌നാട് സ്വദേശിയായ രണ്ടാം പ്രതിക്ക് പരിഭാഷകയുടെ സഹായവും കോടതി അനുവദിച്ച കോടതി ഇരു പ്രതികളെയും അടുത്തേക്ക് വിളിച്ചു അവര്‍ക്കെതിരേ തെളിഞ്ഞ കുറ്റങ്ങള്‍ വിശദീകരിച്ചു. കൊടും ക്രൂരകൃത്യം നടത്തിയ പ്രതികള്‍ സ്വഭാവപരിണാമത്തിന് വിധേയരാകാന്‍ സാധ്യതയില്ല എന്നും അവര്‍ ചെയ്ത കൃത്യം പരിഗണിക്കുമ്പോള്‍ ഈ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് ആണെന്നും. ഒന്നാം പ്രതി അനില്‍ കുമാര്‍ വധശിക്ഷക്ക് പൂര്‍ണമായും അര്‍ഹനാണെന്നും സുപ്രീംകോടതിവിധി ന്യായങ്ങള്‍ നിരത്തി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വാദിച്ചു. തുടര്‍ന്നാണ് രണ്ടാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് വിധി പ്രഖ്യാപനം ഇന്ന് നടത്തുമെന്ന് അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."