നടിയെ ആക്രമിച്ച കേസ്: മുന്‍കൂര്‍ നോട്ടിസ് നല്‍കുമെന്ന് പ്രോസിക്യൂഷന്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകനെ അറസ്റ്റ് ചെയ്യേണ്ടി വന്നാല്‍ ക്രിമിനല്‍ നടപടിചട്ട പ്രകാരം മുന്‍കൂര്‍ നോട്ടിസ് നല്‍കുമെന്ന് പ്രോസിക്യൂഷന് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ഇതു രേഖപ്പെടുത്തിയ സിംഗിള്‍ ബെഞ്ച് അഡ്വ. പ്രദീഷ് ചാക്കോ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ തുടര്‍ നടപടികള്‍ അവസാനിപ്പിച്ചു.
നടിയെ ആക്രമിച്ച സംഭവവുമായി തനിക്കു ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ അന്വേഷണ സംഘം ശ്രമിക്കുന്നുവെന്നും അറസ്റ്റിന് സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പ്രദീഷ് ചാക്കോ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
സംഭവത്തെത്തുടര്‍ന്ന് പൊലിസ് ചോദ്യം ചെയ്തപ്പോള്‍ തന്നെ കേസില്‍ പ്രതിയാക്കുമെന്ന് പൊലിസ് ഭീഷണിപ്പെടുത്തിയെന്നും ഹരജിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ അഭിഭാഷകന്റെ വസതിയിലും ഓഫിസിലും നടത്തിയ പരിശോധനയില്‍ ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പള്‍സര്‍ സുനിയുടെ കുറ്റസമ്മതമൊഴിയില്‍ അഭിഭാഷകന് സംഭവത്തില്‍ പങ്കുണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്നും പ്രോസിക്യൂഷന് വ്യക്തമാക്കി.
എന്നാല്‍ ഇതുവരെ അദ്ദേഹത്തെ പ്രതിയാക്കിയിട്ടില്ലെന്നും അറസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടായാല്‍ നോട്ടിസ് നല്കി മാത്രമേ അറസ്റ്റ് ചെയ്യൂവെന്നും പ്രോസിക്യൂഷന് വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."