ഗവാസ്‌കറെ മര്‍ദ്ദിച്ച കേസ്: ചീഫ് ജസ്റ്റിസിന്റെ പരിഗണനക്ക് വിട്ടു
കൊച്ചി: എ.ഡി.ജി.പിയുടെ മകള്‍ സ്‌നിഗ്ധയുടെ കേസ് റദ്ദാക്കാന്‍ മതിയായ കാരണങ്ങളെന്താണുള്ളതെന്നു കോടതി ആരാഞ്ഞു. തിരുവനന്തപുരത്ത് പോലിസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദ്ദിച്ചുവെന്നു ചൂണ്ടിക്കാട്ടി രജിസ്റ്റര്‍ ചെയത എഫ്.ഐ.ആറും തുടര്‍ നടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പൊലിസ് അന്വേഷിച്ച് വിവരങ്ങള്‍ കണ്ടെത്തെട്ടെയെന്നും കോടതി പരാമര്‍ശിച്ചു. കേസ് നിലനില്‍ക്കുന്നതിനാവശ്യമായ പ്രാഥമിക വിവരങ്ങളുണ്ടെന്നും എങ്ങനെ റദ്ദാക്കാനാവുമെന്നും കോടതി ചോദിച്ചു. ഗവാസ്‌കറിനു മര്‍ദ്ദനമേറ്റ സംഭവവും എ.ഡി.ജി.പിയുടെ മകള്‍ നല്‍കിയ ഹരജിയും ഒരു ബഞ്ച് പരിഗണിക്കുന്നതിന് ചീഫ് ജസ്റ്റിസിന്റെ അനുമതിക്കായി വിട്ടു. എ.ഡി.ജി.പിയുടെ മകളുടെ ഹരജി ജസ്റ്റിസ്. എബ്രഹാം മാത്യുവിന്റെ ബഞ്ചാണ് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിട്ടത്. ഗവാസ്‌കറിനെതിരേ എ.ഡി.ജി.പിയുടെ മകള്‍ നല്‍കിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി ജസ്റ്റിസ്. സുനില്‍ തോമസിന്റെ ബഞ്ചാണ് പരിഗണിക്കുന്നത്.
ഗവാസ്‌കര്‍ കൈക്കു കയറിപ്പിടിച്ചത് ചെറുക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും സ്‌നിഗ്ധയുടെ ഹരജിയില്‍ പറയുന്നു. ഫോണ്‍ കൈയിലുണ്ടായിരുന്നില്ലെന്നും ഹരജിയില്‍ പറയുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഗവാസ്‌കര്‍ക്ക് പരിക്കേറ്റ സംഭവമില്ലെന്ന ഹരജിക്കാരിയുടെ വാദം കോടതി അംഗീകരിച്ചില്ല. താന്‍ നിരപരാധിയാണെന്നും ഇരയായ തന്നെ കള്ളക്കേസില്‍ കുടുക്കുകയാണെന്നും ഹരജിയില്‍ പറയുന്നു. ഔദ്യോഗിക വാഹനം ഓടിക്കുന്നതില്‍ നിന്ന് പിന്‍മാറണമെന്നു സുധേഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ സംഭവ ദിവസം ഗവാസ്‌കര്‍ തന്നെ വാഹനവുമായെത്തിയത് തര്‍ക്കത്തിനിടയാക്കുകയായിരുന്നു. ഗവാസ്‌കറിന്റെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായതായും ജാതിപേര് വിളിച്ച് ആക്ഷേപിച്ചതായും ഹരജിയില്‍ ആരോപിക്കുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമായി കേസ് റദ്ദാക്കാനാകില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. താന്‍ കൊടുത്ത കേസില്‍ സര്‍ക്കാര്‍ വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഹരജിഭാഗം അഭിഭാഷകന്‍ വാദിച്ചു. ഇതോടെ രണ്ടു കേസുകളും ഒരുമിച്ചു കേള്‍ക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഇരു കേസുകളും ഒരുമിച്ചു കേള്‍ക്കുന്നതിനായി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കു വിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."