'അജാം': ചക്ക ഉല്‍പന്ന നിര്‍മാതാക്കള്‍ക്കും സംഘടന
കല്‍പ്പറ്റ: സംസ്ഥാനത്ത് ചക്ക ഉല്‍പന്ന നിര്‍മാതാക്കള്‍ക്കും സംഘടന. ചക്ക സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായതോടെയാണ് അസോസിയേഷന്‍ ഓഫ് ജാക്ക് ഫ്രൂട്ട് ആന്‍ഡ് അഗ്രോ പ്രൊഡക്ട് മാനുഫാക്‌ചേഴ്‌സ് (അജാം) എന്ന പേരില്‍ സംഘടനയുണ്ടാക്കി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
ചക്ക ഉല്‍പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുക, പുതിയ വിപണി കണ്ടെത്തുക, ആഭ്യന്തര-വിദേശ വിപണിയില്‍ കേരളത്തില്‍ നിന്നുള്ള ചക്ക വിഭവങ്ങള്‍ എത്തിക്കുക, ദേശീയ-അന്തര്‍ദേശീയ പ്രദര്‍ശനങ്ങളില്‍ കൂട്ടായി പങ്കെടുക്കുക തുടങ്ങിയവയാണ് സംഘടനയുടെ പ്രധാന ലക്ഷ്യങ്ങള്‍.
കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള 10 കമ്പനികളാണ് അജാമില്‍ അംഗങ്ങളായിട്ടുള്ളത്. പാലക്കാട് സ്വദേശി ആന്റണി പ്രസിഡന്റും കാസര്‍കോട് സ്വദേശി ജസ്റ്റിന്‍ സെക്രട്ടറിയുമായ ഭരണസമിതിയാണ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുക. 10 കമ്പനികളുടെ 65 ഉല്‍പന്നങ്ങളുമായി സംഘടനയുടെ നേതൃത്വത്തില്‍ വയനാട് അമ്പലവയലില്‍ നടക്കുന്ന അന്താരാഷ്ട്ര ചക്ക മഹോത്സവത്തില്‍ പ്രവര്‍ത്തകര്‍ എത്തിയിട്ടുണ്ട്. വിവിധ കമ്പനികളിലായി ഇപ്പോള്‍ ആയിരത്തോളം പേര്‍ ജോലി ചെയ്യുന്നുണ്ടെന്ന് അജാം ട്രഷററും ഇടുക്കി ശാന്തന്‍പാറയിലെ പ്ലാന്റ് സാ എന്ന കമ്പനിയുടെ സംരംഭകനുമായ മണലിച്ചിറയില്‍ ദിലീഷ് പറഞ്ഞു.
ചെറുകിട സംരംഭമായാണ് ഭൂരിഭാഗം പേരും ആദ്യം ചക്ക ഉല്‍പന്നങ്ങള്‍ നിര്‍മിച്ചു തുടങ്ങിയത്. കിലോക്ക് അഞ്ച് രൂപക്കാണ് ഇപ്പോള്‍ ഉല്‍പന്ന നിര്‍മാതാക്കള്‍ ചക്ക കര്‍ഷകരില്‍ നിന്ന് വാങ്ങുന്നത്. ആവശ്യം വര്‍ധിക്കുമ്പോള്‍ കിലോക്ക് 17 രൂപ വരെ കര്‍ഷകര്‍ക്കു നല്‍കാറുണ്ടെന്നും ഇവര്‍ പറയുന്നു. കൂടുതല്‍ ചെറുകിട സംരംഭകരെ കൂടി സംഘടനയില്‍ അംഗങ്ങളാക്കി പ്രവര്‍ത്തനം വിപുലപ്പെടുത്താനാണ് ഇവരുടെ തീരുമാനം. ഫോണ്‍: 9387611267.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."