പൊതുകിണറുകള്‍ നന്നാക്കാന്‍ പദ്ധതിയില്ല: ഇടിഞ്ഞും മാലിന്യം നിറഞ്ഞും നശിക്കുന്നു
ആലത്തൂര്‍: തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലക്ഷങ്ങള്‍ ചെലവഴിച്ച് സ്വകാര്യ വ്യക്തികളുടെ വീടുകളില്‍ കിണര്‍ നിര്‍മിക്കുമ്പോഴും പൊതുകിണറുകള്‍ സംരക്ഷിക്കാന്‍ നടപടിയില്ല. ഗ്രാമീണ മേഖലയിലെ പ്രധാന കുടിവെള്ള സ്രോതസായ കിണറുകളാണ് സംരക്ഷണയില്ലാതെ നശിക്കുന്നത്. മാലിന്യങ്ങള്‍ തള്ളിയും, ഭിത്തി ഇടിഞ്ഞും, വേനല്‍ക്കാലത്ത് പോലും സമൃദ്ധമായ കിണറുകളാണ് ഈ രീതിയില്‍ നശിക്കുന്നത്. കാര്‍ഷികാവശ്യത്തിന് കനാലുകള്‍ വഴി വെള്ളം തുറന്നുവിട്ടതോടെ പല കിണറുകളിലും ജലസമൃദ്ധിയായിട്ടുണ്ട്. വര്‍ഷങ്ങളായി വൃത്തിയാക്കെതെയും, ക്ലോറിനേഷന്‍ നടത്താതെയും ഇതിലെ വെള്ളം ഉപയോഗിക്കാനും കഴിയാത്ത സ്ഥിതിയാണ്.
വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് കുഴല്‍കിണറുകള്‍ സ്ഥാപിച്ച് കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കിയതോടെ പ്രദേശവാസികളും കിണറുകളെ കൂടുതല്‍ ആശ്രയിക്കുന്നില്ല. കുഴല്‍കിണര്‍ വെള്ളത്തിന് രുചിമാറ്റമുള്ളതിനാല്‍ മിക്കവരും കുടിക്കാനും, പാചകം ചെയ്യാനും ആശ്രയിക്കുന്നത് കിണര്‍ വെള്ളത്തെയാണ്. ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തികളിലെ നൂറുകണക്കിന് കിണറുകളാണ് ഇത്തരത്തില്‍ നശിക്കുന്നത്. നിലവില്‍ പൊതുകിണര്‍ നന്നാക്കാന്‍ പദ്ധതിയില്ല.
തൊഴിലുറപ്പ് പദ്ധതി പ്രകാരം സ്വകാര്യ വ്യക്തികളുടെ വളപ്പില്‍ കിണര്‍ കുഴിക്കുന്നുണ്ട്. പൊതുകിണറുകള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നന്നാക്കാന്‍ ഈ സാമ്പത്തിക വര്‍ഷം പദ്ധതി തയാറാക്കിയിട്ടില്ല. ഗ്രാമസഭകള്‍ മുഖേന പദ്ധതി നിര്‍ദേശം ലഭിക്കുന്ന മുറയ്ക്ക് പൊതുകിണറുകള്‍ നന്നാക്കുവാന്‍ നടപടിയുണ്ടാകുമെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ചില പഞ്ചായത്തുകളില്‍ ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി കിണറുകള്‍ നവീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."