പാലക്കാട് മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ്; ബസ് ബേയാക്കണമെന്ന ഉത്തരവ് നടപ്പായില്ല
പാലക്കാട്: കഴിഞ്ഞ ഓഗസ്റ്റ് മാസം നഗരത്തിലെ ബഹുനില കെട്ടിടം തകര്‍ന്നുവീണതിന്റെ പശ്ചാത്തലത്തില്‍ അടച്ചുപൂട്ടിയ മുന്‍സിപ്പല്‍ സ്റ്റാന്റ് മാസങ്ങള്‍ നീണ്ട പ്രതിക്ഷേധങ്ങള്‍ക്കൊടുവില്‍ തുറന്നെങ്കിലും ബസ് ബേയാക്കണമെന്ന ഉത്തരവുകള്‍ കാറ്റില്‍ പറക്കുകയാണ്. സ്റ്റേഡിയം സ്റ്റാന്റിലേയ്ക്കു മാറിയ മുഴുവന്‍ ബസുകളില്‍ മണ്ണാര്‍ക്കാട്, കോഴിക്കോട്, നിലമ്പൂര്‍, മഞ്ചേരി, പൂടൂര്‍-കോട്ടായി, പെരുങ്ങോട്ടുകുറിശ്ശി ബസുകള്‍ മാത്രം ഇപ്പോഴും സ്റ്റേഡിയം സ്റ്റാന്റില്‍ തന്നെയാണ്. കോങ്ങാട്, ചെര്‍പ്പുളശ്ശേരി, കുത്തനൂര്‍ കമ്പ-വള്ളിക്കോട് ബസുകള്‍ മാത്രമാണ് മുനിസിപ്പല്‍ സ്റ്റാന്റിലുള്ളത്. മുഴുവന്‍ ബസുകളുമെത്താത്തതിനാല്‍ സമീപത്തെ വ്യാപാരികളും ദുരിതത്തിലാണ്.
എന്നാല്‍ കാലപ്പഴക്കമുള്ള മുനിസിപ്പല്‍ സ്റ്റാന്റ് പൊളിച്ചുമാറ്റിയാലും പുതുക്കിപണിയലുമൊക്കെ ഫയലുകളില്‍ മാത്രമാണ്. ഈ സാഹചര്യത്തില്‍ മുനിസിപ്പല്‍ സ്റ്റാന്റ് പുതുക്കിപ്പണിയുന്നതുവരെ ഇവിടം ബസ് ബേയാക്കിമാറ്റാന്‍ കഴിഞ്ഞ മാസം ചേര്‍ന്ന ആര്‍.ടി.ഒ യോഗത്തില്‍ തീരുമാനിച്ചിരുന്നു. ആര്‍.ടി.ഒയുടെയും ഹൈക്കോടതിയുടെയും ഉത്തരവുകള്‍ പാലിക്കാത്ത ബസുകള്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ആര്‍.ടി.ഒ പറഞ്ഞിരുന്നു.
മണ്ണാര്‍ക്കാട്, കോഴിക്കോട്, കോട്ടായി ഭാഗത്തേയ്ക്കുള്ള ബസുകള്‍ മുനിസിപ്പല്‍ സ്റ്റാന്റില്‍ വരാത്തതുമൂലം വിദ്യാര്‍ഥികള്‍ക്കും ജോലികഴിഞ്ഞെത്തുന്നവര്‍ക്കും, നഗരത്തില്‍ പര്‍ച്ചേഴ്‌സിനും മറ്റും എത്തുന്നവര്‍ക്കും ദുരിതം തീര്‍ക്കുന്നുണ്ട്. എന്നാല്‍ പൂടൂര്‍-കോട്ടായി റൂട്ടിലെ ബസുകള്‍ക്ക് മുനിസിപ്പല്‍ സ്റ്റാന്റിലെത്താന്‍ നല്ലൊരു തുക ടോള്‍ നല്‍കണം.
മാത്രമല്ല പ്രതിദിനം 10 ലിറ്റര്‍ ഡീസല്‍ ചെലവും അധികം വേണം. മുനിസിപ്പല്‍ സ്റ്റാന്റിലേയ്ക്ക് ബസുകളെത്തിക്കുന്നതിനായി നഗരസഭ മൂന്ന് കാത്തിരിപ്പ് കേന്ദ്രങ്ങളാണ് പണിതിട്ടുള്ളത്. എന്നാല്‍ യാത്രക്കാര്‍ക്കുള്ള വിശ്രമ മുറി, കുടിവെള്ളം, എയ്ഡ് പോസ്റ്റ് എന്നിവയൊന്നും ഇപ്പോഴും മുനിസിപ്പല്‍ സ്റ്റാന്റിലില്ല.
ബസുകള്‍ ഇപ്പോഴും അപകട ഭീക്ഷണിയുള്ള സ്റ്റാന്റിനു കീഴില്‍ തന്നെയാണ് നിര്‍ത്തിയിട്ടിരിക്കുന്നത്. അഴുക്കുചാലുകള്‍ക്കു മുകളില്‍ സ്ഥാപിച്ച ഇരുപ്പു കേന്ദ്രങ്ങള്‍ യാത്രക്കാര്‍ ഉപേക്ഷിച്ചമട്ടാണ്. സമീപത്തെ തകര്‍ന്ന കെട്ടിടത്തിന്റെ ബാക്കിഭാഗം പൊളിച്ചുമാറ്റി വരികയാണ്.
സ്റ്റാന്റിലെത്താത്ത ബസുകള്‍ ഇവിടെയെത്തി അധികം നിര്‍ത്തിയിടാതെ ആളുകളെ കയറ്റിയും ഇറക്കിയും ബസ് ബേയാക്കി ഉപയോഗിക്കാനുള്ള നിര്‍ദേശം ഇപ്പോള്‍ അട്ടിമറിക്കപ്പെടുകയാണ്. സ്റ്റേഡിയം സ്റ്റാന്റു വഴി ഇപ്പോള്‍ കുത്തനൂര്‍ ബസുകള്‍ പോകുന്നുണ്ടെങ്കിലും ഒരു ബസ് പുറപ്പെട്ടാല്‍ അര മണിക്കൂറോളം കാത്തുനില്‍ക്കേണ്ട ഗതികേടിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."