ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപെട്ടു
കോട്ടയം: കോടതിയില്‍ നിന്നും ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇരുപതോളം മോഷണക്കേസുകളിലെ പ്രതി പൊലിസുകാരനെ തള്ളിയിട്ട ശേഷം ട്രെയിനില്‍ നിന്നും ചാടി രക്ഷപെട്ടു. കന്യാകുമാരി നെയ്യൂര്‍ ഇരനിയേല്‍വില്ലേജില്‍ സ്റ്റീഫന്‍ (31) ആണ് കഴിഞ്ഞ ദിവസം കേരള എക്‌സ്പ്രസില്‍ നിന്നും ചാടി രക്ഷപെട്ടത്. കോട്ടയം റയില്‍വേ പൊലിസ് എസ്.ഐ ബിന്‍സ് ജോസഫ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം ആരംഭിച്ചു.
തിരുവല്ല, ചിങ്ങവനം, ചങ്ങനാശേരി, ആറന്മുള പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ ഇരുപതിലേറെ കേസുകളില്‍ പ്രതിയായ സ്റ്റീഫനെ രണ്ടു മാസം മുന്‍പാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതി നിലവില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ശിക്ഷഅനുഭവിക്കുകയാണ്. ജയിലില്‍ നിന്നു തിരുവല്ല പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിചാരണയ്ക്കായി തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം തിരികെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേയ്ക്കു കൊണ്ടു പോകുന്നതിനിടെയാണ് സംഭവം.
സ്റ്റീഫനെയും മറ്റൊരു പ്രതിയെയും രണ്ടു പൊലിസുകാരുടെ അകമ്പടിയിലാണ് കോടതിയിലേയ്ക്കു കൊണ്ടു വന്നിരുന്നത്. തിരുവല്ല സ്‌റ്റേഷനില്‍ നിന്നും രണ്ടു പ്രതികളെയുമായി പൊലിസുകാര്‍ കേരള എക്‌സ്പ്രസിലാണ് കയറിയത്. ട്രെയിന്‍ തിരുവല്ല സ്‌റ്റേഷനിലെത്തിയപ്പോള്‍ ബാത്ത്‌റൂമില്‍ പോകണമെന്നു ആവശ്യപ്പെട്ട സ്റ്റീഫനെയുമായി സിവില്‍ പൊലിസ് ഓഫിസര്‍ എസ്.ദാസ് ബാത്ത്‌റൂമിലേയ്ക്കു പോയി. ഒരു കയ്യില്‍ വിലങ്ങുമായി ബാത്ത് റൂമില്‍ നിന്നു പുറത്തിറങ്ങിയ പ്രതി, പൊലിസുകാരനെ തള്ളിയിട്ട ശേഷം ഓടുന്ന ട്രെയിനില്‍ നിന്നു പുറത്തേയ്ക്കു എടുത്തു ചാടുകയായിരുന്നു. ഉടന്‍ തന്നെ റയില്‍വേ പൊലിസിലും തിരുവല്ല, ചങ്ങനാശേരി പൊലിസ് സ്റ്റേഷനുകളിലും വിവരം അറിയിച്ചെങ്കിലും പ്രതിയെ കണ്ടെത്താന്‍ സാധിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."