ജില്ലയില്‍ രണ്ട് സ്‌കില്‍ പാര്‍ക്കുകള്‍ അനുവദിക്കും: മന്ത്രി സി. രവീന്ദ്രനാഥ്
തൃശൂര്‍: വിഭ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന അസാപ്പ് പദ്ധതിക്കു കീഴില്‍ ജില്ലയില്‍ രണ്ടു സ്‌കില്‍ പാര്‍ക്കുകള്‍ അനുവദിക്കുമെന്നു വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പറഞ്ഞു.
കുടുംബശ്രീ ജില്ലാ മിഷന്‍ മുഖേന നടപ്പാക്കുന്ന ദീനദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജനയുടെ കീഴില്‍ യുവജന നൈപുണ്യ വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിശീലനാര്‍ഥികളുടേയും പൂര്‍വ വിദ്യാര്‍ഥികളുടേയും സംഗമം ആമ്പല്ലൂരിലുള്ള അളഗപ്പ നഗര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലയില്‍ ആരംഭിക്കുന്ന സ്‌കില്‍ പാര്‍ക്കുകളില്‍ ഒന്ന് ചേറൂരും മറ്റൊന്നു പുതുക്കാട് നിയോജക മണ്ഡലത്തിലുമായിരിക്കുമെന്നും നൈപുണ്യ വികസന രംഗത്ത് കുടുംബശ്രീയും വിദ്യാഭ്യാസ വകുപ്പും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കു ശരിയായ ഏകോപനം വേണമെന്നും പുതുതായി ആരംഭിക്കുന്ന സ്‌കില്‍ പാര്‍ക്കുകള്‍ അതിനു വഴിയൊരുക്കുമെന്നും മന്ത്രി പ്രത്യാശിച്ചു.
കുട്ടികളുടേയും യുവാക്കളുടേയും നൈസര്‍ഗിക കഴിവുകള്‍ കണ്ടെത്തി വളര്‍ത്തിയെടുക്കാന്‍ ഈരംഗത്തു നടപ്പാക്കുന്ന പരിശീലന പരിപാടികള്‍ക്ക് കഴിയണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ജെ. ഡിക്‌സണ്‍, അംഗം ജയന്തി സുരേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്തംഗം അലക്‌സ് ചുക്കിരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സനല്‍ മഞ്ഞളി, നന്ദിനി ദാസന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പി. അബ്ദുള്‍ മജീദ്, അസി. കോ ഓര്‍ഡിനേറ്റര്‍ പി.എം. ഹംസ, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കെ.വി. ദീപ പങ്കെടുത്തു.
നൈപുണ്യ വികസന പരിപാടിയില്‍ മികവുപുലര്‍ത്തിയ സിഡിഎസ്, പരിശീലന ഏജന്‍സി, വിദ്യാര്‍ഥികള്‍, ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍, തൊഴില്‍ദാതാവ് എന്നിവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു.
കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ചടങ്ങില്‍ നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."