രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ആത്മഹത്യക്ക് ശ്രമിച്ചെന്ന് അഭിഭാഷകന്‍
ആത്മഹത്യാ ഭീഷണി മാത്രമെന്ന് ജയിലധികൃതര്‍
വെല്ലൂര്‍: രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന നളിനി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചതായി അഭിഭാഷകന്‍ പുകഴേന്തി. തിങ്കളാഴ്ച രാത്രിയാണ് നളിനി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചത്.
സഹതടവുകാരിയുമായും നളിനിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നതായും ഇതിനുപിന്നാലെ അവര്‍ ആത്മഹത്യക്ക് ശ്രമിച്ചെന്നും അഭിഭാഷകന്‍ പറഞ്ഞു.
എന്നാല്‍ ഈ വാര്‍ത്ത ജയിലധികൃതര്‍ നിഷേധിച്ചു. നളിനി ആത്മഹത്യാ ഭീഷണി മുഴക്കുക മാത്രമാണ് ചെയ്തതെന്നും അവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും ജയിലധികൃതര്‍ പറഞ്ഞു. സഹതടവുകാരുടെ പരാതിയക്കുറിച്ച അന്വേഷണവുമായി നളിനി സഹകരിച്ചില്ലെന്നും പകരം ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നുവെന്നും തമിഴ്‌നാട് ജയില്‍ വകുപ്പ് മേധാവി ശ്രീകുമാമര്‍ സിങ് അറിയിച്ചു.
29 വര്‍ഷമായി നളിനി വെല്ലൂര്‍ വനിതാ ജയിലില്‍ കഴിയുകയാണ്. ആദ്യമായാണ് ഇത്തരം സംഭവമെന്നും സഹതടവുകാരിയുടെ പരാതിയെത്തുടര്‍ന്ന് ജയിലധികൃതര്‍ നളിനിയെ പീഡിപ്പിക്കുന്നതായും അഭിഭാഷകന്‍ ആരോപിച്ചു.
സംഭവമറിഞ്ഞ് കേസിലെ മറ്റ് പ്രതിയും നളിനിയുടെ ഭര്‍ത്താവുമായ മുരുകന്‍ നളിനിയുടെ ജയില്‍ മാറ്റണമെന്ന ആവശ്യവുമായി രംഗത്തെത്തി.
1991 മേയ് 21 നാണ് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. കേസില്‍ അറസ്റ്റിലായ നളിനിയടക്കം നാല് പ്രതികള്‍ക്ക് ടാഡ കോടതി വിധിച്ച വധശിക്ഷ 1999ല്‍ സുപ്രീം കോടതി ശരിവച്ചിരുന്നു. എന്നാല്‍ സ്ത്രീയായതിനാലും ചെറിയ കുട്ടി ഉള്ളതിനാലും നളിനിയുടെ വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധി രംഗത്തെത്തിയിരുന്നു.
പിന്നീട് നളിനിയുടെ ശിക്ഷ ജീവപര്യന്തമാക്കി ഇളവു ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."