ജില്ലയില്‍ രണ്ട് ഡിഫ്തീരിയ കേസുകള്‍കൂടി
മലപ്പുറം: ഇതര സംസ്ഥാനക്കാരനായ ഒരു കുട്ടിക്കുള്‍പ്പെടെ ജില്ലയില്‍ പുതിയ രണ്ടു ഡിഫ്തീരയ കേസുകള്‍കൂടി റിപ്പോര്‍ട്ട് ചെയ്തു. മേലാറ്റൂര്‍ ആരോഗ്യ ബ്ലോക്ക് പരിധിയില്‍ താമസിക്കുന്ന ആസാം സ്വദേശിയായ മൂന്നരവയസുകാരനും കരുവാരക്കുണ്ട് സ്വദേശിയായ 21കാരിക്കുമാണ് ഇന്നലെ ഡിഫ്തീരിയ സ്ഥിരീകരിച്ചത്.
ജനുവരി മുതല്‍ ഇതുവരെ ഡിഫ്തീരിയ രോഗ ലക്ഷണങ്ങളോടെ 18 പേരാണ് ചികിത്സ തേടിയിരുന്നത്. ഇതില്‍പ്പെട്ട രണ്ടു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രത്യേക പരിചരണത്തിലാണ്. ഡിഫ്തീരിയ സ്ഥിരീകരിച്ച രണ്ടു പേര്‍ക്കും പ്രതിരോധ കുത്തിവയ്പ് എടുത്തിരുന്നില്ലെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി 250 ഡിഫ്തീരിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇതില്‍ രണ്ടു പേര് മരിക്കുകയും ചെയ്തിരുന്നു.
ഡിഫ്തീരിയ സ്ഥീരികരിച്ചതോടെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിന് ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. രോഗം സ്ഥീരീകരിച്ചവരുടെ വീടിനു ചുറ്റുമുള്ള 100 വീടുകളില്‍നിന്നു വിവര ശേഖരണം നടത്തും. ഏഴിനും 17നുമിടയില്‍ പ്രായമുള്ള കുത്തിവയ്പെടുക്കാത്ത എല്ലാവര്ക്കും ടി.ഡി വാക്സിന് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരുമായി അടുത്ത ബന്ധമുള്ളവര്‍ക്ക് അടുത്ത ദിവസം വാക്സിന് ന്ല്കും. പ്രതിരോധ കുത്തിവയ്പ് വര്‍ധിപ്പിക്കുന്നതിനായി മിഷന് മുക്തി പദ്ധതിയുമായി ബന്ധപ്പെട്ട യോഗം നാളെ ഉച്ചയ്ക്കു രണ്ടിന് ഡി.എം.ഒയുടെ ചേംബറില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."