മണ്ഡലത്തില്‍ 1860 സര്‍വിസ് വോട്ടര്‍മാര്‍
കല്‍പ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിലെ സര്‍വിസ് വോട്ടര്‍മാര്‍ക്കുളള പോസ്റ്റല്‍ ബാലറ്റുകള്‍ ഇത്തവണ ഓണ്‍ലൈന്‍ വഴി. ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ വോട്ടിങ് സിസ്റ്റം (ഇ.ടി.പി.ബി.എസ്) വഴിയാണ് ഇവര്‍ക്കുളള പോസ്റ്റല്‍ ബാലറ്റുകള്‍ റിട്ടേണിങ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അയച്ചത്.
വിവിധ കേന്ദ്ര സുരക്ഷാ സേനകളിലും വിദേശ സര്‍വിസിലും ജോലി ചെയ്യുന്നവര്‍, സംസ്ഥാനത്തിന് പുറത്ത് സേവനമനുഷ്ഠിക്കുന്ന പോലിസ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ക്കാണ് സര്‍വീസ് വോട്ടുകള്‍ ചെയ്യാന്‍ അവസരം. വയനാട് ലോക്സഭാ മണ്ഡലത്തില്‍ ആകെ 1860 സര്‍വിസ് വോട്ടര്‍മാരാണുളളത്. മാനന്തവാടി (259), സുല്‍ത്താന്‍ ബത്തേരി (442), കല്‍പ്പറ്റ (269), തിരുവമ്പാടി (253), ഏറനാട് (141) ,നിലമ്പൂര്‍ (281), വണ്ടൂര്‍ (215) എന്നിങ്ങനെയാണ് നിയോജക മണ്ഡലടിസ്ഥാനത്തിലുളള സര്‍വിസ് വോട്ടര്‍മാരുടെ എണ്ണം.
ഇത്തവണയാണ് സര്‍വിസ് വോട്ടര്‍മാര്‍ക്ക് ഇ ബാലറ്റ് സംവിധാനം നിലവില്‍ വന്നത്. സര്‍വീസ് വോട്ടര്‍മാര്‍ സേവനം ചെയ്യുന്ന യൂനിറ്റ് മേധാവിക്കാണ് ഇവ ലഭിക്കുക. പ്രത്യേക യൂസര്‍ നെയ്മും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്താല്‍ യൂനിറ്റ് മേധാവിക്ക് യൂനിറ്റിനു കീഴിലുള്ള വോട്ടര്‍മാരുടെ വിശദാംശങ്ങള്‍ ലഭിക്കും.
ഓണ്‍ലൈനായി അയച്ച ബാലറ്റ് പേപ്പര്‍, സത്യപ്രസ്താവന, വോട്ട് ചെയ്ത ശേഷം തിരിച്ചയക്കുന്നതിനുള്ള കവര്‍ എന്നിവ ഡൗണ്‍ലോഡ് ചെയ്തെടുത്ത് ബന്ധപ്പെട്ടവര്‍ക്ക് വിതരണം ചെയ്യും. പതിവു പോലെ വോട്ട് ചെയ്ത ശേഷം ബാലറ്റുകള്‍ വോട്ടെണ്ണല്‍ ദിവസം രാവിലെ എട്ടിന് മുന്‍പായി വരണാധികാരിക്ക് ലഭിക്കും വിധം തിരികെ അയക്കണം. വൈകികിട്ടുന്ന ബാലറ്റുകള്‍ പരിഗണിക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."